അമ്മയായതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരം സമാന്ത റൂത്ത് പ്രഭു. സമാന്തയ്ക്കും ഭർത്താവ് രാജ് നിദിമൊരുവിനും ആൺകുഞ്ഞ് പിറന്നെന്ന വാർത്ത ആരാധകരും സിനിമാലോകവും വലിയ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. നവംബർ 19നായിരുന്നു കുഞ്ഞിന്റെ ജനനം. ദേവ് നിദിമൊരു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. എന്നാൽ പ്രസവസമയത്ത് സമാന്തയ്ക്ക് ചില ആരോഗ്യസങ്കീർണതകൾ നേരിടേണ്ടിവന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രസവത്തിന് സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും ഒടുവിൽ സാധാരണ പ്രസവത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫിലിംബീറ്റിന്റെ റിപ്പോർട്ട് പ്രകാരം, രാജ് നിദിമൊരുവിന്റെ ബന്ധുവും പ്രശസ്ത ഗായികയുമായ ഡോ. ശോഭ രാജുവാണ് സമാന്തയുടെ പ്രസവസമയത്തുണ്ടായ സംഭവങ്ങൾ വെളിപ്പെടുത്തിയത്. പ്രസവത്തിന് മുൻപ് നടത്തിയ സ്‌കാനിങ്ങിൽ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയതായി കണ്ടെത്തിയിരുന്നു. ഇത് കുഞ്ഞിന്റെ ചലനങ്ങളെക്കുറിച്ച് കുടുംബത്തിൽ ആശങ്കയുണ്ടാക്കി. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ചലനങ്ങൾ സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ കുടുംബത്തിന് ആശ്വാസമാവുകയായിരുന്നു.

To advertise here,

എന്നാൽ ആശങ്കകൾ അവിടെയും അവസാനിച്ചിരുന്നില്ല. ഉച്ചഭക്ഷണത്തിനിടെ രാജ് നിദിമൊരു കുടുംബത്തെ വിളിച്ച് സമാന്തയുടെ പ്രസവം സിസേറിയൻ വഴിയാകണമെന്ന് ഡോക്ടർമാർ നിർദേശിച്ച വിവരം അറിയിച്ചു. ഇതോടെ കുടുംബം വീണ്ടും ആശങ്കയിലായി. തുടർന്ന് 25 മുതൽ 30 മിനിറ്റോളം കുടുംബാംഗങ്ങൾ പ്രാർഥനയോടെ കാത്തിരുന്നുവെന്നാണ് ശോഭ രാജു പറയുന്നത്. ഇതിനിടെ രാജിന്റെ അടുത്ത ഫോൺവിളിയെത്തി. സമാന്ത സാധാരണ പ്രസവത്തിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷവാർത്തയായിരുന്നു അത്. സിസേറിയൻ വേണ്ടിവരുമെന്ന് കരുതിയിരുന്ന കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു ഈ വിവരം.

സമാന്തയും കുഞ്ഞ് ദേവും സുഖമായിരിക്കുന്നുവെന്നും ശോഭ രാജു അറിയിച്ചു. എല്ലാം സന്തോഷകരമായി അവസാനിച്ചതിൽ കുടുംബം ദൈവത്തോട് നന്ദി പറയുന്നുവെന്നും ഈ അനുഭവം വലിയൊരു അനുഗ്രഹമാണെന്നും അവർ പറഞ്ഞു.

കുഞ്ഞിന്റെ ജനനത്തിനു പിന്നാലെ കുടുംബത്തിലെ ആഘോഷങ്ങളും പ്രാർഥനകളും തുടരുകയാണ്. രാജ് നിദിമൊരുവിന്റെ സഹോദരി ശീതൾ അടുത്തിടെ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം, ഹാജി അലി ദർഗ, സെന്റ് മൈക്കിൾസ് ചർച്ച് എന്നിവിടങ്ങളിൽ ദർശനം നടത്തി കുഞ്ഞിനായി പ്രാർഥിച്ചിരുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളായി ദേവ് വളരണമെന്നാണ് പ്രാർഥിച്ചതെന്ന് ഈ സന്ദർശനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശീതൾ കുറിച്ചു. മാതാപിതാക്കളായുള്ള പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സമാന്തയ്ക്കും രാജിനും സന്തോഷവും കരുത്തും ആശംസിക്കുകയും ചെയ്തിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi