മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് 'ഫാഷന്‍' (2008). സ്ത്രീകേന്ദ്രീകൃതസിനിമകള്‍ക്ക് പേരുകേട്ട ഭണ്ഡാര്‍ക്കറിന്റെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് 'ഫാഷന്‍'. സിനിമയ്ക്ക് തിരക്കഥയെഴുതിയതും നിര്‍മിച്ചതും ഭണ്ഡാര്‍ക്കര്‍ തന്നെയായിരുന്നു. പ്രിയങ്ക ചോപ്ര, കങ്കണ റണൗട്ട് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായത്. വിമന്‍സ് ഡേ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സിനിമ റീ-റിലീസിങ് ചെയ്യാനൊരുങ്ങുന്നതിനിടെ, 'ഫാഷന്‍' വീണ്ടും ചര്‍ച്ചയാവുകയാണ്.
ഒരു ചെറിയ പട്ടണത്തിലെ പെണ്‍കുട്ടിയില്‍നിന്ന് സൂപ്പര്‍മോഡലായി വളരുന്ന മേഘ്‌ന എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ് 'ഫാഷന്‍'. അതിനിടയില്‍ മോഡലിങ് രംഗത്തെ ചതിക്കുഴികളും മറ്റും സിനിമ ചര്‍ച്ച ചെയ്തു. റിലീസിനുമുമ്പേ കുറേ ചര്‍ച്ചകള്‍ സിനിമയെ ചുറ്റിപ്പറ്റിയുണ്ടായി.
ശിവാനി കപൂര്‍, ഗീതാഞ്ജലി നാഗ്പാല്‍, അലേഷ്യ റൗട്ട് തുടങ്ങിയ ഫാഷന്‍ മോഡലുകളുടെ ജീവിതമാണ് സിനിമയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അതെല്ലാം ഭണ്ഡാര്‍ക്കര്‍ നിഷേധിച്ചു. 2007-ല്‍ ഡല്‍ഹിയിലെ വഴിയോരത്തുനിന്ന് സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തിയ പഴയ സൂപ്പര്‍മോഡല്‍ ഗീതാഞ്ജലി നാഗ്പാലിന്റെ കഥയാണ് 'ഫാഷന്‍' എന്ന് ആളുകളും പറഞ്ഞു. അതോടെ റിലീസിനുമുമ്പ് തങ്ങള്‍ക്കുമുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വിമന്‍, ഭണ്ഡാര്‍ക്കറിനോട് ആവശ്യപ്പെട്ടു. ഗീതാഞ്ജലിയുടെ കഥയും കങ്കണയുടെ കഥാപാത്രവും തമ്മില്‍ സാമ്യമുണ്ടെന്ന ചര്‍ച്ചയാണിതിനുകാരണം. ഒടുവില്‍ ഭണ്ഡാക്കര്‍ കമ്മീഷന്‍ ഓഫീസിലെത്തി സിനിമയുടെ കഥ പറഞ്ഞുകൊടുത്തു. സിനിമ അവര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഒരുകാലത്തെ സൂപ്പര്‍മോഡലായിരുന്ന ഗീതാഞ്ജലിയെ സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ദയനീയസ്ഥിതിയിലായിരുന്നു അവര്‍. മോഡലിങ് അവസരങ്ങളെല്ലാം നഷ്ടപ്പെട്ട്, ആകെ താളംതെറ്റി നില്‍ക്കുകയായിരുന്നു. ജീവിക്കാനായി ഒരു വീട്ടില്‍ ജോലിക്ക് നിന്നു. ലഹരിമരുന്നിനുള്ള പണം കണ്ടെത്തുന്നതിനായി അവര്‍ ലൈംഗികത്തൊഴിലാളിയുമായി. ഒടുവില്‍ മാനസികനില തെറ്റിയ ഗീതാഞ്ജലി, ഡല്‍ഹിയിലെ പാതയോരങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. രാത്രികളില്‍ പാര്‍ക്കിലും മറ്റുമായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്. ഗീതാഞ്ജലിയെ ആരോ തിരിച്ചറിഞ്ഞപ്പോഴാണ് അവരുടെ കഥ എല്ലാവരുമറിയുന്നത്. മാധ്യമങ്ങളെല്ലാം അവരെക്കുറിച്ച് വാര്‍ത്തകൊടുത്തു. ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുന്നില്‍ ശരിക്കുമൊരു മോഡലിനെപ്പോലെ അവര്‍ പോസ് ചെയ്തുകൊടുത്തു. ഇതറിഞ്ഞ വനിതാ കമ്മീഷന്‍ അവരെ മാനസികാസ്പത്രിയിലാക്കി. ഗീതാഞ്ജലിയുടെ ഈ കഥ വില്‍പ്പനയ്ക്ക് വെക്കുന്നുവെന്ന വാദം ഉയര്‍ന്നപ്പോഴാണ് കമ്മീഷന്‍ ഭണ്ഡാര്‍ക്കറിനോട് സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
എന്തായാലും എല്ലാ വിവാദങ്ങള്‍ക്കുമൊടുവില്‍ സിനിമ റിലീസായി. ആ വര്‍ഷത്തെ മികച്ച നടി, മികച്ച സഹനടി എന്നീ ദേശീയപുരസ്‌കാരങ്ങള്‍ യഥാക്രമം പ്രിയങ്ക ചോപ്രയ്ക്കും കങ്കണ റണൗട്ടിനും ലഭിക്കുകയും ചെയ്തു.
തുടര്‍ച്ചയായി ആറ് പരാജയചിത്രങ്ങള്‍ക്കുശേഷം പ്രിയങ്ക തകര്‍ന്നുനില്‍ക്കുമ്പോഴാണ് 'ഫാഷനി'ലേക്ക് വിളിക്കുന്നത്. അവരുടെ കരിയര്‍ കഴിഞ്ഞുവെന്ന് പലരുമെഴുതി. പ്രിയങ്കയുടെ മുഖചിത്രമുള്ള ഒരു മാസികയില്‍, 'Finished' എന്നുപറഞ്ഞാണ് കവര്‍സ്റ്റോറി ചെയ്തത്. ''ഇതൊക്കെ അമ്മയെ വല്ലാതെ പേടിപ്പിച്ചിരുന്നു. ഞാന്‍ ഒന്നുമല്ലാതായി പോവുകയാണെന്ന പേടിയുണ്ടായിരുന്നു അമ്മയ്ക്ക്'', പിന്നീട് പ്രിയങ്ക പറഞ്ഞു. അതുകൊണ്ടുതന്നെ ഭണ്ഡാര്‍ക്കര്‍ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഒന്നും നോക്കാതെ പ്രിയങ്ക ഓകെ പറയുകയായിരുന്നു.
ആ സിനിമ ചെയ്യുന്നതിനുമുമ്പ് പലരും പ്രിയങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ''കരിയറിന്റെ അവസാനകാലത്ത്, ഒരു ദേശീയപുരസ്‌കാരമൊക്കെ കിട്ടിയശേഷമേ എല്ലാ നടിമാരും ഇങ്ങനെയുള്ള റോളുകള്‍ ചെയ്യൂവെന്ന് പലരും പറഞ്ഞു. പുരുഷതാരങ്ങള്‍ക്കൊപ്പമുള്ള സിനിമകള്‍ കിട്ടാത്തതുകൊണ്ടാണ് ഈ സിനിമ ചെയ്യുന്നത്. ഇതും പരാജയപ്പെട്ടാല്‍ മറ്റൊരു ജോലിയും കിട്ടില്ല, ഇങ്ങനെ നിരുത്സാഹപ്പെടുത്താന്‍ ആളുകള്‍ ഏറെയായിരുന്നു''. തന്റെ കരിയര്‍ തന്നെ തിരുത്തിക്കുറിച്ച സിനിമയായിട്ടാണ് ഫാഷനെക്കുറിച്ച് പ്രിയങ്ക പലപ്പോഴും പറഞ്ഞിരുന്നത്.
Content Highlights: fashion movie redefines priyanka chopras career
Published: 07 Mar 2025, 04:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented