ഇന്‍സ്റ്റ റീലുകളില്‍ പാട്ടുപാടി ശ്രദ്ധ നേടിയ സുബ്ബലാഷിനി ഇന്ന് സൗത്ത് ഇന്ത്യയിലെ ഹിറ്റ് നമ്പറുകളുടെ ശബ്ദമായി മാറിക്കഴിഞ്ഞു..

സുബ്ബലാഷിനി | Instagram
ഇന്‍സ്റ്റ റീലുകളില്‍ പാട്ടുപാടി ഇടുന്ന ഒരുപാട് ആള്‍ക്കാർ നമുക്ക് ചുറ്റുമുണ്ട്, എന്നാല്‍ ആ പാട്ടുകാര്‍ സിനിമയില്‍ വരുമെന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയ ഗായകരാകാമെന്നും പറഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ പോലും പറയും എന്ത് നല്ല നടക്കാത്ത സ്വപ്‌നമെന്ന്. എന്നാല്‍ സൗത്ത് ഇന്ത്യയിലെ പുതിയ സെന്‍സേഷനായ ഗായിക സുബ്ബലാഷിനിയുടെ ജീവിതകഥ സമാനമാണ്. സംഗീതത്തോടുള്ള അടങ്ങാത്ത ആരാധനമൂലം ഇന്‍സ്റ്റ റീലുകളിലൂടെ പാടികൊണ്ടിരുന്ന പെണ്‍കുട്ടിയാണ് ഇന്ന് പാന്‍ ഇന്ത്യയില്‍ ശ്രദ്ധേയ സിനിമകളിലെ ഹിറ്റ് നമ്പറുകള്‍ പാടുന്നത്. സിനിമ ബന്ധങ്ങളോ പശ്ചാത്തലങ്ങളോ ഇല്ലാത്ത ഒരുഇടത്തരം കുടുംബത്തില്‍ ജനിക്കുകയും സ്വന്തം ആഗ്രഹപ്രകാരം സംഗീതത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്ത കഥയാണ് സുബ്ബലാഷിനിയുടേത്. കൂലിയിലെ മോണിക്ക, പുഷ്പയിലെ കിസിക്ക്, തലൈവന്‍ തലൈവിയിലെ പൊട്ടല മുട്ടായി, നിലാവുക്ക് എന്‍ മേല്‍ എന്നാടി കോപത്തിലെ ഗോള്‍ഡന്‍ സ്പാരോ.. തുടങ്ങി സുബ്ബലാഷിനി പാടിയ പാട്ടുകളെല്ലാം ട്രെന്‍ഡിങ് ലിസ്റ്റ് അടക്കിവാണവയാണ്.
അടങ്ങാത്ത ആഗ്രഹം
ബാങ്ക് ജീവനക്കാരനായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും മകളായ സുബ്ബലാഷിനിക്ക് കുട്ടിക്കാലം മുതലേ സംഗീതത്തോട് അടങ്ങാത്ത ഇഷ്ടമുണ്ടായിരുന്നു. സ്‌കൂളിലെ കലാമത്സരങ്ങളിലെല്ലാം ആവേശപൂര്‍വ്വം പങ്കെടുത്തു. കോളേജ് പഠനത്തിന്റെ സമയമെത്തിയപ്പോള്‍ നല്ലൊരു മ്യൂസിക് ബാന്‍ഡ് ഉള്ള കോളജില്‍ ചേരണമെന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവില്‍ ചെന്നൈയിലെ എത്തിരാജ് വിമണ്‍സ് കോളജില്‍ അവര്‍ അഡ്മിഷന്‍ നേടി. ബി.എ ഇംഗ്ലീഷില്‍ ബിരുദവും പിന്നീട് എം.എസ്.ഡബ്ലുവും പൂര്‍ത്തിയാക്കി. കോളജിലെ ബാന്‍ഡിനൊപ്പം പാടിത്തുടങ്ങിയ സുബ്ബലാഷിനി അതിവേഗം ശ്രദ്ധനേടി. നിരവധി കോളജ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.
2017 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ താന്‍ പങ്കെടുത്ത മത്സരങ്ങളുടെ വീഡിയോകള്‍ അവര്‍ റീലുകളായി പോസ്റ്റ് ചെയ്തു തുടങ്ങി. ചെറുപ്പംതൊട്ടേ പാടുന്നതിനൊപ്പം തന്നെ ഗാനങ്ങള്‍ എഴുതുന്നതിലും സുബ്ബലാഷിനി താത്പര്യം പ്രകടിപ്പിച്ചിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കി അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ റീലുകളായി പോസ്റ്റ് ചെയ്തു. സ്വന്തം പാട്ടുകള്‍ക്കൊപ്പം പ്രശസ്തമായ തമിഴ് സിനിമഗാനങ്ങള്‍ കവര്‍ സോങ്ങായി പാടിയും അവര്‍ പോസ്റ്റ് ചെയ്തു. ചിന്മയി ശ്രീപദ, സത്യശ്രീ ഗോപാലന്‍ എന്നിവരുടെ പാട്ടുകള്‍ക്കാണ് പ്രധാനമായും സുബ്ബലാഷിനി കവറുകള്‍ ചെയ്തത്. 24 എന്ന സിനിമയിലെ 'നാന്‍ ഉന്‍ അഴകനിലെ' എന്ന പാട്ട് കവറായി പോസ്റ്റ് ചെയതത് ഏറെ വൈറലായി. ആ പാട്ട് പാടിയ ചിന്മയി ശ്രീപദ ഇത് കേള്‍ക്കുകയും സുബ്ബലാഷിനിയെ പ്രശംസിച്ച് രംഗത്തുവരികയും ചെയ്തു. പിന്നീടുള്ള ഓരോ വീഡിയോകള്‍ക്കും കൂടുതല്‍ കാഴ്ചക്കാരെത്തി. സംഗീത സംവിധായകനായ ആനന്ദ് കാശിനാഥന്‍ ഈ റീല്‍ വീഡിയോകള്‍ കണ്ട് സുബ്ബലാഷിനിയെ വിളിക്കുകയും ഒരുമിച്ച് വര്‍ക്ക് ചെയ്യാനുള്ള താത്പര്യം അറിയിക്കുകയും ചെയ്തു.
'കാത്താടി' എന്ന ആദ്യ വൈറല്‍
ആനന്ദ് കാശിനാഥന്റെ സംഗീതത്തില്‍ സുബ്ബലാഷിനി എഴുതി ആലപിച്ച 'കാത്താടി' എന്ന സംഗീത ആല്‍ബം 2021 ഡിസംബര്‍ 17 ന് സോണി മ്യൂസിക്കിലൂടെ പുറത്തുവന്നു. സംഗീത ലോകത്ത് നിന്ന് ഏറെ പ്രശംസകിട്ടിയ ഈ ആല്‍ബം എന്നാല്‍ ആദ്യനാളുകളില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. ആദ്യ ആല്‍ബമെന്ന നിലയില്‍ കിട്ടിയ സ്വീകാര്യതയില്‍ സുബ്ബലാഷിനി തൃപ്തയായിരുന്നു. പിന്നീട് സ്വതന്ത്രമായി കുറച്ച് പാട്ടുകള്‍ കൂടി ചെയ്തു. എന്നാല്‍ അവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതോടെ പഠനം പൂര്‍ത്തിയാക്കി സുബ്ബലാഷിനി ജോലിയില്‍ പ്രവേശിച്ചു. ഒരുകമ്പനിയുടെ എച്ച്.ആര്‍ വിഭാഗത്തില്‍ അവര്‍ ജോലി ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി 2023 ഡിസംബറില്‍ 'കാത്താടി' വൈറലാകുന്നത്. ഇന്‍സ്റ്റാ റീല്‍സ് മുഴുവന്‍ ഈ പാട്ട് നിറഞ്ഞു.
ദി ഗോള്‍ഡന്‍ സോങ്
സംഗീത ലോകം ആരാണ് ഈ ഗായികയെന്ന് അന്വേഷിച്ച് തുടങ്ങി. അക്ഷരാര്‍ഥത്തില്‍ സംഗീതലോകം സുബ്ബലാഷിനിയെ മടക്കിവിളിക്കുകയായിരുന്നു. ഈ പാട്ട് കേട്ട് നടനായ വിജയ് ആന്റണി ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് സുബ്ബലാഷിനിയെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കൂടുതല്‍ എഴുതുകയും പാടുകയും ചെയ്യണമെന്ന വിജയ് ആന്റണിയുടെ ഉപദേശം സുബ്ബലാഷിനിക്ക് പുതിയ ഊര്‍ജം നല്‍കി. ഇതിന് പിന്നാലെ ധനുഷ് സംവിധാനം ചെയ്ത 'നിലവുക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന സിനിമയിലെ 'ഗോള്‍ഡന്‍ സ്പാരോ' എന്ന ഗാനം ആലപിക്കാനുള്ള അവസരം സുബ്ബലാഷിനിയെ തേടിയെത്തി. കാത്താടി ആല്‍ബം കേട്ട സംഗീത സംവിധായകന്‍ ജി.വി.പ്രകാശിന്റെ ടീം അംഗമാണ് സുബ്ബലാഷിനിയുടെ പേര് അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. ജി.വി.പ്രകാശ് തൊട്ടടുത്ത ദിവസം തന്നെ സുബ്ബലാഷിനിയെ വിളിച്ച് പാടിപ്പിച്ച് നോക്കുകയും ശബ്ദം ഇഷ്ടപ്പെടുകയുമായിരുന്നു. 'ഗോള്‍ഡന്‍ സ്പാരോ' എന്ന പാട്ട് വലിയ തംരംഗം സൃഷ്ടിച്ചു.
പാന്‍ ഇന്ത്യന്‍ 'കിസിക്ക്'
സിനിമയിലെ ആദ്യ പാട്ട് വൈറലായി നിറയുമ്പോഴാണ് സുബ്ബലാഷിനിയെ തേടി അടുത്ത സിനിമ വരുന്നത്. ദേവി ശ്രീപ്രസാദ് പാടാനിയ സുബ്ബലാഷിനി വിളിച്ചപ്പോഴും പാടിയപ്പോഴും ഒന്നും തന്നെ പുഷ്പ-2 ക്ക് വേണ്ടിയാണ് ഈ പാട്ടെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. തമിഴ്, ഹിന്ദി, തെലുഗ്, കന്നട എന്നീ ഭാഷകളില്‍ 'കിസിക്ക്' പാട്ട് പാടിയത് സുബ്ബലാഷിനി തന്നെയാണ്. പുഷ്പ-2 വിന്റെ ഓഡിയോ ലോഞ്ചിലേക്ക് വിളിവന്നപ്പോഴാണ് ഞാന്‍ പാടിയത് പുഷ്പയ്ക്ക് വേണ്ടിയാണെന്ന് സുബ്ബലാഷിനി തിരിച്ചറിയുന്നത്. ആ പാട്ട് സുബ്ബലാഷിനിക്ക് പാന്‍ ഇന്ത്യന്‍ ലെവലില്‍ തന്നെ പ്രശസ്തി നല്‍കി. സിനിമയും പാട്ടും റെക്കോര്‍ഡ് വിജയം തീര്‍ത്തതോടെ സുബ്ബലാഷിനിയും തെന്നിന്ത്യയിലെ ശ്രദ്ധേയ ഗായികയായി ഉയര്‍ന്നു.
റൊമാന്റിക് ഹിറ്റ്..
കിങ്‌സ്റ്റണ്‍ എന്ന സിനിമയ്ക്ക് വേണ്ടി പാടിയ 'രാസാ രാസാ' എന്ന് തുടങ്ങിയ പാട്ടാണ് സുബ്ബലാഷിനിയുടെ മൂന്നാമത്തെ സിനിമ ഗാനം. ആദ്യരണ്ടുഗാനങ്ങളുടെ അത്ര ഹിറ്റായില്ലെങ്കിലും ആ പാട്ടും പ്രശംസ നേടികൊടുത്തു. പിന്നാലെ വിജയ് സേതുപതി-നിത്യാ മേനോന്‍ ജോഡി ഒന്നിച്ച തലൈവന്‍ തലൈവി എന്ന സിനിമയിലെ ' പൊട്ടല മുട്ടായി' എന്ന ഗാനത്തിന് സുബ്ബലാഷിനി ശബ്ദം നല്‍കി. സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ഈ ഗാനം അക്ഷരാര്‍ഥത്തില്‍ എങ്ങും ആഘോഷമായി മാറി. സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം പാട്ട് തരംഗമായി.
സുബ്ബലാഷിനിയുടെ ആല്‍ബങ്ങളും മുന്‍പ് പാടിയ സിനിമാ ഗാനങ്ങളും സന്തോഷ് നാരായണന്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് തലൈവന്‍ തലൈവി എന്ന സിനിമയിലെ ' പൊട്ടല മുട്ടായി' എന്ന പാട്ട് വന്നപ്പോള്‍ അദ്ദേഹം സുബ്ബലാഷിനിയെ വിളിക്കുന്നത്. ഈ പാട്ട് കൂടി വന്നതോടെ അക്ഷരാര്‍ഥത്തില്‍ തമിഴ് സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയ യുവഗായികയായി അവര്‍ മാറി. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലപ്പിടിപ്പുള്ള ശബ്ദമായി വരുംനാളുകളില്‍ അവര്‍ മാറും.
ട്രെന്‍ഡിങ് 'മോണിക്ക'
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സിനിമയിലെ അമ്പതാം വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ചിത്രം, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വന്‍ താരനിര അണിനിരക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ റിലീസുകളിലൊന്ന്, 'കൂലി' യുടെ ആഘോഷത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പൊട്ടിയ ആദ്യ വെടി 'മോണിക്ക' പാട്ടാണ്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ പൂജ, ഹെഗ്‌ഡേയും സൗബിന്‍ ഷാഹിറും തകര്‍ത്താടിയ മോണിക്ക പാട്ടിന് ശബ്ദമാകാന്‍ അനിരുദ്ധ് തെരഞ്ഞെടുത്തത് കോളിവുഡിന്റെ സെന്‍സേഷണല്‍ പാട്ടുകാരിയായ സുബ്ബലാഷിനിയെ തന്നെയാണ്. അനിരുദ്ധ് വിചാരിച്ചതിനേക്കാള്‍ ഒരുപടി മുകളില്‍ ആ പാട്ട് സുബ്ബലാഷിനി പാടി നല്‍കി. തമിഴ്‌നാട്ടിലെ ഏറ്റവും വിലപ്പിടിപ്പുള്ള രജനികാന്ത്- ലോകേഷ് കനകരാജ്- അനിരുദ്ധ് ത്രയം ഒന്നിക്കുന്ന കൂലിയുടെ ഹിറ്റ് നമ്പര്‍ പാടിയതോടെ സുബ്ബലാഷിനിയെ ഇനി കാത്തിരിക്കുന്നത് അവരുടെ കരിയറിലെ സുവര്‍ണ യുഗമാണ്.
Content Highlights: From Insta reels to chart-topping hits, discover Sublahshini`s journey to becoming a South Indian music icon.
Published: 13 Aug 2025, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented