'ധുരന്ധർ' സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് രൺവീർ സിങ്ങിന്റെ കഥാപാത്രമാണ്. അതിനൊപ്പം തന്നെ ആദ്യഭാഗത്തിൽ റഹ്മാൻ ദകെയ്ത്തിനെ അവതരിപ്പിച്ച അക്ഷയ് ഖന്നയും ഏറെ കൈയടി നേടി. കാസ്റ്റിങ്ങിനെക്കുറിച്ച് ആരാധകർ പുകഴ്ത്തുമ്പോഴും മറ്റു കഥാപാത്രങ്ങൾക്ക് രൺവീറിന്റെയോ അക്ഷയ് ഖന്നയുടെയോ അത്ര പ്രശംസകൾ ലഭിച്ചിരുന്നില്ല.

സിനിമയിൽ പാകിസ്താനി പോലീസുകാരനായ ചൗധരി അസ്ലമിനെ അവതരിപ്പിച്ചത് സഞ്ജയ് ദത്താണ്. ഇപ്പോൾ സഞ്ജയ് ദത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചൗധരി അസ്ലമിന്റെ ഭാര്യ നൗറീൻ അസ്ലം ഖാൻ. ''അവർ സിനിമയിൽ കാണിച്ചപോലെ തന്നെയാണ് എല്ലാം സംഭവിച്ചത്''.

ചില പ്രത്യേകസീനുകളിൽ തനിക്ക് സഞ്ജയ്‌നെ ചൗധരി അസ്ലമിനെ പോലെ തന്നെയാണ് തോന്നിയതെന്നും അവർ പറയുന്നു. ''അദ്ദേഹം കാറിനടുത്തുനിന്ന് കണ്ണുകൾ ഉയർത്തുന്നൊരു സീനുണ്ട്. അതുകണ്ടപ്പോൾ ഒരു നിമിഷം അസ്ലം തന്നെയാണെന്ന് എനിക്ക് തോന്നി''. മരണശേഷം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമിക്കുമെന്ന് ഭർത്താവ് പറയാറുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

എന്നാൽ ചൗധരി അസ്ലമിന്റെ കഥാപാത്രത്തിനോട് സിനിമ പൂർണമായി നീതി പുലർത്തിയില്ലെന്നും നൗറീൻ അഭിപ്രായപ്പെടുന്നു. ''ഒരു സിനിമ നിർമ്മിക്കുമ്പോൾ എന്നെയോ പോലീസിനെയോ പത്രപ്രവർത്തകരെയോ വിളിച്ച് അദ്ദേഹത്തിന്റെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ മനസ്സിലാക്കാമായിരുന്നു. മറ്റ് പോലീസിന് ഒരിക്കലും ചെയ്യാൻ കഴിയാത്ത ഒട്ടേറെ ജോലികൾ അദ്ദേഹം ചെയ്തു'', അവർ കൂട്ടിച്ചേർത്തു.

ല്യാരി ടാസ്‌ക് ഫോഴ്‌സിലെ എസ്.എസ്.പിയായിരുന്നു ചൗധരി അസ്ലം. 2014-ൽ ഒരു ചാവേർ ബോംബാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

അസ്ലമിന്റെ അവസാനനാളുകളെക്കുറിച്ചും നൗറീൻ ഓർക്കുന്നു. ''ഞാൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അദ്ദേഹം പോകാൻ ഒരുങ്ങുന്നത് അറിഞ്ഞത്. അദ്ദേഹത്തിന്റെ കൈവശം ബോംബ് പ്രൂഫ് വാഹനം ഇല്ലാത്തതിനാൽ ഞാൻ അദ്ദേഹത്തെ തടയാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു'',അവർ പറഞ്ഞു.

വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതിനുമുമ്പ് ഭാര്യയോട് ക്ഷമചോദിക്കാനും അന്ന് അസ്ലം മറന്നില്ല. ''ക്ഷമിക്കണം, എനിക്കൊരിക്കലും നിനക്ക് ആവശ്യമായ സമയം നൽകാൻ കഴിഞ്ഞില്ല'', എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് നൗറീൻ ഓർക്കുന്നു. ''അതിനുശേഷം വീണ്ടും എന്നെ വിളിച്ച് നമുക്ക് പുറത്തുവെച്ച് കാണണമെന്ന് പറഞ്ഞു. അങ്ങനെ അങ്ങോട്ടുചെന്നു. മിനിറ്റുകൾക്കുള്ളിലാണ് ഒരു വലിയ സ്‌ഫോടനമുണ്ടായത്. ഏകദേശം 125 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിച്ചുകൊണ്ടുപോയ ഒരു കാർ അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറി. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുതന്നെ, അദ്ദേഹം പോയി എന്ന് എന്റെ ഹൃദയത്തിന് അറിയാമായിരുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi