തെന്നിന്ത്യൻ നടി രമ്യാ കൃഷ്ണന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് 'ബാഹുബലി'യിലെ ശിവഗാമി. തമിഴ്, മലയാളം, തെലുഗു, ഹിന്ദി സിനിമകളിൽ കുറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ശിവഗാമിയാണ് അവർക്ക് ഏറ്റവും കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്.

എന്നാൽ, അവിചാരിതമായിട്ടാണത്രേ ഈ റോളിലേക്ക് രമ്യാ കൃഷ്ണൻ എത്തുന്നത്. നടി ശ്രീദേവിയെയായിരുന്നു ശിവഗാമിയായി തീരുമാനിച്ചത്. നിർമാതാവ് ശ്രീദേവിയെ അതിനായി സമീപിക്കുകയും ചെയ്തു. എന്നാൽ, അവരുടെ ചില ഡിമാന്റുകൾ കാരണം അത് നടക്കാതെ പോവുകയായിരുന്നു. 10 കോടി രൂപയാണ് ശ്രീദേവി പ്രതിഫലമായി ആവശ്യപ്പെട്ടത്. അതിനൊപ്പം ഒരു ഹോട്ടലിലെ ഒരുനില മുഴുവൻ അവരുടെ കുടുംബത്തിനും സ്റ്റാഫിനുമായി ബുക്ക് ചെയ്യണമെന്നും അവർ പറഞ്ഞു.

കൂടാതെ മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള പത്ത് ഫ്‌ളൈറ്റ് ടിക്കറ്റുകളും അവരുടെ ആവശ്യങ്ങളിലുൾപ്പെട്ടു. അതോടെയാണ് രമ്യാ കൃഷ്ണനെ സമീപിച്ചത്. സിനിമ റിലീസായപ്പോൾ ശ്രീദേവി അതിനെ പ്രശംസകൊണ്ട് മൂടിയിരുന്നു. അന്ന് ശ്രീദേവിയെ കാണാൻ പോയതിനെക്കുറിച്ച് രാജമൗലി തുറന്നുപറയുകയും ചെയ്തു. ''അവരുടെ ഡിമാന്റുകളെല്ലാം അംഗീകരിച്ചാൽ ഞങ്ങളുടെ ബജറ്റ് ഇനിയും കൂടുമെന്ന് ഭയപ്പെട്ടു. അങ്ങനെയാണ് രമ്യാ കൃഷ്ണനോട് സംസാരിക്കുന്നത്. ആ കഥാപാത്രത്തെ രമ്യ ഗംഭീരമാക്കുകയും ചെയ്തു. ശ്രീദേവിയെ ഉൾപ്പെടുത്താതിരുന്നത് ഭാഗ്യമാണെന്ന് അപ്പോൾ ബോധ്യപ്പെട്ടു. അത് സത്യത്തിൽ ഞങ്ങളുടെ ഭാഗ്യമായി മാറി''.

ഇതിനെതിരെ ശ്രീദേവി ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ, ''നിങ്ങളെക്കുറിച്ച് ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ശരിക്കും വേദന തോന്നും. ഈ ആവശ്യങ്ങളെല്ലാം ഞാൻ ഉന്നയിച്ചതായി നിർമാതാവ് രാജമൗലിയോട് തെറ്റായി പറഞ്ഞതാണോ, അതോ ആശയവിനിമയത്തിൽ വന്ന പാകപ്പിഴയാണോ എന്ന് എനിക്കറിയില്ല. എങ്കിലും ഒരു പൊതുവേദിയിൽ രാജമൗലി ഇങ്ങനെ സംസാരിക്കരുതായിരുന്നു''.

വർഷങ്ങൾക്കുശേഷം നിർമാതാവ് ബോണി കപൂർ ആ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. നിർമാതാവാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നാണ് ബോണി കപൂർ പറയുന്നത്. ''ശ്രീദേവിയും രാജമൗലിയും തമ്മിലുണ്ടായ തെറ്റിദ്ധാരണങ്ങൾക്കെല്ലാം കാരണം നിർമാതാവാണ്. അതുകൊണ്ടാണ് ശ്രീദേവിക്ക് ബാഹുബലിയിൽ അഭിനയിക്കാൻ കഴിയാതിരുന്നത്''.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബോണി ഇക്കാര്യം വെളിപ്പെടുത്തിയത്. ''താൻ ശ്രീദേവിയുടെ വലിയൊരു ആരാധകനാണ് എന്നുപറഞ്ഞുകൊണ്ടാണ് രാജമൗലി ആദ്യം ശ്രീദേവിക്ക് മെസേജ് അയയ്ക്കുന്നത്. ശ്രീയുമായി സംസാരിച്ചശേഷം അദ്ദേഹത്തിന് അവളോടുള്ള ബഹുമാനം കൂടി. ശ്രീദേവിയുടെ മറുപടികൾ കണ്ടാണ് അദ്ദേഹത്തിന് ബഹുമാനം തോന്നിയത്. രാജമൗലി ഞങ്ങളെ കാണാൻ വന്നു, കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഒപ്പം നിർമാതാക്കളുമുണ്ടായിരുന്നു.

അതുകഴിഞ്ഞ് രാജമൗലി പുറത്തേക്കിറങ്ങിയപ്പോൾ നിർമാതാക്കൾ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചു. ആ സമയത്തെ ശ്രീദേവിയുടെ പ്രതിഫലത്തേക്കാൾ വളരെ കുറവാണ് അവർ പറഞ്ഞത്. ശ്രീദേവി ഒരു ചെറിയ താരമല്ല. നിർമാതാക്കളുടെ ഈ സമീപനമാണ് പ്രശ്‌നമായത്. നിർമാതാക്കൾ ഇക്കാര്യങ്ങളൊന്നും രാജമൗലിയോട് പറഞ്ഞില്ല. അതുകൊണ്ടാണ് ശ്രീദേവി കുറ്റക്കാരിയായി മാറിയത്'' ബോണി പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi