റിലീസ് ദിനത്തിൽ തന്നെ ബോക്സോഫീസിൽ നൂറു കോടിയുടെ കളക്ഷൻ നേടി യഷിന്റെ ടോക്സിക് (toxic a fairy tale for grown-ups). ഷാറൂഖ് ഖാന്റെ ജവാൻ (2023), രൺവീർ സിംഗിന്റെ ധുരന്ധർ (2025) എന്നിവയെ പിന്തള്ളിക്കൊണ്ടാണ് നേട്ടം. അതേസമയം, ഇന്ത്യയിലെ നെറ്റ് കളക്ഷനിലും ആഗോള ഗ്രോസിലും യഷിന്റെ 2022 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'കെ.ജി.എഫ്: ചാപ്റ്റർ 2'-വിനെ മറികടക്കാൻ ചിത്രത്തിനായില്ല. 

To advertise here,

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം വലിയ പ്രതീക്ഷകളോടെ ആഗസ്റ്റ് 26-നാണ് റിലീസ് ചെയ്തത്. ആദ്യദിനം 140.75 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്.

വ്യാപാര വെബ്‌സൈറ്റായ Sacnilk കണക്കുപ്രകാരം, ടോക്സിക് ഇന്ത്യയിൽ നിന്ന് 120.75 കോടി രൂപയും വിദേശത്ത് നിന്ന് 20 കോടി രൂപയുമാണ് നേടിയത്. 24,579 ഷോകളിലായിട്ടായിരുന്നു ഇത്.  ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ 101.10 കോടി രൂപയാണ്. ആഗോള ഗ്രോസ് കളക്ഷന്റെ കാര്യത്തിൽ ചിത്രം ആദിപുരുഷ്, ജവാൻ എന്നീ ചിത്രങ്ങളെ മറികടന്നെങ്കിലും ദേവര, സലാർ, കെ.ജി.എഫ് 2, കൽകി, ബാഹുബലി 2, ആർ.ആർ.ആർ, ധുരന്ധർ 2, പുഷ്പ 2 എന്നിവയ്ക്ക് പിന്നിലാണ്.

കർണാടകയിൽ നിന്നാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് (30.50 കോടി രൂപ). ആന്ധ്രാപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുംകൂടി 18.50 കോടി രൂപ. തമിഴ്‌നാട്ടിൽ നിന്ന് 6.75 കോടി രൂപയും കേരളത്തിൽ നിന്ന് 2.25 കോടി രൂപയും കിട്ടി. 

റിലീസിന് മുന്നേ തന്നെ അഡ്വാൻസ് ബുക്കിംഗിലും ചിത്രം കരുത്ത് കാണിച്ചു. ആദ്യദിനത്തിലേക്കായി 1 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. ബ്ലോക്ക് സീറ്റുകൾ ഒഴിവാക്കിയുള്ള ഇന്ത്യയിലെ അഡ്വാൻസ് സെയിൽസ് 58.27 കോടി രൂപ കവിഞ്ഞു. ബ്ലോക്ക് സീറ്റുകൾ ഉൾപ്പെടെ ഇന്ത്യയിലെ മൊത്തം അഡ്വാൻസ് ബുക്കിംഗ് 73.43 കോടി രൂപയാണ്, അതേസമയം ആഗോളതലത്തിലുള്ള മുൻകൂട്ടിയുള്ള ടിക്കറ്റ് വിൽപ്പന ഏകദേശം 85 കോടി രൂപ വരും. വിദേശത്തും, പ്രത്യേകിച്ച് യു.എസ് വിപണിയിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi