“ആൺകുട്ടികളിൽ നിന്ന് എനിക്കെന്തോ വ്യത്യാസമുണ്ടെന്ന് ചെറുപ്പത്തിലേ മനസ്സിലാക്കിരുന്നു. മനസ്സും ശരീരവും ചേരാത്തപോലെ. ‘നീയെന്താ പെണ്ണിനെപ്പോലെ സംസാരിക്കുന്നത്?’ ആൺപിള്ളേർ കളിയാക്കും. പെൺകോന്തനെന്ന് വിളിച്ചവരുണ്ട്.  എന്തുകാരണത്താലാണ് ഞാനിങ്ങനെയെന്ന് തിരിച്ചറിഞ്ഞപ്പോൾ എല്ലാവരിൽ നിന്നും ഒളിക്കാൻ ശ്രമിച്ചു”- പറയുന്നത് ട്രാൻസ്ജെൻഡർ മോഡലും നടിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ദീപാറാണിയാണ്. രാജ്യത്തെ ആദ്യ ട്രാൻസ് പ്രെഗ്നൻസിയിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ട്രാൻസ് ദമ്പതിമാരിലെ സിയ പവലിന്റെ കമ്യൂണിറ്റി മദർ കൂടിയായ ദീപാറാണി മനസ്സുതുറക്കുന്നു.

അവർ ഒരിക്കലുമെന്നെ വഴക്കുപറഞ്ഞിട്ടില്ല. സമൂഹത്തെ പേടിക്കേണ്ടേ! സഹോദരങ്ങളുടെ ഭാവി നോക്കേണ്ടേ! തുടങ്ങിയ ചോദ്യങ്ങൾ നേരിട്ടു, പക്ഷേ, അതൊക്കെ അവരെനിക്ക് സമാധാനത്തിൽ പറഞ്ഞുതന്നിട്ടേയുള്ളൂ. അമ്മയ്ക്ക് വിഷമമുണ്ട്. സഹോദരങ്ങളും അമ്മയുമൊക്കെയായി നല്ല ബന്ധത്തിലാണ് ഞാനിപ്പോഴും. പിന്നെ എന്റെ സ്ത്രീരൂപത്തെ നാട്ടുകാർ അറിഞ്ഞുതുടങ്ങിയത് ഈയടുത്താണ്. എന്റെ വൈറലായ അഭിമുഖങ്ങൾ കാണാറുണ്ടെങ്കിലും അത് ഞാനാണെന്ന് മുമ്പ് അവർക്ക് മനസ്സിലായിരുന്നില്ല. ഞാൻ പ്ലാസ്റ്റിക് സർജറിയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറച്ചൊക്കെ തിരിച്ചറിയുന്നുണ്ടാവും. ഇല്ല. ട്രാൻസ് ആയതുകൊണ്ടാണ് എനിക്ക് ഈ നേട്ടങ്ങളെല്ലാം ഉണ്ടായത്. സ്കൂളിൽ ടീച്ചർ ചോദിക്കുമ്പോൾ അധ്യാപകനാകണമെന്നായിരുന്നു ഞാൻ പറയാറ്. ട്രാൻസ് അല്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ഒരു അധ്യാപകനായേനെ. സിനിമയിൽ അഭിനയിക്കില്ലായിരുന്നു. ഇപ്പോൾ വെബ്സീരീസ്, സിനിമ, മോഡലിങ്, ഇന്റർവ്യൂ അങ്ങനെയെല്ലാം ചെയ്യാൻ പറ്റുന്നുണ്ട്. ആളുകൾ തിരിച്ചറിയുന്നു. അതിലൊക്കെ വലിയ സന്തോഷം.   

placeholder
അങ്ങനെ പലരും ചോദിക്കാറുണ്ട്. പക്ഷേ, സർജറിയും ഹോർമോൺ ചികിത്സയും ചെയ്താലേ ഒരു ഫെമിനിൻ ലുക്ക് വരികയുള്ളൂ. ഞാൻ ശസ്ത്രക്രിയയിലേക്ക് പോയതിന്റെ കാരണം അതാണ്. എനിക്കിത്രയും സ്ത്രൈണത വന്നത്  സർജറി ചെയ്തതുകൊണ്ടാണ്. മീശയും താടിയുമൊക്കെ ഉണ്ടായിരുന്നയാളാണ് ഞാൻ. ഇപ്പോഴതില്ല. ചർമം മൃദുലമായി. മറ്റുള്ളവരുടെ കളിയാക്കലും കുറച്ചൊക്കെ കുറയും.  അതിലെല്ലാം ഉപരി നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത സാധനങ്ങൾ വളർന്നാൽ അതൊഴിവാക്കാൻ നമ്മൾ ശ്രമിക്കില്ലേ! നഖവും മുടിയുമൊക്കെപ്പോലെ. മനസ്സിനിണങ്ങിയ പോലെ സ്ത്രീയായി ജീവിക്കുമ്പോൾ പുരുഷലൈംഗിക അവയവം ബാധ്യതയാണ്.  ട്രാൻസ് കമ്യൂണിറ്റിയിലുള്ളവർ സർജറി ചെയ്തുതുടങ്ങുന്ന കാലത്ത് ഇപ്പോഴത്തെപ്പോലെ അറിവ് കുറവായിരുന്നു. ഇന്ന് സർജറി ചെയ്തൊരാളോട് കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കാം. അനുഭവങ്ങൾ കേട്ട് വിലയിരുത്തി നല്ല ആശുപത്രികൾ തിരഞ്ഞുപിടിക്കാം. എന്റെ സ്ഥിതി അതായിരുന്നില്ല. ഗൈഡ് ചെയ്യാൻ ആരുമില്ലായിരുന്നു. കോഴിക്കോട് ശസ്ത്രക്രിയ ചെയ്ത ആദ്യട്രാൻസ് വ്യക്തികളിൽ ഒരാളായിരിക്കും ഞാൻ. എന്റെ ശസ്ത്രക്രിയ പരാജയമായിരുന്നു. മരണവേദനയാണ് സർജറി തന്നത്. ജീവിതത്തിലേറ്റവും വേദന തിന്ന ദിവസങ്ങൾ. ഒരുകൊല്ലത്തോളം കിടപ്പിലായി. സർജറി കഴിഞ്ഞുള്ള 15 ദിവസം ആശുപത്രിയിൽ കിടന്നതോർക്കുമ്പോൾ ഇപ്പോഴും കരച്ചിൽവരും. സാമ്പത്തികനഷ്ടവുമുണ്ടായി.  സർജറിക്ക് ശേഷമുള്ള ദുരിതങ്ങളെക്കുറിച്ചൊന്നും അധികമാളുകളും പറയില്ല. പ്രശ്നങ്ങൾ എന്താണ്, ലൈംഗികമായി സംതൃപ്തിയുണ്ടോ, ഫിറ്റാണോ തുടങ്ങിയ കാര്യങ്ങൾ. കുറവുകൾ മറ്റുള്ളവർ മനസ്സിലാക്കുമെന്ന തോന്നലാവാം കാരണം. സർജറി ഒരിക്കലും എളുപ്പമല്ല. ഞാനെപ്പോഴും അതിനെക്കുറിച്ച് തുറന്നു സംസാരിക്കാറുണ്ട്. നമുക്ക് ഒറ്റജീവിതമേയുള്ളൂ. അത് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനാണ് ശസ്ത്രക്രിയയെ ആശ്രയിക്കുന്നത്. ഒറ്റത്തവണയേ അത് ചെയ്യാനാവൂ. എല്ലാ വശങ്ങളും ചിന്തിച്ചും മനസ്സിലാക്കിയും വേണം അതിനു മുതിരാൻ. മൂന്നുതരം സർജറിയുണ്ട്. അതിൽ ഏതുവേണം, നല്ല ആശുപത്രി തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞുവെക്കണം. ഭവിഷ്യത്ത് എന്താവുമെന്നും. മാനസികമായി തയ്യാറെടുക്കണം.  സർജറി ചെയ്യാൻ പോവുന്ന വ്യക്തിയാണെങ്കിൽ ആറുമാസം അല്ലെങ്കിൽ ഒരുവർഷം മുമ്പ് ഹോർമോൺ ചികിത്സ തുടങ്ങണം. സർജറി കഴിഞ്ഞും 45-50 വയസ്സുവരെ മരുന്നു കഴിക്കേണ്ടിവരും. വിലകൂടിയ മരുന്നുകളാണവ. സാമ്പത്തികമായി ഞങ്ങൾ വലിയ ബുദ്ധിമുട്ടിലാവുകയാണ് അപ്പോൾ. പലരും പറയും അവർക്ക് സെക്സ് വർക്ക് ചെയ്ത് ജീവിച്ചുകൂടെ പണമുണ്ടാക്കിക്കൂടേ എന്നൊക്കെ. പക്ഷേ, ബുദ്ധിമുട്ട് ഞങ്ങൾക്കേ അറിയൂ.  

തലമറയ്ക്കുന്ന വേഷത്തിനു പിന്നിലെന്താണ്?

ഞാനിപ്പോൾ സാധാരണക്കാരായ സ്ത്രീകളെപ്പോലെയാണ് ജീവിക്കുന്നത്. എനിക്ക് കുറച്ച് കവേഡ് ആയിട്ടുള്ള വേഷം വേണം. ഷൂട്ടിന് വേണ്ടി എല്ലാത്തരം വേഷവും ഇടുമെങ്കിലും ദൈനംദിന ജീവിതത്തിൽ ഈ വേഷമാണ് സൗകര്യം. ചില വസ്ത്രങ്ങളും വേഷങ്ങളുമിടുമ്പോൾ കുറേയാളുകൾ നോക്കും, കമന്റ് പറയും. അതിനൊരു അവസരം കൊടുക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കും. പിന്നെ, വേഷം കണ്ട് ഞാൻ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. മാറുമറച്ചില്ലെന്ന് പറഞ്ഞ് തെറിവിളി കിട്ടാറുണ്ട്. അത് ഗൗനിക്കാറില്ല. അമ്പലത്തിലൊക്കെ പോവാറുണ്ട്.  

'ആത്മഹത്യ ചെയ്യാൻ നാടുവിട്ടയാളാണ് ഞാൻ' 
എനിക്കൊരു കുടുംബവുമായി മുന്നോട്ടുപോവാനാവില്ലെന്ന് അമ്മയോടു ഞാൻ മുമ്പേ പറഞ്ഞിരുന്നു. ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിന് സാധിക്കില്ല. അമ്മയ്ക്കൊന്നും അതിനെക്കുറിച്ച് പറഞ്ഞാൽ മനസ്സിലാവില്ലായിരുന്നു. അതുകൊണ്ട് അതൊക്കെ മാറിക്കൊള്ളും എന്നാണവർ പറഞ്ഞത്. പുരുഷനോട് ആകർഷണം തോന്നുന്നുവെന്ന് തുറന്നുപറയാനും എനിക്ക് ധൈര്യമില്ലായിരുന്നു. ആർക്കും എന്നെ മനസ്സിലാവുന്നില്ല. സമ്മർദ്ദങ്ങൾ താങ്ങാനാവാതായപ്പോൾ മരിച്ചുകളയാൻ തീരുമാനിച്ചതാണ്. എനിക്കന്ന് 22 വയസ്സൊക്കെ പ്രായം വരും. വീട്ടിൽ നിൽക്കാനാവാത്ത അവസ്ഥ വന്നപ്പോൾ   ആത്മഹത്യ ചെയ്യാൻ വേണ്ടി ഞാൻ വീടുവിട്ടിറങ്ങി. നാടായ പത്തനംതിട്ടയിൽ നിന്ന് കോഴിക്കോടേക്ക് വണ്ടികയറി. അവിടെയൊരു മുറി വാടകയ്ക്കെടുത്തു. രാത്രിയിൽ ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. തൊട്ടടുത്ത മുറിയിൽ സ്വവർഗാനുരാഗികളായ രണ്ട് പുരുഷന്മാരായിരുന്നു താമസം. അവരെന്നോട് അടുപ്പം കാണിച്ചപ്പോൾ അവരോട് ഞാനും തുറന്നുസംസാരിച്ചു. നമ്മളെപ്പോലെ ജീവിക്കുന്ന ഒരുപാടു പേരുണ്ടെന്ന് പറഞ്ഞുതന്ന് മരണത്തിൽ നിന്ന് പിന്തിരിപ്പിച്ചത് അവരാണ്. എനിക്കത് വലിയ ധൈര്യമായിരുന്നു. പതിയെ ഞാൻ കോഴിക്കോട് പിടിച്ചുനിൽക്കാൻ നോക്കി. സ്വത്വം വെളിപ്പെടുത്താതെ തന്നെ ഫോക്കസ് മാളിലെ എംഗ്രില്‍ ഹോട്ടലില്‍ ജോലിക്കുകയറി. അക്കൗണ്ട്സിൽ. എനിക്ക് രണ്ടാംജീവിതം തന്നത് കോഴിക്കോടാണ്.

'അന്നും ഞാൻ പൂർണമായും സ്ത്രീയായിട്ടില്ല' 
നാലുകൊല്ലം അവിടെ ജോലിചെയ്തു. അതിനിടെ  ട്രാൻസ് കമ്യൂണിറ്റിയിലുള്ളവരുമായി കുറേ ബന്ധങ്ങളായി. അന്നും ഞാൻ വീട്ടിലൊക്കെ പോവുമായിരുന്നു. പൂർണമായും സ്ത്രീ ആയിട്ടില്ല. നാലര വർഷംകൊണ്ട് കമ്മ്യൂണിറ്റിയും കുറേക്കൂടെ സജീവമായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആൺരൂപത്തിൽ എനിക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലായി. അതോടെ ജോലി രാജിവെച്ച് ഞാൻ സർജറിയിലേക്ക് പോവുകയായിരുന്നു.

തൊഴിലിടത്തുനിന്ന് പ്രശ്നങ്ങൾ നേരിട്ടോ?  
ഒരിക്കലുമില്ല. അവിടെയുള്ളവർക്കെല്ലാം എന്നെ മനസ്സിലായിരുന്നു. രാജിവെക്കുന്നതിന് ഒരുകൊല്ലം മുമ്പേ ഞാൻ ഹോർമോൺ ട്രീറ്റ്മെന്റ് തുടങ്ങി. അപ്പോൾ എന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളൊക്കെ സഹപ്രവർത്തകർ ശ്രദ്ധിച്ചിരിക്കണം. അതെനിക്ക് പിന്നീടാണ് മനസ്സിലായത്. പക്ഷേ അവരെന്നെ ഉപദ്രവിച്ചിട്ടേയില്ല. ചിലർ പരസ്പരം പറയുന്നതൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ, എന്നോട് നേരിട്ട് ഒന്നും ചോദിച്ചിട്ടില്ല.

ജീവിതം എങ്ങനെയുണ്ട് ഇപ്പോൾ?
കുട്ടിക്കാലത്തെ ഓർമകളിലേക്ക് പോവാതിരിക്കാന് ശ്രമിക്കുന്നയാളാണ് ഞാൻ. വളരെ ദുരിതമുള്ള കാലമായിരുന്നു അത്. കുടുംബത്തിൽ അച്ഛന്റെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ. സാമ്പത്തികപ്രശ്നങ്ങൾ. നല്ലൊരു വസ്ത്രം പോലും ഇടാനില്ലാത്ത അവസ്ഥ. പക്ഷേ, ഇപ്പോഴത്തെ ജീവിതം മെച്ചപ്പെട്ടതും സന്തോഷമുള്ളതുമാണ്. ഒരുപാട് യാത്രകൾ ചെയ്യണം. സ്ഥലങ്ങൾ കാണണം. അറിയാത്ത കുറേ കാര്യങ്ങൾ അറിഞ്ഞ് ഈ ലോകം വിട്ടുപോവുക. ഞാനങ്ങനെയാണ് കരുതുന്നത്. 

placeholder
സഹദിനും സിയയ്ക്കുമൊപ്പം ദീപാറാണി

എനിക്ക് രണ്ട് മക്കളാണുള്ളത്. സിയ പവലും ആമിയും. സിയയുടെ ഭർത്താവ് സഹദും  മോനെപ്പോലെത്തന്നെ. സിയ വീടുവിട്ടിറങ്ങി ഷെൽറ്റർ ഹോമിൽ താമസിക്കുമ്പോഴാണ് ഞാനാദ്യം കാണുന്നത്. ഒരു ഷൂട്ടിനുവേണ്ടി അവിടെച്ചെന്നതായിരുന്നു ഞാൻ. മൂന്നുമാസം കഴിഞ്ഞാൽ ഷെൽറ്റർ ഹോമിൽ നിന്നിറങ്ങണമെന്നും പോവാൻ ഇടമില്ലെന്നും അവളെന്നോട് പറഞ്ഞു. അപ്പോള് ഞാൻ എന്റെ കൂടെക്കൂട്ടി. അവളെ ഏറ്റെടുക്കുമ്പോൾ ഞാൻ ചില ഉപാധികൾ വെച്ചു. ഒരിക്കലും സെക്സ് വർക്കിന് പോകരുത്. കള്ളത്തരം, ചതി, വഞ്ചന പാടില്ല. ആത്മാർഥമായി കൂടെ നിൽക്കണം. ഒരാളെയെങ്കിലും സെക്സ് വർക്കിലേക്ക് പോകാതെ രക്ഷപ്പെടുത്താൻ സാധിക്കുമല്ലോ എന്നേ ഞാൻ ചിന്തിച്ചുള്ളൂ. രണ്ടരക്കൊല്ലം അവളെന്റെയൊപ്പം കഴിഞ്ഞു. പ്ലസ്ടു പഠനവും നൃത്തപഠനവുമെല്ലാം എന്റെയൊപ്പം നിന്നായിരുന്നു. കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ ഞാനവളെ വളർത്തി. നല്ലൊരു കലാകാരിയാണവൾ. അന്ന് സിയയെ ഞാൻ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ ഇന്നവൾ ചിലപ്പോൾ സെക്സ് വർക്കിലേക്ക് പോവേണ്ടിവന്നേനെ. ഇന്നീ പൊസിഷനിൽ എത്താനുമാവില്ലായിരുന്നു. ഇങ്ങനെയുള്ള കുട്ടികളെ കൂടുതൽ പേർ ഏറ്റെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.  രാഗരഞ്ജിനിയാണ് എന്റെ കമ്മ്യൂണിറ്റി മദർ. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലായ സമയത്ത് ഒരുപാട് പേർ സാമ്പത്തികമായും മാനസികമായും സപ്പോർട്ട് ചെയ്തു. എല്ലാ കമ്മ്യൂണിറ്റിയിലുള്ളവരുടെയും സഹായത്തോടെയാണ് ഞാൻ ആ വേദനകളെ തരണം ചെയ്തത്. അന്നേറ്റവുമധികം എന്നെ സംരക്ഷിച്ച രാഗരഞ്ജിനിയാണ് എന്റെ അമ്മ. അവരെനിക്ക് നല്ലൊരു മമ്മിയാണ്. അതുപോലെ മോഡലിങ് രംഗത്തേക്കും മേക്കപ്പ് ഇൻഡസ്ട്രിയിലേക്കും വരാൻ എനിക്ക് അവസരം തന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ആണ്. അവരും എനിക്ക് അമ്മയാണ്. അങ്ങനെ മൂന്ന് അമ്മമാർ. 

placeholder
അകാലത്തിൽ പൊഴിഞ്ഞുപോകുന്ന ട്രാൻസ് വിഭാഗത്തിൽ പെട്ട കുട്ടികളെ ഓർക്കുമ്പോൾ വിഷമം തോന്നും. ലോകത്തിനെക്കുറിച്ച് ഇനിയുമേറെ അറിയാൻ ബാക്കിവെച്ചിട്ടല്ലേ അവരൊക്കെ മരിച്ചുപോകുന്നത്. എത്രകാലം ജീവിക്കേണ്ടവരാണവരായിരുന്നു അവർ.  ഞാനൊരു വിവാഹം ചെയ്യില്ല. ഇനിയൊരാളെ പ്രേമിക്കുകയുമില്ല. ദുരനുഭവങ്ങളിൽ ജീവിതത്തിന്റെ വലിയൊരു ഭാഗം തീർന്നു. സന്തോഷത്തോടെ ബാക്കി ജീവിതം ജീവിച്ച് തുടങ്ങുന്നേയുള്ളൂ. ഒരുപാട് ആസ്വദിക്കാനും ജീവിക്കാനുമുള്ളപ്പോൾ വെറുതേ പ്രശ്നങ്ങളിൽ ചെന്നു ചാടണ്ടല്ലോ! വിവാഹം, ഡിവോഴ്സ്. കമ്മ്യൂണിറ്റിക്കുള്ളിൽ തന്നെ നോക്കൂ. കുറച്ചുകാലമേ വിവാഹബന്ധങ്ങൾക്ക് ആയുസ്സുള്ളൂ. നമുക്ക് സ്നേഹിക്കാം, പ്രണയിക്കാം, പക്ഷേ. അതൊരു സീരിയസ് തലത്തിലേക്ക് കൊണ്ടുപോവാൻ താത്പര്യമില്ല.  ഞാനൊരാളെ ആത്മാർഥമായി സ്നേഹിച്ചിരുന്നു. അഞ്ചുകൊല്ലം. പക്ഷേ, ഞാൻ ചതിക്കപ്പെട്ടു. ഒരുപാട് നല്ല ഓർമകൾ തന്നിട്ടുണ്ട് അദ്ദേഹം. എന്റെ അടുത്തുനിന്ന് പോയപ്പോഴാണ് ചതിച്ചെന്ന് മനസ്സിലായത്. കൂടെനിന്നിട്ടും അറിഞ്ഞിരുന്നില്ല. ആശുപത്രിയിലായിരുന്നപ്പോഴെല്ലാം ഒപ്പംനിന്ന് കെയർ ചെയ്തിരുന്ന ആളാണ്. വിഷമഘട്ടത്തിൽ കൂട്ടിരുന്നവരെ ഒരിക്കലും മറക്കാനാവില്ല. ഇപ്പോഴും എന്റെ മുറിയിൽ അവന്റെ ചിത്രങ്ങളുണ്ട്. ആദ്യമായിട്ട് ഞാനൊരാളെ സ്നേഹിച്ചതാണ്. മരിക്കുംവരെ ആ പ്രണയം എനിക്കൊപ്പമുണ്ടാകും. സർജറി ചെയ്താൽ ജീവിതത്തിൽ നിന്ന് പത്തുകൊല്ലം കുറയുമെന്നാണ് പറയുക. അതുകൊണ്ട് ഇനിയുള്ള എന്റെ സമയത്തിന് അത്രയും മൂല്യമുണ്ട്. കളയാനാവില്ല.

placeholder
പലതരം സെക്ഷ്വാലിറ്റി അറിയാത്തവരുണ്ട്. ആൺ, പെൺ, ഗേ, ലെസ്ബിയൻ, ട്രാൻസ് ഇതൊക്കെ കൂടുതൽ പേർക്കും അറിയാം. പക്ഷേ, ആയിരത്തിൽ പരം സെക്ഷ്വാലിറ്റി ഈ ലോകത്തുണ്ട്. അതിനെക്കുറിച്ചൊക്കെ അറിയാൻ ശ്രമിക്കണം. എങ്കിലേ അത്തരക്കാരെ അംഗീകരിക്കാൻ മനസ്സുവരൂ. നിയമപാലകരിലാണ് ഏറ്റവുമധികം അവബോധം വേണ്ടതെന്ന് തോന്നാറുണ്ട്. നമ്മളെപ്പോലുള്ളവർ പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ അബ്യൂസ് ഉണ്ടാവുന്നത് തലപ്പത്തിരിക്കുന്ന പലർക്കും ബോധമില്ലാത്തതുകൊണ്ടാണ്.  സ്വന്തമായിട്ടൊരു വീട് അംപീഷനാണ്. ഫോട്ടോഷൂട്ടും മോഡലിങ്ങുമൊക്കെയായി എല്ലാത്തിനും നമുക്കൊരു പരിധിയുണ്ട്. ഇപ്പോൾ കാണാൻ ഭംഗിയുണ്ട്, അത് വെച്ചിട്ടായിരിക്കും പലരും ഷൂട്ടിനൊക്കെ വിളിക്കുക. അവസാനകാലത്ത് എവിടെ കിടക്കും എവിടെ ജീവിക്കും എന്നതൊക്കെ ഇപ്പോൾ തന്നെ ചിന്തിക്കണം. ശരിക്കും ഞാനിപ്പോൾ ജീവിക്കുന്നത് 2033-ലാണ്. പത്തുവർഷം കഴിഞ്ഞാൽ എങ്ങനെയായിരിക്കണം എന്ന് മനസ്സിൽ കണ്ടാണ് മുന്നോട്ടുപോവുന്നത്. ഇപ്പോൾ കിട്ടുന്ന വരുമാനം എന്നുമുണ്ടാവില്ല. സമ്പാദ്യം വേണം.  ട്രാൻസ് വിഭാഗത്തിലുള്ളവർ എല്ലാകാലവും ഉണ്ടായിരുന്നു. പക്ഷേ, വീട്ടിലൊതുങ്ങി നിന്നതിനാലും പുറം ലോകത്തേക്ക് വരാത്തതിനാലും അധികമാരും അറിഞ്ഞില്ലെന്നുമാത്രം. ഇപ്പോഴാണ് ആളുകൾ പുറത്തേക്കുവരുന്നത്. സർജറിയൊക്കെ ചെയ്ത് കുറച്ചുകാലമെങ്കിൽ കുറച്ചുകാലം നന്നായി ജീവിക്കാൻ നോക്കുന്നത്. പ്രായമുള്ളവരൊന്നും അതിലില്ല. പക്ഷേ, അങ്ങനത്തെ ആളുകൾ നമുക്കിടയിലെല്ലാമുണ്ടുതാനും. ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ള നമ്മുടെ അമ്മമാരും അച്ഛൻമാരും പ്രായമാകുമ്പോൾ എന്താവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അവർക്കു രോഗങ്ങൾ വരാം. അവരെ പാർട്നർമാർ ഉപേക്ഷിക്കാം. ഒറ്റയ്ക്കായിപ്പോവാം. ഞാനും അതിലൊരാളാവാം. അതുകൊണ്ട് അവർക്കുവേണ്ടി ഒരു ഒൾഡേജ് ഹോം പണിയണമെന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം.