'ബോർഡർ 2' തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഫെബ്രുവരി 12-ന് മുംബൈയിൽ നടന്ന മാധ്യമ സംഗമത്തിൽ സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളും പങ്കെടുത്തിരുന്നു. പരിപാടിയിൽ, ചിത്രത്തിൽ സണ്ണി ഡിയോളിന്റെ ഭാര്യയുടെ വേഷം ചെയ്യുന്ന മോന സിങ്, ഈ സിനിമയുമായുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് വെളിപ്പെടിത്തിയിരുന്നു.

To advertise here,

1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് മോന സിങ് പറഞ്ഞത്. കഥ കേട്ടപ്പോൾത്തന്നെ തനിക്ക് അതുമായി ഒരു ആത്മബന്ധം തോന്നിയെന്നും, ഈ സിനിമയുടെ ഭാഗമാകണമെന്ന് ഉറപ്പിച്ചുവെന്നും താരം വ്യക്തമാക്കി.

മോന സിങ്ങിന് ഈ ചിത്രം ഇത്രമേൽ പ്രാധാന്യമുണ്ടാകാൻ കാരണം അവരുടെ കുടുംബ പശ്ചാത്തലമാണ്. "ഞാൻ ഒരു സൈനികന്റെ മകളാണ്, എന്റെ അച്ഛൻ 1971-ലെ യുദ്ധത്തിൽ പോരാടിയ വ്യക്തിയാണ്," മോണ പറഞ്ഞു. സിനിമയിൽ സണ്ണി ഡിയോളിന്റെ കഥാപാത്രം ഒരു കുഴിബോംബ് മേഖലയിലേക്ക് പ്രവേശിക്കുന്ന നിർണ്ണായക രംഗം, തന്റെ അച്ഛന്റെ ജീവിതാനുഭവവുമായി ഏറെ സാമ്യമുള്ളതാണെന്ന് അവർ വെളിപ്പെടുത്തി.

"അന്ന് അച്ഛൻ ഒരു കുഴിബോംബിൽ ചവിട്ടി. അദ്ദേഹത്തിന് (ജസ്ബീർ സിങ്) തന്റെ പാദം നഷ്ടമായി. അതിനാൽ സിനിമയിലെ സിമി കൗർ എന്ന കഥാപാത്രം അനുഭവിക്കുന്ന ആ നിശ്ചയദാർഢ്യം, ഭയം, ഉത്കണ്ഠ, വേദന എന്നിവയെല്ലാം എന്റെ അച്ഛൻ വഴി ഞാൻ നേരത്തെ തന്നെ അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ്."

യുദ്ധം എന്നത് അതിർത്തിയിലെ സൈനികർ മാത്രമല്ല പോരാടുന്നതെന്നും, അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളിൽ അവർക്കൊപ്പം നിൽക്കുന്ന കുടുംബങ്ങളും ആ പോരാട്ടത്തിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു. 'ബോർഡർ 2' തന്റെ അച്ഛനും എണ്ണമറ്റ സൈനിക കുടുംബങ്ങളുടെ ത്യാഗങ്ങൾക്കുമുള്ള ഒരു സമർപ്പണമാണെന്നും താരം പറഞ്ഞു.

സംവിധായകൻ അനുരാഗ് സിങ്ങിനൊപ്പം പ്രവർത്തിച്ചത് ഒരു ഭാഗ്യമാണെന്നും,  ചിത്രത്തിലെ ഓരോ രംഗവും സംഭാഷണവും താൻ അത്രമേൽ ഇഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.

1997-ലെ ക്ലാസിക് ഹിറ്റ് ചിത്രം 'ബോർഡർ'-ന്റെ തുടർച്ചയായ ഈ സിനിമയിൽ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ സംയുക്ത നീക്കങ്ങളാണ് ചിത്രീകരിക്കുന്നത്. സണ്ണി ഡിയോൾ, മോന സിങ് എന്നിവരെ കൂടാതെ ദിൽജിത് ദോസഞ്ച്, അഹാൻ ഷെട്ടി, വരുൺ ധവാൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 'ബോർഡർ 2' ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ചിത്രം ഇതുവരെ ഏകദേശം 316 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi