ജനുവരി 23-നാണ് 'ബോർഡർ 2' തിയേറ്ററുകളിൽ എത്തിയത്. 1997-ൽ പുറത്തിറങ്ങിയ 'ബോർഡർ' എന്ന ചിത്രത്തിന്റെ ഈ രണ്ടാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സണ്ണി ഡിയോൾ, ദിൽജിത് ദോസാഞ്ജ്, വരുൺ ധവാൻ, അഹാൻ ഷെട്ടി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

To advertise here,

ചിത്രത്തിന്റെ ക്രെഡിറ്റ്‌സ് സീനിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒന്നാം ഭാഗത്തിലെ താരങ്ങൾ വീണ്ടും സ്ക്രീനിൽ എത്തി. ആദ്യ ഭാഗത്തിൽ വീരമൃത്യു വരിച്ച സൈനികരെ അവതരിപ്പിച്ച സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, പുനീത് ഇസ്സർ, സുദേഷ് ബെറി എന്നിവരാണ് ഈ സീനിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അക്ഷയ് ഖന്നയുടെ 'ധുരന്ധർ' എന്ന ചിത്രം വലിയ വിജയമായതിന് പിന്നാലെ, അദ്ദേഹം ബോർഡർ 2-ൽ അതിഥി വേഷത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സിനിമ പുറത്തുവരുന്നത് വരെ അണിയറപ്രവർത്തകർ ഇത് രഹസ്യമാക്കി വെച്ചു. സിനിമയുടെ അവസാനം സണ്ണി ഡിയോളിന്റെ കഥാപാത്രമായ ഫത്തേ സിംങ് കലോർ, ആദ്യ ഭാഗത്തിൽ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ആദരമർപ്പിക്കുന്ന ഭാഗത്താണ് ഇവരെ കാണിക്കുന്നത്.

അക്ഷയ് ഖന്നയുടെ 'ധുരന്ധർ' എന്ന സിനിമയുടെ വിജയം മുതലെടുക്കാൻ വേണ്ടിയാണോ ഈ സീൻ അവസാന നിമിഷം ചേർത്തതെന്ന ചോദ്യത്തിന് നിർമ്മാതാവ് ഭൂഷൺ കുമാർ ഇങ്ങനെ മറുപടി നൽകി: "അങ്ങനെയൊന്നും ഒരു സിനിമ ചെയ്യാൻ കഴിയില്ല. ഇത് നേരത്തെ തന്നെ തിരക്കഥയിൽ ഉണ്ടായിരുന്നതാണ്. 'ധുരന്ധർ' റിലീസ് ചെയ്ത ശേഷമാണ് ഞങ്ങൾ അക്ഷയ് ഖന്നയുടെ ഭാഗങ്ങൾ ചിത്രീകരിച്ചത് എന്നത് സത്യമാണ്. ആ സമയത്ത് അദ്ദേഹത്തിന് വലിയ ജനപ്രീതി ഉണ്ടായിരുന്നു, എന്നാൽ അത് ലാഭമാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. തിരക്കഥ ആവശ്യപ്പെട്ടത് കൊണ്ടാണ് അദ്ദേഹം സിനിമയുടെ ഭാഗമായത്."

"ഡിസംബർ 10, 11 തീയതികളിലാണ് ഞങ്ങൾ അദ്ദേഹത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്. ആദ്യ ഭാഗത്തോടുള്ള ആദരസൂചകമായാണ് അക്ഷയ് ഖന്ന ബോർഡർ 2-ൽ എത്തിയത്. സിനിമ അവസാനിക്കുന്നത് വരെ കാത്തിരിക്കുന്നവർക്ക് ആ 'സുവർണ്ണ നിമിഷം'കാണാം" എന്ന് സംവിധായകൻ അനുരാഗ് സിങ്ങും വ്യക്തമാക്കി.

1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് 'ബോർഡർ 2' ഒരുക്കിയിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi