പ്രായം 30 കഴിയുന്നതോടെ ശരീരത്തിൽ പല മാറ്റങ്ങളും വരും. മുപ്പത് വയസ്സ് പിന്നിട്ടതിന് ശേഷം തന്റെ ഫിറ്റ്നസ് ദിനചര്യയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ബാഡ്മിന്റൺ താരം പി.വി. സിന്ധു. സോഹ അലി ഖാന്റെ 'ഓൾ എബൗട്ട് ഹെർ' പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.

To advertise here,

31-ാം വയസ്സിൽ തന്റെ പരിശീലന രീതികൾ എങ്ങനെയാണെന്നും കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് പങ്കുവച്ചു.

കുറച്ചുകാലം മുൻപ് സ്വന്തം ശരീരത്തെ മനസ്സിലാക്കാൻ കഴിയാതെ അവർ പ്രയാസപ്പെട്ടിരുന്നു. തുടർച്ചയായി പരിക്കുകൾ ഏൽക്കുന്നത് പതിവായി. "അത് എന്റെ മനസ്സിനെ വല്ലാതെ അലട്ടി, ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നുമില്ല. 'എന്താണ് സംഭവിക്കുന്നത്?' എന്ന ചിന്തയായിരുന്നു," സിന്ധു പറഞ്ഞു.

ഒരു ദിവസം അവർ സ്വന്തം പരിശീലന രീതികളെക്കുറിച്ചും താൻ ചെയ്യുന്നത് ശരിയാണോ എന്നും ആലോചിച്ചു. തന്റെ പിന്തുണാ സംവിധാനത്തിൽ എന്തോ കുറവുണ്ടെന്ന് താരം തിരിച്ചറിഞ്ഞു. "ഞാൻ ഒരു പുതിയ ടീമിനെ കൂടെക്കൂട്ടി. എനിക്ക് ഒരു സ്പോർട്സ് സയൻസ് ടീമുണ്ട്; ഫിസിയോ, ട്രെയിനർ, കോച്ച് എന്നിവരുമുണ്ട്. അപ്പോഴാണ് ഞങ്ങൾക്ക് കൃത്യമായ ഡാറ്റ ലഭിച്ചത്," താരം വ്യക്തമാക്കി.

ടീമിനൊപ്പം മുൻകാല ഡാറ്റയും നിലവിലെ ഡാറ്റയും താരതമ്യം ചെയ്തു. "30 വയസ്സാകുമ്പോൾ നിങ്ങളുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും, വ്യക്തിപരമായി ഞാൻ തിരിച്ചറിഞ്ഞ കാര്യം അതാണ്," അവർ കൂട്ടിച്ചേർത്തു.

തുടർന്ന് സ്പോർട്സ് സയൻസ് ടീമിനൊപ്പം ഇരുന്ന് പദ്ധതികൾ തയ്യാറാക്കി. 20-കളിൽ പ്രതിദിനം അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ പരിശീലിച്ചിരുന്നതിൽ നിന്ന് മാറി, കൂടുതൽ മികച്ച പരിശീലന പദ്ധതി രൂപീകരിച്ചു. "ചെയ്യുന്ന ജോലിയുടെ അളവല്ല, ഗുണനിലവാരമാണ് പ്രധാനം. സുഖമില്ലെങ്കിൽ വിശ്രമമെടുക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചത് അപ്പോഴാണ്," സിന്ധു വിശദീകരിച്ചു.

പരിശീലനത്തോടുള്ള ഈ സമീപനം 2026-ലെ ബി.ഡബ്ല്യു.എഫ് ജപ്പാൻ ഓപ്പൺ കിരീടനേട്ടത്തിലും നിർണ്ണായക പങ്കുവഹിച്ചതായി താരം പറഞ്ഞു. നിലവിൽ 31 വയസ്സുള്ള സിന്ധു തന്റെ ദൈനംദിന ഫിറ്റ്നസ് രീതികളും പോഡ്കാസ്റ്റിൽ പങ്കുവച്ചു. സാധാരണയായി കോർട്ടിലെ പരിശീലനത്തോടെയാണ് ദിവസം ആരംഭിക്കുന്നത്; വൈകുന്നേരങ്ങൾ സ്ട്രെങ്ത് അല്ലെങ്കിൽ എൻഡുറൻസ് വർക്ക്ഔട്ടുകൾക്കായി മാറ്റിവയ്ക്കുന്നു.

രാവിലെ 8:30 മുതൽ 11:30 വരെയാണ് ആദ്യ പരിശീലനം. വീട്ടിൽ തിരിച്ചെത്തിയ ശേഷം സ്ട്രെച്ചിംഗ് നടത്തും. 1:30-ഓടെ ഉച്ചഭക്ഷണം കഴിക്കും. വൈകുന്നേരം 4 മണി മുതൽ 6:30 വരെ വീണ്ടും പരിശീലനത്തിൽ ഏർപ്പെടുന്നു.

കളിക്കുക എന്നത് മാത്രമല്ല വിജയമെന്ന് താരം വ്യക്തമാക്കി. കോർട്ടിനകത്തും പുറത്തും താരങ്ങൾ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തണം. ബാഡ്മിന്റണിന് ആവശ്യമായ കരുത്ത് നേടുന്നതിന് കോർട്ടിന് പുറത്തും വലിയ അളവിൽ പരിശീലനം ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi