അച്ഛന്റെ ബൈക്കിന് പിന്നിലിരുന്ന് കമ്പത്തുള്ള തിയേറ്ററിൽ രജനീകാന്തിന്റെ സിനിമ കണ്ട് കയ്യടിച്ച ഒരു ഫാൻഗേൾ. 'പടയപ്പ'യിലെ 'മിൻസാരപ്പൂവേ...'എന്ന പാട്ടിനൊപ്പം എത്രയോ തവണ ചുവടുവെച്ചവൾ, വർഷങ്ങൾക്കിപ്പുറം സൂപ്പർ സ്റ്റാറിനൊപ്പം മരുമകളായി അത്യുഗ്രൻ പ്രകടനം. സിനിമ റെക്കോർഡുകൾ ബ്രേക്ക്ചെയ്ത് തിയേറ്ററിൽ നിറഞ്ഞോടി. കുന്നോളം ആഗ്രഹിച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മിർണയ്ക്ക് ഇതെല്ലാം... ജയിലറിന്റെ വിജയത്തിനുശേഷം തമിഴിലും തെലുങ്കിലും വേരുറപ്പിക്കുകയാണ് താരം...
'ജയിലറി'ലേക്കുള്ള യാത്ര
സംവിധായകൻ നെൽസൺ സാറിനെയും ടീമിനെയും നേരത്തെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ വർക്ക് എനിക്ക് ഒരുപാടിഷ്ടമാണ്. അദ്ദേഹം രജനി സാറിനെ വച്ച് 'ജയിലർ' സിനിമ അനൗൺസ് ചെയ്തത് ഞാനും ശ്രദ്ധിച്ചിരുന്നു. 'ജയിലറി'ന്റെ ഷൂട്ട് തുടങ്ങാൻ ഏകദേശം രണ്ടാഴ്ച ഉള്ളപ്പോഴാണ് എനിക്ക് നെൽസൺ സാറിന്റെ ഓഫീസിൽ നിന്നും കോൾ വരുന്നത്. ചെയ്യാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചായിരുന്നു ആ വിളി. ഞാൻ അടുത്ത ദിവസം അദ്ദേഹത്തെ നേരിൽ കണ്ടു. അദ്ദേഹം സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെയും പരിചയപ്പെടുത്തി. രജനിയുടെ മരുമകളായാണ് അഭിനയിക്കേണ്ടതെന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷമായി.
ചാലഞ്ചിങ് കഥാപാത്രങ്ങൾ
ഹിറോയിൻ കഥാപാത്രമല്ലാതെ സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്ന റോൾ ചെയ്യാൻ എനിക്ക് ഒരുപാടിഷ്ടമാണ്. നേരത്തെ ഞാൻ ചെയ്ത 'ബുർഖ' എന്ന സിനിമയും അങ്ങനെയാണ്. വലിയ ചാലഞ്ചിങ്ങായിട്ടുള്ള കഥാപാത്രമായിരുന്നു അതിൽ. രണ്ടുപേർ മാത്രമാണ് ആ സിനിമയെ മുഴുവൻകൊണ്ടുപോയത്. വിവാദങ്ങൾക്കൊണ്ടും ആ സിനിമ ചർച്ചയായിരുന്നു. ഒരുപാട് ഫെസ്റ്റിവലിൽ സിനിമ തിരഞ്ഞെടുക്കുകയുണ്ടായി. സിനിമയിൽ എത്ര സ്ക്രീൻടൈം ഉണ്ടെന്നതല്ല, ആ കഥാപാത്രം സിനിമയിൽ എന്ത് ചെയ്യുന്നു, എത്ര പ്രാധാന്യം ഉണ്ടെന്നതാണ് ഞാൻ നോക്കുന്നത്.
എല്ലാ ഭാഷയിലേയും സിനിമ കാണുന്നയാളാണ് ഞാൻ. മറ്റ് അഭിനേതാക്കളെ കണ്ട് പഠിക്കാനും സിനിമയിൽ വരുന്ന ടെക്നിക്കലായിട്ടുള്ള മാറ്റങ്ങൾ അറിയാനും ശ്രമിക്കാറുണ്ട്. ഓരോ ദിവസവും സിനിമാലോകത്ത് വലിയ മാറ്റങ്ങളാണ് വരുന്നത്. തിരക്കഥയെഴുതണമെന്നും സിനിമ സംവിധാനം ചെയ്യണമെന്നുമെല്ലാം ആഗ്രഹമുണ്ട്. വായിക്കാനും എഴുതാനും മറ്റ് ആയോധനകലകൾ പഠിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്.
സിനിമ എന്നത് ഒരു ലൈഫ് ലോങ് വർക്കാണ്. ഹീറോയിനായി മാത്രം കാണുമ്പോഴാണ് നിശ്ചിതസമയവും ഭാവിയുമെല്ലാം കയറിവരുന്നത്. എന്നെ സംബന്ധിച്ച് സിനിമയിൽ അഭിനയിക്കുന്നവരെല്ലാം ഹിറോയും ഹീറോയിനുമാണ്. എനിക്ക് മരിക്കുന്നതുവരെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.
മലയാളത്തിനോട് ഇഷ്ടം
ഞാനൊരു സോഫ്റ്റ് വെയർ ഡെവലപ്പറാണ്. എന്റെ ആന്റിയുടെ സുഹൃത്തായിരുന്നു സംവിധായകൻ സിദ്ധിഖ് സർ. ഒരിക്കൽ അവർക്കൊപ്പം ലൊക്കേഷനിൽ പോയി. തമിഴിൽ സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ 'ബിഗ്ബ്രദറി'ന്റെ കാസ്റ്റിങ് കഴിഞ്ഞെന്നും അടുത്തതിൽ നോക്കട്ടെയെന്നും പറഞ്ഞു. പക്ഷേ, കുറച്ചുദിവസങ്ങൾക്കുള്ളിൽ അദ്ദേഹം വിളിച്ചു. അങ്ങനെയാണ് ഞാനും ആ സിനിമയുടെ ഭാഗമായത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നട സിനിമകളിലൊക്കെ അവസരങ്ങൾ തേടിവന്നു.
(പുന:പ്രസിദ്ധീകരണം)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 20 Oct 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented