മേലേപ്പറമ്പിൽ ആൺവീടിലെ ബ്രോക്കർ പരമശിവം, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡിലെ കുഞ്ചു, അനിയൻ ബാവ ചേട്ടൻ ബാവയിലെ കൊടക്കമ്പി, ആദ്യത്തെ കൺമണിയിലെ നാരായണൻകുട്ടി, സ്വപ്നലോകത്തെ ബാലഭാസ്‌കരനിലെ കുഞ്ഞുണ്ണി, സത്യഭാമയ്‌ക്കൊരു പ്രേമലേഖനത്തിലെ മന്ത്രവാദി പുരുഷോത്തമൻ, കഥാനായകനിലെ ശ്രീധരൻ, കൊട്ടാരം വീട്ടിൽ അപ്പൂട്ടനിലെ ബ്രോക്കർ രാമൻകുട്ടി, മധുചന്ദ്രലേഖയിലെ ലൂക്കോസ്...രാജസേനൻ ചിത്രങ്ങളിലെ ഇന്ദ്രൻസ് കഥാപാത്രങ്ങൾ ഇവിടെത്തീരുന്നില്ല.

പല മുഖങ്ങളിലും രൂപങ്ങളിലുമായി തമാശയ്ക്ക് പുതുതാളം നൽകിയ പ്രകടനങ്ങളായിരുന്നു അവയെല്ലാം. ഇന്ദ്രൻസിനെ താരപദവിയിലേക്ക് കൈപിടിച്ച് നടത്തിയ വേഷങ്ങൾ. 1992-ൽ രാജസേനൻ സംവിധാനം ചെയ്ത 'അയലത്തെ അദ്ദേഹം' മുതൽ 2023-ൽ റിലീസായ 'ഞാനും പിന്നൊരു ഞാനും' വരെ, അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും നിറസാന്നിധ്യമായിരുന്നു ഇന്ദ്രൻസ്. തിരക്കഥയുടെ താളുകളിൽ അദ്ദേഹത്തിനായി വേഷങ്ങളെഴുതപ്പെട്ട കാലം. ''കഥാഗതിയിൽ മാറ്റം വരുത്താൻ ഇന്ദ്രൻസിന്റെ മുഖംതന്നെ വേണമായിരുന്നു'', എന്ന് രാജസേനൻ ഓർക്കുന്നു. കഥയുടെ ദിശതന്നെ തിരുത്താൻ കഴിയുന്ന, ചിരിയുടെയും സ്‌നേഹത്തിന്റെയും മുഖമായ ഇന്ദ്രൻസിനൊപ്പമുള്ള സിനിമായാത്രയെപ്പറ്റി സംവിധായകനും നടനുമായ രാജസേനൻ സംസാരിക്കുന്നു.

കോസ്റ്റ്യൂമറിന്റെ നടനവേഷങ്ങൾ
''എന്റെ കരിയറിന്റെ തുടക്കത്തിൽ, ആദ്യത്തെ അഞ്ചാറ് സിനിമകൾക്കുശേഷം ചെറിയൊരു ഇടവേള വന്നിരുന്നു. രണ്ടരവർഷത്തോളം സിനിമകളൊന്നും ചെയ്തില്ല. ആ സമയത്താണ് സിബിമലയിലിന്റെ 'മാലയോഗം' എന്ന സിനിമയുടെ ഷൂട്ടിങ് എന്റെ നാട്ടിൽവെച്ച് നടക്കുന്നത്. സിബിയെ പരിചയമുള്ളതുകൊണ്ട് ഞാൻ ലൊക്കേഷനിലേക്ക് പോയിരുന്നു. അവിടെവെച്ച് പല ടെക്നീഷ്യന്മാരെയും പരിചയപ്പെട്ടു. അക്കൂട്ടത്തിൽ ഞാൻ കോസ്റ്റ്യൂമറാണെന്ന് പറഞ്ഞ് ഒരാൾ സ്വയം പരിചയപ്പെടുത്തി. പേര് ഇന്ദ്രൻസ്. മാലയോഗത്തിൽ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രാലങ്കാരത്തിൽ ഇന്ദ്രൻസിന്റെ പേര് തെളിഞ്ഞുവരുന്ന സമയമായിരുന്നു അത്.

പിന്നീട് ഞാൻ 'കടിഞ്ഞൂൽ കല്യാണം' എന്ന സിനിമയുടെ ജോലിയിലേക്ക് കടന്നു. അന്നത്തെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ ഇന്ദ്രൻസിനെ തന്നെയാണ് എന്റെ സിനിമയിലേക്കും വസ്ത്രാലങ്കാരത്തിനായി വിളിച്ചത്. അപ്പോഴൊന്നും അദ്ദേഹം അഭിനയത്തിൽ സജീവമായിട്ടില്ല. കടിഞ്ഞൂൽ കല്യാണത്തിൽ ഇന്ദ്രൻസ് അഭിനയിച്ചതായി ഞാനോർക്കുന്നില്ല. എന്നാൽ, ഉച്ചയൂണ് കഴിഞ്ഞുള്ള ഇടവേളയിൽ കോസ്റ്റ്യൂം ബോക്‌സിന്റെ മുകളിൽ കിടന്നുറങ്ങുന്ന ഇന്ദ്രൻസിനെ എനിക്കോർമ്മയുണ്ട്. എളിമയുള്ള ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ഞങ്ങൾ തമ്മിലുള്ള അടുപ്പം തുടങ്ങുന്നതും അവിടന്നാണ്.

കടിഞ്ഞൂൽ കല്യാണത്തിനുശേഷം ചെയ്ത ചിത്രമായിരുന്നു 'അയലത്തെ അദ്ദേഹം'. ആ സിനിമയിൽ അമ്പിളിച്ചേട്ടന്റെ (ജഗതി ശ്രീകുമാർ) കാസറ്റുകടയിലെ അസിസ്റ്റന്റിന്റെ വേഷം ഇന്ദ്രൻസിന് നൽകി. ചിത്രത്തിൽ മുഴുനീളെ അദ്ദേഹമുണ്ടായിരുന്നു. അത്യാവശ്യം പഞ്ച് ഡയലോഗുകളൊക്കെ പറഞ്ഞ് അമ്പിളിച്ചേട്ടനൊപ്പം കട്ടയ്ക്ക് നിന്നു. ആ സെറ്റിലും കോസ്റ്റിയൂം ബോക്‌സിന്റെ മുകളിൽ കിടന്നുറങ്ങുന്ന ഇന്ദ്രൻസിനെ ഞാൻ കണ്ടിട്ടുണ്ട്.

നടൻ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടുതുടങ്ങുമ്പോഴാണ് അടുത്തപടമായ 'മേലേപ്പറമ്പിൽ ആൺവീട്' ഒരുങ്ങുന്നത്. അതിൽ ഇന്ദ്രൻസിന് നൽകിയത് കല്യാണ ബ്രോക്കറുടെ വേഷമായിരുന്നു. വസ്ത്രാലങ്കാരവും അദ്ദേഹം തന്നെയാണ് ചെയ്തത്. പക്ഷേ, കൂടെ അദ്ദേഹത്തിന്റെ കസിനായ ജയനുമുണ്ടായിരുന്നു. അങ്ങനെയാണ് വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ എന്ന പേരുവരുന്നത്.

തിരുവനന്തപുരത്തെ കൈരളി തിയേറ്ററിൽവെച്ചാണ് മേലേപ്പറമ്പിൽ ആൺവീട് ഞാൻ കണ്ടത്. മാണി സി.കാപ്പനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. അദ്ദേഹത്തിന് രാഷ്ട്രീയബന്ധമുള്ളതുകൊണ്ട് സിനിമ കാണാൻ അദ്ദേഹത്തോടൊപ്പം ഗോവ ഗവർണറും വന്നിരുന്നു. മേലേപ്പറമ്പിലെ ആൺമക്കളെയും കൂട്ടി പെണ്ണ് കാണാൻ പോകുന്ന സീനിൽ ഇന്ദ്രൻസിനെ കണ്ടതും തിയേറ്ററിൽ ഹർഷാരവമുയർന്നു. പ്രത്യേകരീതിയിലുള്ള ഇന്ദ്രൻസിന്റെ നടത്തം കണ്ട് ഗവർണർ പൊട്ടിച്ചിരിച്ചു. അഞ്ചാറ് സിനിമകളിൽ അഭിനയിച്ച ഒരാൾക്ക് ലഭിക്കുന്ന സ്വീകാര്യത ആയിരുന്നില്ല അത്. ഒരു അൻപത് സിനിമയിലെങ്കിലും അഭിനയിച്ചവരോട് തോന്നുന്ന ഇഷ്ടവും ആദരവുമാണ് നിറകൈയടികളായി അവിടെ ഉയർന്നത്. ഇദ്ദേഹം മലയാളസിനിമയ്ക്ക് ഒരു വാഗ്ദാനമായിരിക്കുമെന്ന് അപ്പോഴേ ഞാൻ മനസ്സിൽ കുറിച്ചിട്ടു.

'സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ.ബി.എഡാ'യിരുന്നു അടുത്ത സിനിമ. ഞാനും ശശിധരൻ ആറാട്ടുവഴിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. മൂന്ന് സി.ഐ.ഡി.കളാണ് സിനിമയിലുള്ളത്. തിരക്കഥയിൽ അവർക്ക് ചേരുന്ന ശിങ്കിടിയായ കുഞ്ചുവിനെയും സൃഷ്ടിച്ചു. ജയറാമിന്റെ കൂടെ നിഴലുപോലെ നടക്കുന്നൊരാളെയായിരുന്നു വേണ്ടത്. കുഞ്ചുവായി ഇന്ദ്രൻസിനെയാണ് ഞാൻ മനസ്സിൽ കണ്ടത്. അതുകൊണ്ട് എഴുത്തിലും മുഴുനീളെ ആ കഥാപാത്രത്തെ കൊണ്ടുപോയി. ജയറാം, അമ്പിളിച്ചേട്ടൻ, മണിയൻപിള്ള രാജു എന്നിവരാണ് സിനിമയിൽ സി.ഐ.ഡി.കളായി എത്തുന്നത്.

ആദ്യദിവസംതന്നെ മണിയൻപിള്ളയ്ക്ക് ഞാൻ സ്‌ക്രിപ്റ്റ് നൽകി. അപൂർവംപേരാണ് അന്നൈാക്കെ സ്‌ക്രിപ്റ്റ് വായിച്ചിരുന്നത്.

രാജു അഭിനയിക്കുന്ന എല്ലാ സിനിമകളുടെയും സ്‌ക്രിപ്റ്റ് ചോദിച്ചുവാങ്ങും. സ്‌ക്രിപ്റ്റ് വായിച്ചശേഷം രാജു പറഞ്ഞു, ഉഗ്രൻ സ്‌ക്രിപ്റ്റാണ്. ഒരു വള്ളി പുള്ളിപോലും ഒഴിവാക്കാനില്ല. എന്റടുത്ത് ഏത് കഥാപാത്രം വേണമെന്ന് ചോദിച്ചാൽ ഞാൻ ഇന്ദ്രന്റെ റോൾ വേണമെന്നേ പറയുള്ളൂ. കാരണം ആ വേഷം ഈ സിനിമയിൽ അസാധ്യമായി സ്‌കോർ ചെയ്യും. അതുപക്ഷേ, ഇന്ദ്രൻ തന്നെ ചെയ്യുന്നതായിരിക്കും നല്ലത്. എങ്കിലും എന്റെ സ്വാർഥമായ താത്പര്യത്തിന് ഏത് റോൾ വേണമെന്ന് ചോദിച്ചാൽ അതുതന്നെയേ പറയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് നായകന്മാരിലൊരാളായി തിരഞ്ഞെടുത്തതിൽ അദ്ദേഹം നന്ദിയുമറിയിച്ചു.

ജയറാമിനൊപ്പം ലാടവേഷത്തിലും മറ്റും ഇന്ദ്രൻസ് മികച്ച പ്രകടനമാണ് ആ സിനിമയിൽ കാഴ്ചവെച്ചത്. മിക്ക സീനുകളും ഷൂട്ട് ചെയ്യുമ്പോൾ ലൊക്കേഷനിൽ പൊട്ടിച്ചിരി പടർന്നു. സി.ഐ.ഡി. ഉണ്ണികൃഷ്ണന്റെ റിലീസിനുശേഷം ഇന്ദ്രൻസിന് ഒരു താരമൂല്യമുണ്ടായി. പല സംവിധായകരുടെ സിനിമകളിലും അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. വലുതും ചെറുതുമായ നിരവധി വേഷങ്ങളിൽ ഇന്ദ്രൻസ് തെളിഞ്ഞുനിന്നു.

കഥാഗതി മാറ്റുന്ന നടനസാന്നിധ്യം
ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകളാണ് കൂടുതലും ഞാൻ ചെയ്തിട്ടുള്ളത്. കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന കഥയും കഥാപരിസരവുമായിരുന്നു. ആ ഗണത്തിൽപ്പെടുന്ന സിനിമയാണ് 'കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ'. വിവാഹബ്രോക്കറുടെ വേഷമാണ് ഇന്ദ്രൻസ് അതിലും ചെയ്തത്. എന്നാൽ, ജയറാം ചെയ്ത അപ്പൂട്ടൻ എന്ന കഥാപാത്രത്തിന്റെ അടുത്ത ചങ്ങാതിമാരിൽ ഒരാളുമാണ്. അമ്പിളിച്ചേട്ടനും കലാഭവൻമണിക്കും മാമുക്കോയയ്ക്കും ബോബി കൊട്ടാരക്കരയ്ക്കുമൊപ്പം ഇന്ദ്രൻസും ചിരിപ്പൂരം തീർത്ത പടമാണ് കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ. ആ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്, ഗൗരവമുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള കഴിവ് ഇന്ദ്രൻസിനുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നത്.

അപ്പൂട്ടൻ പ്രണയനൈരാശ്യത്തിലിരിക്കുമ്പോൾ ഒരു ഗാനം കടന്നുവരുന്നുണ്ട്. ആ ഗാനരംഗത്തിൽ ഹെൽത്ത് ക്ലിനിക് അടച്ചുപൂട്ടുന്നത് ഇന്ദ്രൻസാണ്. ക്ലിനിക് പൂട്ടിയിട്ട് താക്കോലുമായി ജയറാമിനടുത്തേക്ക് വരുന്ന ഇന്ദ്രൻസിന്റെ മുഖം മനസ്സിൽനിന്ന് മായില്ല. അപ്പൂട്ടന്റെ ജീവന്റെ ജീവനായ ക്ലിനിക് അടച്ചുപൂട്ടുന്നതിന്റെ ദുഃഖവും കടിച്ചമർത്തിയുള്ള ആ നടത്തം... അന്നൊക്കെ ഇന്ദ്രൻസിന്റെത് ഒരു കുഞ്ഞുമുഖമാണ്. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞങ്ങളെല്ലാവരും കൈയടിച്ചു. പക്ഷേ, പിന്നീട് ഗൗരവമുള്ള വേഷങ്ങൾ ചെയ്യിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. എങ്കിലും, ഇന്ദ്രൻസിന്റെയുള്ളിലെ നടനെ കണ്ടെത്തിയ ഒരാളുകൂടിയാണ് ഞാൻ.

എന്റെ മറ്റ് സിനിമകളിലേക്കും ഹാസ്യകഥാപാത്രങ്ങൾക്കുവേണ്ടിത്തന്നെയാണ് കൂടുതലും അദ്ദേഹത്തെ ഉപയോഗിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ, 'സത്യഭാമയ്‌ക്കൊരു പ്രേമലേഖന'ത്തിലെ അദ്ദേഹത്തിന്റെ വേഷം അല്പം വ്യത്യസ്തമായിരുന്നു. അതിൽ ബിജുമേനോനും ഇന്ദ്രൻസുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. 'ആദ്യത്തെ കൺമണി'യിലെ ബിജുമേനോന്റെ പ്രകടനം കണ്ടപ്പോൾ അദ്ദേഹത്തിന് ഹാസ്യം വഴങ്ങുമെന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അങ്ങനെയാണ് സത്യഭാമയ്‌ക്കൊരു പ്രേമലേഖനത്തിൽ നായകനാക്കിയത്. ചെറിയൊരു വില്ലൻപരിവേഷമുള്ള കഥാപാത്രമായിരുന്നു ഇന്ദ്രൻസ് അവതരിപ്പിച്ച പുരുഷോത്തമൻ. തമാശയും അല്പം വില്ലത്തരവുമൊക്കെയായി കഥയുടെ അവസാനംവരെ ഇന്ദ്രൻസ് മികച്ചുനിന്നു.

'അനിയൻബാവ ചേട്ടൻബാവ' എന്ന സിനിമയിലാണ് ഇന്ദ്രൻസിന് കൊടക്കമ്പിയെന്ന പേര് വീഴുന്നത്. ജനാർദനൻചേട്ടന്റെ വിളിയിലൂടെയാണ് ആ പേര് ഹിറ്റായത്. സിനിമയിൽ പ്രേംകുമാറിനൊപ്പമുള്ള ടെയ്പ് റെക്കോഡറും പിടിച്ചുള്ള സീൻ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതൊക്കെ പിന്നീട് ട്രോളുകളായും വന്നിട്ടുണ്ട്. ഇതുപോലെ, എന്റെ എല്ലാ ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾകൊണ്ട് ഇന്ദ്രൻസ് ഞെട്ടിച്ചിട്ടുണ്ട്. വാർധക്യപുരാണം, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, ദില്ലിവാല രാജകുമാരൻ, ദി കാർ, കഥാനായകൻ, നാടൻപെണ്ണും നാട്ടുപ്രമാണിയും, ഡാർലിങ് ഡാർലിങ്, മേഘസന്ദേശം, മധുചന്ദ്രലേഖ, ഒരു സ്മാൾ ഫാമിലി, ഇന്നാണ് ആ കല്യാണം... തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വിളിപ്പേരുകളും പ്രേക്ഷകശ്രദ്ധ നേടിയതാണ്.

അവസാനം ചെയ്ത ഞാനും പിന്നൊരു ഞാനും എന്ന സിനിമയിൽപ്പോലും ഇന്ദ്രന്റെ വേഷം മനോഹരമായിരുന്നു. പോലീസ് ഡിപ്പാർട്ട്മെന്റിൽ രഹസ്യമായും പരസ്യമായും, പടക്കമെന്ന് വിളിപ്പേരുള്ള റിട്ടയേഡ് പോലീസുദ്യോഗസ്ഥന്റെ വേഷമായിരുന്നു അതിൽ അദ്ദേഹത്തിന്.

ഇന്ദ്രൻസിന്റെ സാന്നിധ്യം എന്റെ സിനിമകൾക്ക് ഒരു മുതൽക്കൂട്ടായിരുന്നു. പ്രേക്ഷകർ എന്റെ സിനിമകളിൽ അദ്ദേഹത്തെ പ്രതീക്ഷിക്കുമായിരുന്നു. ജഗതി ശ്രീകുമാറിനെയും നരേന്ദ്രപ്രസാദിനെയും ഒടുവിൽ ഉണ്ണിക്കൃഷ്ണനെയുമൊക്കെ പ്രതീക്ഷിക്കുന്നതുപോലെ... ചില ഘട്ടങ്ങളിൽ കഥ നീങ്ങണമെങ്കിൽ അവിടെ ഇന്ദ്രൻസിന്റെ മുഖം വേണമായിരുന്നു. ആ പ്രശ്‌നം എനിക്ക് മറ്റുചില അഭിനേതാക്കളിലും തോന്നിയിട്ടുണ്ട്. ഇന്ദ്രനിലും അത് സംഭവിച്ചു.
 

സൗഹൃദമുണ്ട്, എന്നാൽ സുഹൃത്തല്ല
ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദമുണ്ട്, ഒരു ജ്യേഷ്ഠാനുജൻ ബന്ധംപോലെ... എന്നാൽ, ഇന്ദ്രനെ കൂട്ടുകാരനാക്കാൻപറ്റില്ല. എന്നെ അദ്ദേഹം കൊണ്ടുവെച്ചിരിക്കുന്നത് വേറൊരു സ്ഥാനത്താണ്. കൂട്ടുകാരനാകാൻവേണ്ടി ഞാൻ തോളിൽ കൈയിടുമ്പോൾ അദ്ദേഹം ചുരുങ്ങും. വല്ലാത്ത അവസ്ഥയാണത്. അദ്ദേഹത്തെ കൂട്ടുകാരനാക്കാൻ എനിക്ക് ഇന്നുവരെ പറ്റിയിട്ടില്ല. എല്ലാവരോടും എപ്പോഴും വിനയത്തോടുകൂടിയേ പെരുമാറൂ. ഞാൻ നേരത്തേ പറഞ്ഞതുപോലെ കോസ്റ്റ്യൂം ബോക്സിന്റെ മുകളിൽ കിടന്നുറങ്ങുന്ന ഒരേയൊരു നടനെയേ നമുക്ക് കാണാനാകൂ.

വിനയം ഒരുപാട് കാണിക്കുന്ന പലരെയും നമുക്ക് അറിയാം. പ്രത്യേകിച്ച് ചാനലിന്റെ മുന്നിൽ വരുമ്പോൾ. പക്ഷേ, ഇന്ദ്രൻ ചാനലിന്റെ മുന്നിൽപ്പോലും അങ്ങനെ വരില്ല. ഇന്ദ്രൻസിന്റെ എളിമയെപ്പറ്റി പലരും വിമർശിക്കുന്നതും ഈയിടെ കാണുകയുണ്ടായി. അത് അഭിനയമല്ല. അദ്ദേഹം എന്നും ഇങ്ങനെയാണ്. അതേസമയം ഇന്ദ്രന് പൊട്ടിത്തെറിക്കാനുമറിയാം. ദേഷ്യപ്പെടുന്ന ആ മുഖം ഞാൻ ദൂരെനിന്ന് കണ്ടിട്ടുണ്ട്. നസീർസാറിനെപ്പറ്റി പറയുന്നതുപോലെയാണ്. അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാണ്. അങ്ങോട്ട് കേറി അസ്വസ്ഥപ്പെടുത്തിയാലും പരമാവധി അഡ്ജസ്റ്റ്‌ചെയ്തുപോകും. അത്യപൂർവമായേ നസീർസാറ് ദേഷ്യപ്പെടാറുള്ളൂ. അതേപോലെയാണ് ഇന്ദ്രൻസും. ഞാൻ ഈ പറയുന്നത് ഇന്ദ്രൻസിനും ധിക്കരിക്കാൻപറ്റില്ല. ഇന്ദ്രൻസിന്റെ കൂട്ടുകാർക്കറിയാം. അതിവിനയം കാണിക്കുന്നവരുടെ കൂട്ടത്തിലൊന്നും ഇന്ദ്രൻസിനെ പെടുത്താൻപറ്റില്ല.

ഒന്നോ രണ്ടോ മാസം എന്റെ വിളിയൊന്നും ചെന്നില്ലെങ്കിൽ അദ്ദേഹം ഇങ്ങോട്ട് വിളിക്കും. സാർ ഇങ്ങനെയിരുന്നാൽമതിയോ നമുക്ക് എന്തെങ്കിലും തുടങ്ങണ്ടേ എന്ന്. സംസ്ഥാന അവാർഡ് കിട്ടിയപ്പോഴും ദേശീയ അവാർഡ് കിട്ടിയപ്പോഴുമൊക്കെ എന്റെ വീട്ടിൽ വന്ന് എന്നെ ആലിംഗനംചെയ്ത് എന്റെ കാലിൽ തൊട്ട് വന്ദിച്ച് എനിക്ക് പാരിതോഷികം തന്നിട്ട് പോയ ആളാണ്. സിനിമയിൽ ഇതുപോലെ ഒറ്റൊരാളേയുള്ളൂ, അതാണ് ഇന്ദ്രൻസ്.

'ഞാനും പിന്നൊരു ഞാനും' സിനിമ ചെയ്യുമ്പോൾ, വലിയ പ്രതിഫലം വാങ്ങുന്ന സമയമായിട്ടുകൂടി അദ്ദേഹം ഒന്നിനും നിർബന്ധംപിടിച്ചില്ല. അദ്ദേഹത്തിന്റെ മകൻ മഹേന്ദ്രനാണ് ഡേറ്റും പൈസയുടെ കാര്യങ്ങളുമൊക്കെ നോക്കുന്നത്. മഹേന്ദ്രൻ പറഞ്ഞു, അച്ഛൻ പറഞ്ഞിട്ടുണ്ട് ഒന്നും പറയരുതെന്ന്, പതിനഞ്ചുദിവസത്തെ ഡേറ്റ് നൽകിയിട്ടുണ്ട്, അതിനങ്ങ് വന്നോളാമെന്നാണ് പറഞ്ഞതെന്ന്. ഒരു പുതിയ നിർമാണക്കമ്പനി തുടങ്ങിയശേഷം എടുത്ത സിനിമയായിരുന്നു 'ഞാനും പിന്നൊരു ഞാനും'. ആ കമ്പനിയുടെ ആദ്യത്തെ ചെക്കിൽ അഡ്വാൻസ് തുക എഴുതിനൽകിയത് പ്രഗല്ഭനായ, മുതിർന്ന നടനായ ഇന്ദ്രൻസിനായിരുന്നു. അഡ്വാൻസ് എനിക്ക് വേണ്ടാ, ഷൂട്ടിങ് തീർത്തിട്ടോ ഡബ്ബിങ് കഴിഞ്ഞിട്ടോ മതിയെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇപ്പോൾ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ പകുതി മതിയെന്നും പറഞ്ഞു. ഇതൊക്കെ സിനിമയിൽ അത്യപൂർവമാണ്. പ്രതിഫലം ചോദിച്ചുവാങ്ങുന്നതിൽ തെറ്റില്ല. പക്ഷേ, ചില കടപ്പെട്ട സ്ഥലങ്ങളിൽ ചിലത് ഓർക്കേണ്ടതുണ്ടല്ലോ. വന്നവഴി മറക്കാത്ത, മനസ്സിൽ നന്മയുള്ള മനുഷ്യനാണ് ഇന്ദ്രൻസ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi