മലയാള സിനിമയിൽ മാറ്റിനിർത്താനാവാത്ത വിധം അഭിനയപാടവമുള്ള നടിയാണ് മുത്തുമണി. ആദ്യമായി സിനിമയിൽ അവസരം ലഭിച്ചപ്പോൾ സത്യൻ അന്തിക്കാട് എന്ന വലിയ സംവിധായകനോട്, 'ക്ലാസ്സ് മുടക്കാൻ പറ്റില്ല, ശനിയും ഞായറും മാത്രമേ ഷൂട്ടിങ്ങിന് വരൂ' എന്ന് പറയാൻ കാണിച്ച ആ ആത്മവിശ്വാസത്തിന് പിന്നിൽ ഒരു വലിയ വളർത്തലുണ്ട്. ആ വളർത്തലിന്റെ പേരാണ് ഷേർളി സോമസുന്ദരൻ. മുത്തുമണിയുടെ അമ്മ. അധ്യാപിക, എഴുത്തുകാരി, നാടകപ്രവർത്തക എന്നിങ്ങനെ കലയെയും ജീവിതത്തെയും ഒരേ ചരടിൽ കോർത്ത അമ്മയും, അമ്മ പകർന്നു നൽകിയ നിലപാടുകളുമായി സിനിമാ-നിയമ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മകളും ആദ്യമായി ഒരുമിച്ച് സംസാരിക്കുകയാണ്. മുത്തുമണിയുടെ കരുത്തുറ്റ നിലപാടുകൾക്ക് പിന്നിൽ കരുത്തായി എന്നും അമ്മയും, അധ്യാപകനും പ്രശസ്ത നാടകപ്രവർത്തകനുമായ അച്ഛൻ എൻ. സോമസുന്ദരനും ഉണ്ടായിരുന്നു. കലയെ സ്‌നേഹിക്കാൻ പഠിപ്പിച്ച, എന്നാൽ അതിനേക്കാൾ ഉപരിയായി മനുഷ്യനായി ജീവിക്കാൻ പഠിപ്പിച്ച അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള മുത്തുമണിയുടെ ജീവിതയാത്രയിലേക്ക്...

അഭിനയത്തിൽ തുടക്കത്തിൽ ലഭിച്ച പ്രചോദനം എന്തായിരുന്നു?

മുത്തുമണി: എന്റെ പ്രചോദനം അച്ഛനും അമ്മയും തന്നെയാണ്. അവർ അധ്യാപകരാണ്. അച്ഛൻ കെമിസ്ട്രിയും അമ്മ ഇംഗ്ലീഷും. അവർക്ക് കലയോട് വലിയ താൽപ്പര്യമുണ്ടായിരുന്നു. രണ്ടുപേരും തിയേറ്ററിൽ സജീവവും. അമ്മ നാടകം എഴുതും. അച്ഛൻ അഭിനേതാവാണ്. 1993-ലൊക്കെ എന്റെ എൽ.പി കാലഘട്ടത്തിൽ സമ്മർ ക്ലാസുകൾ ഇന്നത്തെപ്പോലെ സജീവമല്ല. അവധിക്കാലം എന്നാൽ അമ്മാവന്റെ വീട്ടിലോ അച്ഛന്റെ വീട്ടിലോ പോയി അടിച്ചുപൊളിക്കുക എന്നതായിരുന്നു പൊതുവേയുള്ള രീതി. പക്ഷേ എന്നെയും ചേച്ചി പൊന്നുമണിയെയും സംബന്ധിച്ചിടത്തോളം വേനലവധിക്ക് കലാഭവനിലെ മ്യൂസിക് ക്ലാസോ അല്ലെങ്കിൽ കലാമണ്ഡലത്തിലെ മോഹിനിയാട്ടം വർക്ക്ഷോപ്പോ നാടകപരിശീലനമോ ഒക്കെയായിരുന്നു പതിവ്. കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.

കുട്ടിക്കാലത്തെ കലയും സാഹിത്യവും നിറഞ്ഞ ഇത്തരം സായാഹ്നങ്ങൾ, നിങ്ങളുടെ കാഴ്ചപ്പാടുകളെ എങ്ങനെയാണ് രൂപപ്പെടുത്തിയത്?

മുത്തുമണി: അത് കൃത്യമായ പ്ലാനിങ്ങിലൂടെ സംഭവിച്ചതാണോ അതോ അച്ഛനും അമ്മയ്ക്കും അത്തരം കാര്യങ്ങളോടുള്ള താൽപ്പര്യം കൊണ്ട് ഞങ്ങളെയും കൂടെക്കൂട്ടിയതാണോ എന്നറിയില്ല. അതൊരു വലിയ അടിത്തറയായിരുന്നു. പതിവായി ഞങ്ങളെ നാടകങ്ങൾക്കും സംഗീതക്കച്ചേരികൾക്കും നൃത്തപരിപാടികൾക്കുമൊക്കെ കൊണ്ടുപോകും. നാട്ടിലെ കലാരൂപങ്ങളെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചും കൃത്യമായ അറിവ് ആ കാലഘട്ടത്തിൽ ലഭിച്ചു. അച്ഛനും അമ്മയും വാക്കുകളിലൂടെയല്ല, മറിച്ച് സ്വന്തം ജീവിതത്തിലൂടെയാണ് ഞങ്ങൾക്ക് പലതും കാണിച്ചുതന്നത്. പഠിക്കണം എന്ന് അവർ പറയുമായിരുന്നു, എന്നാൽ 'എന്തിന് പഠിക്കണം' എന്ന് അവരുടെ ജീവിതം കണ്ട് ഞങ്ങൾ പഠിച്ചു. സ്‌കൂളിലെ മുഴുവൻ ജോലികളും തീർത്തിട്ടായിരിക്കും വൈകുന്നേരങ്ങളിൽ അമ്മ ഞങ്ങളെയും കൊണ്ട് നാടകം കാണാൻ വരിക. അച്ഛന് സ്വന്തമായി ഒരു സയൻസ് അക്കാദമി എന്ന സ്ഥാപനമുണ്ടായിരുന്നു. അവിടുത്തെ തിരക്കുകൾക്കിടയിലും കലയെ ചേർത്തുപിടിക്കാൻ അച്ഛൻ സമയം കണ്ടെത്തി. കലയെ സ്നേഹിക്കുന്നത് നമ്മുടെ ജോലികളെ മാറ്റിനിർത്തിക്കൊണ്ടാകരുത് എന്നും, രണ്ടും ഒരേപോലെ മനോഹരമായി കൊണ്ടുപോകാൻ കഴിയുമെന്നും അവർ തെളിയിച്ചു. 

മക്കളുടെ അക്കാദമിക്സും കലയും ബാലൻസ് ചെയ്യാൻ എങ്ങനെയാണ് ശ്രദ്ധിച്ചിരുന്നത്?

ഷേർളി: അന്ന് ഞങ്ങളുടെ സുഹൃത്തുക്കളും സമാന ചിന്താഗതിയുള്ളവരായിരുന്നു. കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം എന്നത് ഇതുപോലെയുള്ള സാംസ്‌കാരിക സമ്മേളനങ്ങളിലും കലാപരിപാടികളിലും അവരെ പങ്കെടുപ്പിക്കുക എന്നതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഏഴെട്ടോളം കുടുംബങ്ങൾ ഒന്നിച്ചായിരുന്നു ഇത്തരം പരിപാടികൾക്ക് പോയിരുന്നത്. യുവകലാസാഹിതി, പു.ക.സ (പുരോഗമന കലാസാഹിത്യ സംഘം) തുടങ്ങിയ സംഘടനകളുടെ വേദികളിൽ ഞങ്ങൾ സജീവമായിരുന്നു. ചുറ്റുമുള്ള ലോകത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും കൃത്യമായ ബോധമുള്ളവരായി വളരാൻ ആ ചുറ്റുപാട് സഹായിച്ചു. ഇതൊന്നും ആരും അടിച്ചേൽപ്പിച്ചതല്ല, ആ അന്തരീക്ഷത്തിൽ നിന്ന് സ്വാഭാവികമായി ഞങ്ങളിലേക്ക് പടർന്നതാണ്. കർക്കശമായ നിർദ്ദേശങ്ങൾ ഒന്നും നൽകിയിരുന്നില്ലെങ്കിലും മക്കളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഠിത്തത്തിന്റെ കൂടെ തന്നെ പൊന്നു മോഹിനിയാട്ടത്തിൽ തിളങ്ങി. മുത്തു ചെറുപ്പത്തിൽ തന്നെ നൃത്തപഠനം വിപ്ലവകരമായി ഉപേക്ഷിച്ചു (ചിരിക്കുന്നു). അവൾക്ക് നാടകത്തിൽ വലിയ താത്പര്യമായിരുന്നു. പരീക്ഷയുടെ സമയത്ത് പോലും രണ്ടുപേർക്കും പരിപാടികളുണ്ടാകും. ഒന്നിനുവേണ്ടി മറ്റൊന്ന് ഉപേക്ഷിക്കരുത് എന്ന പാഠം അവരെ ജീവിതത്തിലൂടെ പഠിപ്പിക്കാനാണ് ശ്രമിച്ചത്.

മുത്തുമണി ചെറുപ്പത്തിലേ നൃത്തമുപേക്ഷിക്കാൻ എന്തായിരുന്നു കാരണം?

ഷേർളി: പൊന്നുവിനൊപ്പം മുത്തുവിനെയും ഡാൻസിന് ചേർത്തു. പക്ഷേ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുത്തു ഡാൻസ് ടീച്ചറോട് 'ഇനി വരില്ല' എന്ന് മുഖത്തുനോക്കി പറഞ്ഞു. അവൾക്ക് എന്തിനും കൃത്യമായ കാരണം വേണം. അനാവശ്യമായി ദേഷ്യപ്പെടുന്നതിനോ തല്ലുന്നതിനോ അവൾ എതിരായിരുന്നു.

മുത്തുമണി: തെറ്റ് ചെയ്താൽ ശിക്ഷിക്കുന്നത് എനിക്ക് മനസ്സിലാകും, പക്ഷേ എന്തിനാണ് എന്നതിന് കൃത്യമായ കാരണം വേണം. അന്ന് ഞങ്ങളുടെ നൃത്താധ്യാപിക തെറ്റുകൾ വരുമ്പോൾ വടി കൊണ്ട് കാലിന് എറിയും. പിന്നീട് വടി എറിയുമ്പോൾ ഞാൻ കൃത്യസമയത്ത് ചാടി ഒഴിഞ്ഞ് രക്ഷപ്പെടാൻ തുടങ്ങി. സത്യത്തിൽ അന്നെനിക്ക് സ്പോർട്സിനോടായിരുന്നോ താൽപ്പര്യം എന്ന് ഇപ്പോൾ തോന്നിപ്പോകാറുണ്ട് (ചിരിക്കുന്നു). ഒരു ദിവസം വടി എറിഞ്ഞപ്പോൾ അത് എന്റെ കാലിൽ കൊണ്ടു. ടീച്ചർ ചിരിച്ചു. അന്ന് ഈഗോ കാരണം 'നിങ്ങൾ എന്റെ അമ്മയാണെങ്കിൽ ഇപ്പോൾ ഇവിടുന്ന് ഇറങ്ങണം' എന്ന് ഞാൻ അമ്മയോട് പറഞ്ഞു. നൃത്തപഠനം അന്നവിടെ ഉപേക്ഷിച്ചു. പക്ഷേ, പിന്നീടും ടീച്ചറുമായി സൗഹൃദം ഉണ്ടായിരുന്നു.

ഇന്നത്തെ തലമുറയുടെ പാരന്റിങ് രീതികളെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളത്?

മുത്തുമണി: ഇന്നത്തെ പാരന്റിങ് വളരെ ചലഞ്ചിങ്ങാണ്. 'ജെൻ സി' (Gen Z) കഴിഞ്ഞ് 'ആൽഫ' കിഡ്സ് ആയി. അവർക്ക് അറിവ് കിട്ടുന്ന വഴികളും ഐക്യൂ ലെവലുമൊക്കെ വളരെ വ്യത്യസ്തമാണ്. അവർക്ക് ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷൻ വേണം. ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് അറ്റൻഷൻ സ്പാൻ കുറഞ്ഞവരാണവർ. അവരിൽ സഹാനുഭൂതി വളർത്തുക എന്നത് വലിയൊരു കടമ്പയാണ്. പണ്ട് ഒരു കുട്ടി വളരുന്നത് ഒരു ഗ്രാമത്തിന്റെ മുഴുവൻ സംരക്ഷണയിലായിരുന്നു (It takes a village to raise a kid). ഇന്ന് അങ്ങനെയൊരു സപ്പോർട്ട് സിസ്റ്റം കുറവാണ്. കുട്ടികൾക്ക് ഇപ്പോൾ എല്ലാം പെട്ടെന്ന് കിട്ടണം. ഒന്നിനും വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ അവർക്കില്ല. പണ്ട് ഞാൻ ആറാം ക്ലാസ്സിൽ വാങ്ങിയ സൈക്കിൾ പന്ത്രണ്ടാം ക്ലാസ് വരെ ഉപയോഗിച്ചിരുന്നു. എന്റെ പോക്കറ്റ് മണി കൂടി ചേർത്താണ് അന്ന് അത് വാങ്ങിയത്. അതുകൊണ്ട് തന്നെ എനിക്ക് അതിനോട് വലിയൊരു വൈകാരിക ബന്ധവും ഉത്തരവാദിത്തവും ഉണ്ടായിരുന്നു. ഇന്ന് കുട്ടികൾക്ക് സാധനങ്ങളുടെ വില അറിയില്ല, കാരണം അവർ അത് കഷ്ടപ്പെട്ട് നേടുന്നതല്ല. ഉത്തരവാദിത്തങ്ങൾ വരുമ്പോഴേ ആളുകൾ കൂടുതൽ പക്വത കാണിക്കൂ.

അമ്മയെക്കുറിച്ച് മുത്തുമണിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ ക്വാളിറ്റി എന്താണ്?

മുത്തുമണി: ഞങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ കുട്ടിക്കാലം നൽകി എന്നതാണ് അച്ഛനും അമ്മയും ചെയ്ത വലിയ കാര്യം. അച്ഛന് ഒരു ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആയിരുന്ന സമയത്ത് അമ്മയാണ് എല്ലാം മാനേജ് ചെയ്തത്. പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ അമ്മയ്ക്ക് കഴിഞ്ഞു. അമ്മ വളരെ കൃത്യമായി കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന ഒരാളാണ്. ഞാൻ സങ്കടങ്ങൾ പുറത്തു കാണിക്കാത്ത ഒരാളാണെങ്കിൽ ചേച്ചി നേരെ തിരിച്ചാണ്. ആ രണ്ട് സ്വഭാവങ്ങളെയും അമ്മ ഒരുപോലെ കൈകാര്യം ചെയ്യുന്നു.

70കളിൽ തന്നെ മതാതീതമായ വിവാഹവും ജീവിതവും തിരഞ്ഞെടുത്തവരാണല്ലോ ഷേർളി ടീച്ചറും ഭർത്താവും?

ഷേർളി: 1978-ലാണ് ഞങ്ങൾ വിവാഹിതരായത്. ഞാൻ ക്രിസ്ത്യനും അദ്ദേഹം ഹിന്ദുവും ആയിരുന്നെങ്കിലും രണ്ടുപേരും മതം മാറിയില്ല. എല്ലാ വിശേഷ ദിവസങ്ങളും ഇരു വീട്ടുകാരുമായും ചേർന്ന് ആഘോഷിക്കും. കുട്ടികളെ സ്‌കൂളിൽ ചേർത്ത സമയത്താണ് ആദ്യമായി പ്രതിസന്ധി ഉണ്ടായത്. സ്‌കൂൾ അധികൃതർ ജാതി വേണമെന്ന് നിർബന്ധം പിടിച്ചു. ഒടുവിൽ കോടതിയിൽ നിന്ന് നിയമപരമായി 'നോ കാസ്റ്റ്' (No Caste) സർട്ടിഫിക്കറ്റ് വാങ്ങിയാണ് അഡ്മിഷൻ എടുത്തത്. എസ്.എസ്.എൽ.സി. ബുക്കിലും 'നോട്ട് ആപ്ലിക്കബിൾ' എന്നാണ് രേഖപ്പെടുത്തിയത്.

ജാതിയും മതവും ഇല്ലാത്തത് എന്നെങ്കിലും ഒരു തടസ്സമായി തോന്നിയിട്ടുണ്ടോ?

മുത്തുമണി: ഒരു കമ്പനിയിൽ ജോലിക്ക് ചേർന്നപ്പോൾ വ്യക്തിവിവരങ്ങൾ നൽകുന്ന അവരുടെ സോഫ്‌റ്റ്വെയറിലെ ഡ്രോപ്പ് ഡൗൺ ബോക്സിൽ മതം നിർബന്ധമായിരുന്നു. 'അതേഴ്സ്' (Others) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ അവർ പറഞ്ഞെങ്കിലും ‘എനിക്ക് മറ്റൊരു മതവുമില്ല, മതമേ ഇല്ല’ എന്നായിരുന്നു എന്റെ നിലപാട്. ഒടുവിൽ കമ്പനിക്ക് നോട്ട് ആപ്ലിക്കബിൾ (not applicable) എന്ന പുതിയൊരു കോളം ഉണ്ടാക്കേണ്ടി വന്നു. കോവിഡ് സമയത്തായിരുന്നു മകന്റെ ജനനം. അവന്റെ ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൽ ഞങ്ങൾ മതം നൽകിയിരുന്നില്ല. ഒപ്പം ജനിച്ച കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും ഞങ്ങളുടേത് കിട്ടിയില്ല. അന്വേഷിച്ചപ്പോഴാണ് മനസിലായത് ഞങ്ങൾക്ക് അബദ്ധം പറ്റിയതാണെന്ന് വിചാരിച്ച് ഉദ്യോഗസ്ഥർ അത് വെരിഫിക്കേഷന് മാറ്റിവെച്ചിരിക്കുകയായിരുന്നു.

ജാതിയും മതവും ഒഴിവാക്കുന്നതിനെ എങ്ങനെ കാണുന്നു?

മുത്തുമണി: ഇപ്പോൾ പലരും ബോധപൂർവ്വം ജാതി സർട്ടിഫിക്കറ്റുകളും പേരുകളും മാറ്റുന്നത് നല്ലൊരു മാറ്റമാണ്. പക്ഷേ, പേരിലെ ജാതി ഒഴിവാക്കിയത് കൊണ്ട് മാത്രം മാറ്റം വരില്ല. ജാതിയില്ലാത്ത സമൂഹത്തെക്കുറിച്ചുള്ള മാറ്റം കാഴ്ചപ്പാടിലാണ് വരേണ്ടത്, മനസ്സിന്റെ ഉള്ളിൽ നിന്നാണ് ഉണ്ടാവേണ്ടത്.

സ്‌കൂൾ കരിക്കുലങ്ങളിൽ തിയേറ്ററിന് അർഹമായ സ്ഥാനം ലഭിക്കാത്തതിന് പിന്നിൽ ഒരു തരം പേടിയുണ്ടോ?

ഷേർളി: തിയേറ്റർ എന്നും അധികാര വർഗ്ഗത്തിന് പേടിയാണ്. ജീവിക്കുന്ന കാലഘട്ടത്തെയും ചുറ്റുപാടുമുള്ള പ്രശ്നങ്ങളെയും പ്രതിഫലിപ്പിക്കാതെ തിയേറ്ററിന് നിലനിൽപ്പില്ല. നാടകത്തിലൂടെ എന്ത് വിപ്ലവമാണ് പറഞ്ഞു വെക്കാൻ പോകുന്നത്, ആരെയൊക്കെയാണ് വിമർശിക്കാൻ പോകുന്നത് എന്നൊക്കെയുള്ള പേടി കാരണം പലരും ആ 'പണ്ടോറാസ് ബോക്സ്' തുറക്കാൻ മടിക്കുന്നു. പാട്ടിനോ നൃത്തത്തിനോ ഉള്ളതുപോലെ കൃത്യമായ ചട്ടക്കൂടുകൾ തിയേറ്ററിന് ഇല്ല. അതിന് പല മാനങ്ങളുണ്ട്. അതുകൊണ്ടാണ് കലോത്സവങ്ങളിൽ പോലും പലപ്പോഴും നാടകങ്ങൾ ബാൻ ചെയ്യപ്പെടുന്നതും വിവാദമാകുന്നതും. ഒരു നല്ല മനുഷ്യനെ വാർത്തെടുക്കാൻ തിയേറ്ററിനോളം കരുത്തുള്ള മറ്റൊരു മാധ്യമമില്ല.

ഷേർളി ടീച്ചറുടെ നാടകങ്ങൾക്കെല്ലാം ഒരു രാഷ്ട്രീയ മാനമുണ്ടല്ലോ?

ഷേർളി: കലയിൽ നമ്മൾ സത്യസന്ധത പുലർത്തണം. ടാഗോറിന്റെയും ഒ.എൻ.വി. കുറുപ്പിന്റെയും കാബൂളിവാലകളെ സംയോജിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ ഒരു നാടകം ചെയ്തു കൊണ്ടിരിക്കുന്നത്. 1892ൽ ടാഗോർ എഴുതിയ കാബൂളിവാലയിൽ അയാൾ മകളെ കാണാൻ മടങ്ങുന്നിടത്താണ് കഥ തീരുന്നത്. എന്നാൽ 100 വർഷങ്ങൾക്കിപ്പുറം 2010-ൽ ഒ.എൻ.വി കുറുപ്പ് എഴുതിയ കവിതയിൽ, താലിബാൻ പ്രശ്നങ്ങളാൽ കലുഷിതമായ അഫ്ഗാനിസ്ഥാനിൽ നിന്ന് കാബൂളിവാല വീണ്ടും കൊൽക്കത്തയിലേക്ക് മടങ്ങുകയാണ്. ഞങ്ങൾ ഈ രണ്ട് ആശയങ്ങളെയും കൂട്ടിയിണക്കി കാബൂളിവാലയെ ഇന്നത്തെ ഇന്ത്യയുടെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരികയാണ്. തെറ്റായ കാര്യങ്ങളെക്കുറിച്ച് മിണ്ടാതിരുന്നാൽ നമ്മൾ നമ്മുടെ കലയോട് കാണിക്കുന്ന കള്ളത്തരമാകും. നമ്മൾ ഫേക്ക് ആയാൽ നമ്മുടെ കൂടെ നിൽക്കുന്ന കുട്ടികളും കള്ളത്തരം കാണിക്കാൻ പഠിക്കും. അതുകൊണ്ട് എന്റെ നാടകങ്ങൾ പൊളിറ്റിക്കൽ ആണ്.

കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ സാമൂഹിക ബോധമുള്ളവരായി വളരണം എന്ന് താങ്കൾ നിർബന്ധം പിടിക്കുന്നത് എന്തുകൊണ്ടാണ്?

ഷേർളി: കുട്ടികൾ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരാകണം. പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് വിവരങ്ങൾ വിരൽത്തുമ്പിലുണ്ട്. പക്ഷേ അവിടെയാണ് മറ്റൊരു പ്രശ്നം. ഇന്നത്തെ വിവരങ്ങളെല്ലാം അൽഗോരിതം ഡ്രിവൻ ആണ്. നമുക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ നമ്മൾ തിരയുന്ന കാര്യങ്ങൾ മാത്രമാണ് അൽഗോരിതങ്ങൾ നമുക്ക് മുന്നിലെത്തിക്കുന്നത്. പത്രങ്ങളിലെ എഡിറ്റോറിയലുകൾ വായിക്കുമ്പോൾ നിഷ്പക്ഷവും വസ്തുതാപരവുമായ അഭിപ്രായങ്ങൾ ലഭിക്കും. ഇന്ന് ഫാക്ട്സിനേക്കാൾ ഉപരിയായി ഓരോരുത്തരുടെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള അഭിപ്രായങ്ങൾ മാത്രമാണ് നമുക്ക് ലഭിക്കുന്നത്. നമ്മൾ നെഗറ്റീവ് മൂഡിലിരിക്കുമ്പോൾ ഫോൺ എടുത്താൽ ആ മൂഡിനെ ഒന്നുകൂടി വർദ്ധിപ്പിക്കുന്ന കണ്ടന്റുകൾ വരും. ഇതൊന്നും പ്രപഞ്ചം നൽകുന്ന സൂചനകളല്ല, മറിച്ച് അൽഗോരിതങ്ങളുടെ കളികളാണ്. ഈ തിരിച്ചറിവ് കുട്ടികൾക്കുണ്ടാകണം.

ചിൽഡ്രൻസ് തിയേറ്ററിലൂടെ ഈ തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ സാധിക്കുമോ?

ഷേർളി: തീർച്ചയായും. കുട്ടികൾക്ക് സ്വന്തമായ രാഷ്ട്രീയം ഉണ്ടാകണം. അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേതാകണം എന്നല്ല, ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധമാണ്. തിയേറ്ററിന്റെ ഭാഗമാകുമ്പോൾ കുട്ടികൾ കാര്യങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യാൻ പഠിക്കുന്നു. അൽഗോരിതങ്ങൾ നിർമ്മിക്കുന്ന ആ ഇടുങ്ങിയ ബോക്സിനുള്ളിൽ നിന്ന് പുറത്തു കടന്ന് ചിന്തിക്കാൻ (Thinking out of the box) കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് എന്റെ ലക്ഷ്യം.

അഭിമുഖം മുഴുവനായി വായിക്കാം, ഗൃഹലക്ഷ്മി മെയ് 1-15. ഓൺലൈൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi