തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാന വേഷത്തിലെത്തുന്ന 'ജനനായകൻ' ജൂലൈ 23-ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇത്രയും കാലം വിജയുടെ അഭിനയ ജീവിതത്തിലെ അവസാനത്തെ സിനിമയായിരിക്കും ഇതെന്നാണ് ആരാധകരും ചലച്ചിത്ര ലോകവും കരുതിയിരുന്നത്. നേരത്തെ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ എന്റെ അവസാന ചിത്രം വേദനാജനകമാണെന്ന് വിജയ് തന്നെ പങ്കുവെച്ച വാക്കുകൾ ആരാധകരെ ഏറെ സങ്കടത്തിലാക്കിയിരുന്നു.

To advertise here,

"ഇത് പറയണമോ എന്ന് എനിക്കറിയില്ല, പക്ഷെ എന്റെ അവസാന ചിത്രം എന്നത് അല്പം വേദനാജനകമായ കാര്യമാണ്, അല്ലേ? ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾ പറയൂ?" വിജയ് പറഞ്ഞു. അതോടെ വിജയ് സിനിമ പൂർണ്ണമായും ഉപപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ ആരാധകർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.

തുടർന്നും അഭിനയിക്കുമോ?

'ജനനായകൻ' സിനിമയുടെ സംവിധായകനായ എച്ച്. വിനോദ് ‘സിനിമാ വികടന്’ നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ തമിഴകത്ത് വലിയ ചർച്ചയാകുന്നത്. "ഇത് അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയാണോ എന്ന് ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല. വേണമെങ്കിൽ ഇത് 'സി.എം വിജയ് സാറിന്റെ ആദ്യ ചിത്രം' എന്ന് പറയാം," വിനോദ് പറഞ്ഞു.

"ഈ സിനിമ വെറുമൊരു കൊമേഴ്‌ഷ്യൽ എന്റർടെയ്‌നറല്ല. വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ സിനിമയാണിത്. വിജയ് സാറിനെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടിയല്ല ഇത് നിർമ്മിച്ചിരിക്കുന്നത്. വളരെ സംവേദനക്ഷമമായ രാഷ്ട്രീയമാണ് ചിത്രം സംസാരിക്കുന്നത്."

ആരാധകർ ആവേശത്തിൽ

ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ സംവിധായകന്റെ ഈ വാക്കുകൾ വിജയ് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സിനിമയിലെ ആഴത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കൊപ്പം, തങ്ങളുടെ പ്രിയ താരം വെള്ളിത്തിരയിൽ വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi