തന്റെ സിനിമാ ജീവിതത്തിന്റെ 20 വർഷങ്ങൾ പൂർത്തിയായതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടി വിദ്യാ ബാലൻ. നീണ്ട സിനിമാ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. വിദ്യാ ബാലനും അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒന്നിച്ച സിനിമയാണ് 2009 ൽ പുറത്തിയറങ്ങിയ പാ. ഈ സിനിമയിൽ അമിതാഭ് ബച്ചന്റെ അമ്മയായാണ് വിദ്യ അഭിനയിച്ചതെന്നതാണ് അതിനെ വേറിട്ടു നിർത്തുന്നത്. വ്യത്യസ്തമായ ഈ റോൾ ഏറ്റെടുക്കുന്നതിനു മുൻപ് ഈ തീരുമാനത്തിനെതിരെ അവർക്ക് ശക്തമായ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്നും നടി പറയുന്നു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് വിദ്യ ആ അനിശ്ചിതത്വത്തിന്റെ നിമിഷത്തെക്കുറിച്ച് ഓർത്തെടുക്കുകയും പങ്കുവെക്കുകയും ചെയ്തത്.
ആർ ബൽക്കിയുടെ സിനിമയിലെ ആ കഥാപാത്രം ആദ്യം തനിക്ക് അതിശയമാണുണ്ടാക്കിയത്. അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിക്കാൻ ബൽക്കി തന്നെ സമീപിച്ചപ്പോൾ ആദ്യം അദ്ദേഹത്തിന് വട്ടാണെന്നാണ് തോന്നിയതെന്ന് വിദ്യ പറഞ്ഞു. അദ്ദേഹം പറഞ്ഞത്, ഞാനും അഭിഷേക് ബച്ചനും മിസ്റ്റർ ബച്ചന്റെ മാതാപിതാക്കളായി അഭിനയിക്കണമെന്നായിരുന്നു. ആദ്യം അത് വിചിത്രമായി തോന്നിയെങ്കിലും പിന്നീട് കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോഴാണ് കാര്യം മനസിലായത്. എന്നിലെ നടി 'ഇത് ചെയ്യൂ' എന്ന് പറഞ്ഞുകൊണ്ടേയിരുന്നുവെന്നും എന്നാൽ അതിൽ പേടിയുണ്ടായിരുന്നെന്നും നടി തുറന്നു സമ്മതിക്കുന്നു. അത് മാത്രമല്ല 'പാ'യിൽ ബിഗ് ബിയുടെ അമ്മയായി അഭിനയിക്കുന്നതിനെതിരെ ആളുകൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അവർ ഓർക്കുന്നു.
'പ്രായമായ ഒരു സ്ത്രീയായി അഭിനയിക്കുന്നത് എന്റെ കരിയർ നശിപ്പിക്കുമെന്ന് എല്ലാവരും മുന്നറിയിപ്പ് നൽകി. എന്നാൽ ഞാനെന്റെ എഴുത്തുകാരും പരസ്യസംവിധായകരുമായ സുഹൃത്തുക്കളെക്കൊണ്ട് അത് വായിപ്പിച്ചു. രണ്ടുപേരും ഞാനിത് ചെയ്യണമെന്ന് നിർബന്ധിച്ചു. അതോടെയാണ് ഞാൻ പുറത്തുനിന്നുള്ള മുന്നറിയിപ്പുകൾ കേൾക്കുന്നത് നിർത്തി സ്വയം കേൾക്കാൻ തുടങ്ങിയത്. എനിക്ക് തൃപ്തി നൽകാത്ത സിനിമകൾ ഞാൻ ഇതിനകം ചെയ്തിരുന്നു. അവ വിജയിച്ചെങ്കിലും ഞാനത് ആസ്വദിച്ചിരുന്നില്ല. ആ ഒരു അകൽച്ച ഇനിയൊരിക്കലും അനുഭവിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.' അവർ കൂട്ടിച്ചേർത്തു.
ആർ ബൽക്കി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഈ ഡ്രാമ ചിത്രത്തിൽ, പ്രൊഗേറിയ എന്ന അപൂർവ ജനിതക രോഗം ബാധിച്ച, വേഗത്തിൽ പ്രായം കൂടുന്ന ഓറോ എന്ന 12 വയസ്സുകാരനായാണ് അമിതാഭ് ബച്ചൻ അഭിനയിച്ചത്. യഥാർത്ഥ ജീവിതത്തിലെ വേഷങ്ങൾ നേരെ തിരിച്ചിട്ടുകൊണ്ട്, അഭിഷേക് ബച്ചൻ ഓറോയുടെ അച്ഛനായും വിദ്യാബാലൻ അമ്മയായും വേഷമിട്ടു. നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ ഈ ചിത്രം, മികച്ച നടനുള്ള ദേശീയ പുരസ്‌കാരം (അമിതാഭ് ബച്ചൻ), മികച്ച ഹിന്ദി ഫീച്ചർ ഫിലിം എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ നേടി.
കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി, മാധുരി ദീക്ഷിത് എന്നിവർക്കൊപ്പം 'ഭൂൽ ഭുലയ്യ 3'-യിലാണ് വിദ്യ അവസാനമായി അഭിനയിച്ചത്. ബോക്‌സ് ഓഫീസിൽ ഹിറ്റായ ഈ ചിത്രം ലോകമെമ്പാടുമായി 389 കോടി നേടി. തന്റെ അടുത്ത പ്രോജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരുടെ ആദ്യ ബോളിവുഡ് ചിത്രമായ 'പരിണീത' ഓഗസ്റ്റ് 29 മുതൽ ഒരാഴ്ചത്തേക്ക് ഇന്ത്യയിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: vidya balan reflects on 20 years in bollywood, including the challenges of playing amitabh bachchan`s mother in Paa.
Published: 31 Jul 2025, 04:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented