ലോകം കണ്ട ഏറ്റവും സുന്ദരൻമാരായ ഫുഡ്ബോൾ താരങ്ങളിലൊരാളായിരുന്നു ബ്രസീലിയൻ ഇതിഹാസതാരം റികാർഡോ കക്ക. അറ്റാക്കിങ് മിഡ് ഫീൽ‍ഡറായിരുന്ന കക്കയുടെ വേഗതയും ഗോൾ നേടുന്നതിനുള്ള പ്രാവീണ്യവുമെല്ലാം ലോകം മുഴുവൻ അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത്, 2005-ലാണ് തന്റെ ബാല്യകാലം തൊട്ടുള്ള പ്രണയിനിയായ കരോലിൻ സെലിക്കോയെ വിവാഹം ചെയ്യുന്നത്. സാവോ പോളോയിൽ വെച്ചായിരുന്നു വിവാഹം. രണ്ടു മക്കളും പിറന്നു ദമ്പതിമാർക്ക്. സ്വകാര്യജീവിതം മാധ്യമശ്രദ്ധയിൽ നിന്ന് അകറ്റി നിർത്താനായിരുന്നു കക്ക ആഗ്രഹിച്ചത്. 

To advertise here,

പല മികച്ച കായികതാരങ്ങളും വിവാദങ്ങളിലും ആഢംബര ജീവിതശൈലികളിലൂടെയുമെല്ലാം ചർച്ചയായപ്പോൾ കക്ക അറിയപ്പെട്ടത് വിനയത്തിന്റെയും അച്ചടക്കത്തിന്റെയും ബഹുമാനത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലായിരുന്നു.

ഏകദേശം പത്തുവർഷത്തോളം ഒന്നിച്ചുകഴിഞ്ഞശേഷം 2015-ൽ കക്കയും കരോലിനും പിരിഞ്ഞു (divorce). സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. വാർത്ത ശരിക്കും ആരാധകരെ ഞെട്ടിച്ചു. വിവാഹബന്ധംനിലനിർത്താൻ തന്നാലാവുന്നതെല്ലാം ചെയ്തുവെന്ന് കക്ക പിന്നീട് പറഞ്ഞിട്ടുണ്ട്. വേർപാട് തന്നെ ഉലച്ചുവെന്നും. ആരെങ്കിലും നിങ്ങളെ തിരഞ്ഞെടുക്കുന്നത് നിർത്തുകയാണെങ്കിൽ, നിങ്ങൾ വിട്ടുകൊടുക്കാൻ പഠിക്കണമെന്നും കക്ക പറഞ്ഞു. അതേസമയം പരസ്പര സമ്മതത്തോടെയായിരുന്നു വേർപിരിയൽ.  

വർഷങ്ങൾക്കുശേഷം, കരോലിൻ തങ്ങളുടെ വിവാഹമോചനത്തിന് പിന്നിലെ ഒരു കാരണം വെളിപ്പെടുത്തി. "കക്ക എന്നെ ഒരിക്കലും വഞ്ചിച്ചിട്ടില്ല, അദ്ദേഹം എന്നെ നന്നായി നടത്തി, എനിക്ക് നല്ലൊരു കുടുംബം നൽകി, പക്ഷെ ഞാൻ സന്തോഷവതിയായിരുന്നില്ല. എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നി. പ്രശ്നം അതായിരുന്നു, അദ്ദേഹം എല്ലാം തികഞ്ഞവനായിരുന്നു" എന്നായിരുന്നു അവർ പറഞ്ഞത്. 2017-ൽ കക്ക പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. അതിനു ശേഷം ബിസിനസിനും കുടുംബജീവിതത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കുമൊക്കെയാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. 

2019-ൽ, കക്ക ബ്രസീലിയൻ മോഡൽ കരോലിന ഡയസിനെ വിവാഹം ചെയ്തു. കരോലിൻ 2021-ൽ എഡ്വേർഡോ സ്കാർപ ജുലിയോയെയും വിവാഹം ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi