നിലപാടുകൾകൊണ്ട് വേറിട്ടു നിൽക്കുന്ന ബോളിവുഡ് താരമാണ് താപ്‌സി പന്നു. സിനിമാ ലോകത്തെ സ്ത്രീശരീര പ്രദർശനത്തോടുള്ള അമിത താല്പര്യത്തെക്കുറിച്ച് അവർ അടുത്തിടെ സംസാരിക്കുകയുണ്ടായി. ബോളിവുഡിന് മാറിടത്തോടും ദക്ഷിണേന്ത്യൻ സിനിമകൾക്ക് അരക്കെട്ടിനോടുമാണ് കമ്പമെന്ന തന്റെ മുൻപത്തെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് താരം വ്യക്തമാക്കി.

‘ഒരു പോഡ്‌കാസ്റ്റിനിടെ ദക്ഷിണേന്ത്യൻ സിനിമകളിൽ അരക്കെട്ട് പ്രദർശിപ്പിക്കുന്നതിനോടുള്ള താല്പര്യത്തെക്കുറിച്ചും ഹിന്ദി സിനിമകളിൽ മാറിടം കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും എന്നോട് ചോദിച്ചിരുന്നു. എന്നാൽ എന്റെ മറുപടി ആ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയാണ് പ്രചരിച്ചത്. വിഷയം മാറിടമോ അരക്കെട്ടോ എന്നതല്ല, മറിച്ച് നോക്കുന്ന രീതിയാണ്’ അവർ കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഹിന്ദി എന്നും ദക്ഷിണേന്ത്യൻ എന്നും താൻ ഇതിനെ വേർതിരിച്ചു കണ്ടിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ഹിന്ദി സിനിമകളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാത്തതുകൊണ്ടാകാം അവിടെ ഇത്തരത്തിലുള്ള അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വരാതിരുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ സിനിമകളിൽ കരിയറിന്റെ തുടക്കത്തിൽ ഇത്തരം വേഷങ്ങൾക്കായി പാഡ് ഉപയോഗിക്കാനും ശരീരം പ്രദർശിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്ന് അവർ പറഞ്ഞു.

"എന്തുകൊണ്ടാണ് ഈ ഒരു താല്പര്യം എന്ന് എനിക്കറിയില്ല, പക്ഷേ ഹിന്ദിയിലായാലും ദക്ഷിണേന്ത്യൻ സിനിമകളിലായാലും അത്തരമൊരു പ്രവണത നിലനിൽക്കുന്നുണ്ടെന്ന് നാം സമ്മതിക്കണം. ഏത് ശരീരഭാഗമാണ് ഹൈലൈറ്റ് ചെയ്യുന്നത് എന്നതല്ല, മറിച്ച് അത്തരമൊരു രീതി ഉണ്ടെന്നതാണ് പ്രശ്നം. സെറ്റുകളിൽ സ്ത്രീകൾ കുറവായതിനാൽ സംവിധായകർക്ക് ഇത്തരം കാര്യങ്ങൾ നടിമാരോട് പറയാൻ വലിയ പ്രയാസമായിരുന്നു. അതിനാൽ പലപ്പോഴും പരോക്ഷമായാണ് ഇത് സൂചിപ്പിച്ചിരുന്നത്."

കരിയറിന്റെ തുടക്കത്തിൽ ഇത്തരം ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണവും അവർ വെളിപ്പെടുത്തി. "അന്ന് ഞാൻ സിനിമയിൽ വളരെ പുതിയതായിരുന്നു. കാര്യങ്ങൾ ഇങ്ങനെയാണെന്നാണ് ഞാൻ കരുതിയിരുന്നത്. സംവിധായകനാണ് കപ്പലിന്റെ ക്യാപ്റ്റൻ, അതിനാൽ അദ്ദേഹത്തെ അനുസരിക്കണം. എല്ലാ നായികമാരും ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്, അപ്പോൾ ഞാനും അത് ചെയ്യണം എന്നൊരു തോന്നലുണ്ടായിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതിൽ എനിക്ക് വിഷമമില്ല. അത്തരം വേഷങ്ങൾ ചെയ്തില്ലായിരുന്നുവെങ്കിൽ, ഒരു മുഖ്യധാരാ നടിയാകാൻ കഴിയില്ലായിരുന്നു."

നിലവിൽ അനുഭവ് സിൻഹ സംവിധാനം ചെയ്ത 'അസ്സി' (Assi) എന്ന ചിത്രത്തിലെ പ്രകടനത്തിന് താപ്‌സിക്ക് വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ഒരു പീഡനക്കേസിലെ അതിജീവിതയ്ക്കായി പോരാടുന്ന അഭിഭാഷകയുടെ വേഷമാണ് താപ്‌സി ഇതിൽ കൈകാര്യം ചെയ്യുന്നത്. കനി കുസൃതി, രേവതി, മനോജ് പഹ്വ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെ 5 കോടിയിലധികം രൂപ കളക്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi