ജനുവരി 23-നാണ് 'ബോർഡർ 2' റിലീസായത്. സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാഞ്ച്, അഹാൻ ഷെട്ടി, മോന സിങ്, സോനം ബജ്വ എന്നിവരാണ് സിനിമയിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. 1997-ൽ റിലീസായ 'ബോർഡർ' സിനിമയുടെ സീക്വലായിട്ടാണ് ഇത് പുറത്തിറക്കിയത്. 'ബോർഡറി'ൽ സണ്ണി ഡിയോൾ, ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. അനുരാഗ് സിങ് സംവിധാനം ചെയ്ത 'ബോർഡർ 2' നിർമിച്ചിരിക്കുന്നത് ഭൂഷൺ കുമാർ, കൃഷൻ കുമാർ, ജെ.പി.ദത്ത, നിധി ദത്ത എന്നിവർ ചേർന്നാണ്.

To advertise here,

നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 275 കോടി രൂപ ബജറ്റിൽ നിർമിച്ച സിനിമ, ഇതുവരെ 330 കോടി ബോക്‌സോഫീസിൽനിന്ന് നേടിക്കഴിഞ്ഞു. സിനിമ നല്ല അഭിപ്രായം നേടുമ്പോഴും, തന്റെ മകൻ അഹാനും പ്രധാനവേഷത്തിലെത്തിയ 'ബോർഡർ 2' ഇതുവരെ കണ്ടില്ലെന്ന് പറയുകയാണ് നടൻ സുനിൽ ഷെട്ടി.

''ലോകമെമ്പാടുമായി 500 കോടി കളക്ഷൻ നേടുന്നതുവരെ 'ബോർഡർ 2' കാണില്ലെന്ന് ഞാൻ ആദ്യ ദിവസം മുതൽ പറഞ്ഞിരുന്നു. അഹാന് വേണ്ടി എന്റെ മനസ്സിൽ അന്നുമുതലേ ഒരു പ്രാർഥനയായി ഈ ചിന്തയുണ്ട്. അതുകൊണ്ടാണ് സിനിമ ഇതുവരെ കാണാത്തത്. ഒരു ഫ്രെയിം പോലും ഞാൻ കണ്ടിട്ടില്ല. എന്നെ തെറ്റിദ്ധരിക്കരുത്, അത് സിനിമയെക്കുറിച്ചുള്ള അഹങ്കാരമല്ല'', അദ്ദേഹം പറയുന്നു. സിനിമയുടെ പ്രീമിയറിനായി ഭാര്യ മനാ ഷെട്ടി, മകൾ ആതിയ, മരുമകനും ക്രിക്കറ്ററുമായ കെ.എൽ.രാഹുൽ എന്നിവർക്കൊപ്പം സുനിൽ ഷെട്ടിയും എത്തിയിരുന്നു. പക്ഷേ അദ്ദേഹം തിയേറ്ററിനു പുറത്തുതന്നെയിരിക്കാനാണ് തീരുമാനിച്ചത്. സിനിമ കഴിയുന്നതുവരെ മണിക്കൂറുകളോളം അദ്ദേഹം അവിടെ തുടർന്നു. ആരാധകരോട് സംസാരിച്ചും പ്രേക്ഷകരോട് സംവദിച്ചുമാണ് സുനിൽ ഷെട്ടി സമയം ചെലവഴിച്ചത്.

എന്നാൽ, 500 കോടി തികച്ചാൽ കുടുംബസമേതം സിനിമ കാണുമെന്നും സുനിൽ അറിയിച്ചു. ''അഹാനും അവന്റെ സുഹൃത്തുക്കൾക്കും എന്റെ കുടുംബത്തിനുമൊപ്പമാണ് ഞാൻ സിനിമ കാണുക. സണ്ണി ഡിയോൾ, വരുൺ ധവാൻ...തുടങ്ങി സിനിമയുമായി ബന്ധപ്പെട്ടവരെയെല്ലാം ഞാൻ കൂടെ കൊണ്ടുപോകും. അവർക്ക് ഇത് രണ്ടാമത്തെ തവണയായിരിക്കും. പക്ഷേ എന്റെ ആദ്യത്തേതായിരിക്കും. അതിനുശേഷം എത്ര തവണ ഞാൻ ഈ സിനിമ കാണുമെന്ന് എനിക്കറിയില്ല. അഹാനെയും അവന്റെ തീരുമാനങ്ങളെയും കുറിച്ച് ഞാൻ എപ്പോഴും അഭിമാനിക്കുന്നു'', ബോർഡർ 2 താൻ ചെയ്യാൻ ആഗ്രഹിച്ച സിനിമയാണെന്നും സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi