അമ്പതുവര്‍ഷം മുന്‍പാണ്. അച്ഛന്‍ എന്‍.എന്‍. പിള്ളയ്‌ക്കൊപ്പം 'കാപാലിക' എന്ന സിനിമയുടെ ലൊക്കേഷനിലേക്കെത്തുമ്പോള്‍ നാടകത്തിനപ്പുറം ഒരുജീവിതം വിജയരാഘവന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. പിതാവിന്റെ ശിഷ്യനും സംവിധായകനുമായ ക്രോസ്ബെല്‍റ്റ് മണി അന്ന് അപ്രതീക്ഷിതമായാണ് വിജയരാഘവനെ സിനിമയിലേക്ക് ക്ഷണിച്ചത്. ''കുട്ടാ ഒരു കഥാപാത്രം നീ ചെയ്യ്.'' ആദ്യം മടിച്ചെങ്കിലും സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അന്നാദ്യമായി അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചു. തിരിച്ച് അച്ഛനൊപ്പം ഒളശ്ശയിലേക്ക് വണ്ടികയറുമ്പോള്‍ അടുത്തൊരു സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പിന്നെയും അദ്ദേഹത്തെ തേടി സിനിമയെത്തി. നാടകം മാത്രമാണ് ജീവിതം എന്നുവിചാരിച്ച വിജയരാഘവന്‍ 'ന്യൂഡല്‍ഹി' എന്ന സിനിമയുടെ വിജയത്തോടെ പൂര്‍ണസമയ സിനിമാക്കാരനായി. നായകനായും വില്ലനായും സഹനടനായും മലയാളത്തിന്റെ അഭ്രപാളിയില്‍ വേഷപ്പകര്‍ച്ചകള്‍ നടത്തി. പകരംവയ്ക്കാനില്ലാത്ത നടനമെന്ന് ഓരോ സിനിമ കണ്ടപ്പോഴും പ്രേക്ഷകര്‍ വിധിയെഴുതി.
അഭിനയജീവിതത്തിന്റെ അമ്പത് സുവര്‍ണവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച സ്വഭാവനടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരത്തിന്റെ തിളക്കം. 'പൂക്കാല'ത്തിലെ ഇട്ടൂപ്പായും 'കിഷ്‌കിന്ധാകാണ്ഡ'ത്തിലെ അപ്പുപിള്ളയായും അഭ്രപാളിയില്‍ വീണ്ടും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വിജയരാഘവന്‍, പ്രിയപ്പെട്ടവരുടെ സ്വന്തം കുട്ടേട്ടന്‍ സംസാരിക്കുന്നു.
ആദ്യ സംസ്ഥാന പുരസ്‌കാരം. 'പൂക്കാല'ത്തിലെ 'ഇട്ടൂപ്പ്' എന്ന കഥാപാത്രത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു ?
ഏതൊരു അംഗീകാരവും സന്തോഷമാണ്. കൊച്ചുകുട്ടി തരുന്ന പൂച്ചെണ്ട് മുതല്‍ പുരസ്‌കാരങ്ങള്‍ വരെ. അനുമോദനങ്ങളാണല്ലോ എപ്പോഴും ഒരു കലാകാരന് പ്രചോദനം. അഭിനയം മികച്ചതാണെന്ന് പറയുമ്പോള്‍ വളരെ സന്തോഷമുണ്ട്. അതുപോലെ മോശമായി എന്ന് ആരെങ്കിലും പറയുമ്പോഴും സ്വയം വിലയിരുത്തും. അല്ലാതെ നല്ലതുമാത്രം പറയുമ്പോള്‍ ശ്രദ്ധിക്കുന്ന ആളല്ല.
'പൂക്കാല'ത്തിലൂടെ സംസ്ഥാനപുരസ്‌കാരം ലഭിച്ചു എന്നതില്‍ ഏറെ സന്തോഷം. പുരസ്‌കാരത്തേക്കാള്‍ അങ്ങനെയൊരു കഥാപാത്രം അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് അംഗീകാരമായി കാണുന്നു. വളരെ പ്രായമുള്ള കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പണ്ടുമുതലേ ആഗ്രഹിച്ചിരുന്നു. എന്നില്‍നിന്ന് തീര്‍ത്തും വ്യത്യസ്തരായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ആഗ്രഹമാണ് എപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നത്. പോലീസും വില്ലനും അച്ഛനും പോലെയുള്ള ഭൂരിഭാഗം കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോള്‍ എന്റെ അംശവും അത്തരം കഥാപാത്രങ്ങളില്‍ ഉണ്ടാകും. എന്റെ അംശമില്ലാത്ത കഥാപാത്രത്തിനായുള്ള അന്വേഷണമാണ് ഈ അഭിനയയാത്ര. ഏതൊരു അഭിനേതാവിനും കരിയറില്‍ സ്വന്തം അംശമില്ലാത്ത നാല് കഥാപാത്രങ്ങള്‍ വരെ ചെയ്യാനാകും എന്നാണ് പറയുന്നത്. 'പൂക്കാല'ത്തിലെ 'ഇട്ടൂപ്പ്' അത്തരമൊന്നാണെന്ന് കഥ കേട്ടപ്പോള്‍ തന്നെ മനസ്സിലായി. ഇട്ടൂപ്പിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരിക്കലും വിജയരാഘവനെ പ്രേക്ഷകര്‍ ഓര്‍ക്കരുത് എന്ന് ഉറപ്പിച്ചിരുന്നു.
ഒരുപാട് പ്രത്യേകതകളുള്ള മനുഷ്യനായിരുന്നു ഇട്ടൂപ്പ്. പ്രായത്തിന്റെ ശാഠ്യങ്ങളും കാര്‍ക്കശ്യവും ഭാര്യയോടുള്ള ഇഷ്ടവും എല്ലാം ഉള്ളിലുള്ള ആള്‍. മറ്റൊരു സിനിമയിലും അഭിനയിക്കാതെ മൂന്നുമാസം ഞാന്‍ ഇട്ടൂപ്പിനായി മാറ്റിവെച്ചു. ശരീരഭാരം കുറയ്ക്കാനും ഇട്ടൂപ്പിന്റെ മാനറിസങ്ങള്‍ രൂപപ്പെടുത്താനുമൊക്കെ ആ സമയം ഉപയോഗിച്ചു. പ്രോസ്തെറ്റിക്ക് മേക്കപ്പ് ഇടാമെന്ന് പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. പകരം എന്റെ മുഖത്തുതന്നെ മേക്കപ്പ് ചെയ്ത് ചുളിവുകളും മറ്റും വരുത്താന്‍ നിര്‍ദേശിച്ചു. അങ്ങനെ ചെയ്തില്ലെങ്കില്‍ മുഖത്തെ സൂക്ഷ്മാഭിനയം കിട്ടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
മുന്‍പ് 'ദേശാടനം', 'ലീല' എന്നീ ചിത്രങ്ങളിലും സംസ്ഥാന പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നു, കിട്ടാതെ വന്നപ്പോള്‍ നിരാശ തോന്നിയിട്ടുണ്ടോ?
അന്ന് എല്ലാവരും പുരസ്‌കാരം ഉറപ്പാണെന്ന് പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചു. രണ്ടുതവണയും കിട്ടാതെ വന്നപ്പോള്‍ നിരാശ തോന്നി. പിന്നീട് അത്തരം പ്രതീക്ഷകള്‍ വെച്ചില്ല. ഇത്തവണ കിട്ടിയതില്‍ സന്തോഷം. പിന്നെ പുരസ്‌കാരം കിട്ടിയതുകൊണ്ട് ഞാനൊരു മഹാനടന്‍ ആയെന്നോ, കിട്ടിയില്ലെങ്കില്‍ മോശം നടനാണെന്നോ ഒന്നും വിശ്വസിക്കുന്നില്ല. ഞാനൊരു കൊള്ളാവുന്ന അഭിനേതാവാണ് എന്ന ബോധ്യമുണ്ട്. ആ ആത്മവിശ്വാസമാണ് എന്നെ നിലനിര്‍ത്തുന്നത്.
അഭിനയവഴിയിലേക്ക് കൈപിടിച്ചത് അച്ഛന്‍ തന്നെയായിരുന്നില്ലേ ?
ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അച്ഛനുള്ളതാണ്. ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാരിലൊരാള്‍ ഞാനാണെന്നാണ് വിശ്വസിക്കുന്നത്. എന്‍.എന്‍. പിള്ളയുടെ മകനായി ജനിച്ചു എന്നതാണ് ആ ഭാഗ്യം. കുട്ടിക്കാലം മുതല്‍ വീട്ടില്‍ നാടക റിഹേഴ്സലൊക്കെ കണ്ടാണ് വളര്‍ന്നത്. അച്ഛന്‍ അഭിനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നതും എഴുതുന്നതും നാടകങ്ങളുമായി യാത്ര ചെയ്യുന്നതുമെല്ലാം കണ്ടുവളര്‍ന്നു. എങ്ങനെയാണ് ഒരുകഥാപാത്രത്തെ രൂപപ്പെടുത്തുന്നതെന്ന് പഠിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് അതാണ്.
ചെറുപ്പം മുതലേ നാടകത്തില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്തു. 19-ാം വയസ്സില്‍ ഒരുദിവസം അപ്രതീക്ഷിതമായി വലിയൊരു കഥാപാത്രം ചെയ്യാന്‍ അച്ഛന്‍ എന്നോട് നിര്‍ദേശിച്ചു. ആ കഥാപാത്രം ചെയ്യേണ്ട നടന്‍ പെട്ടെന്ന് അസുഖബാധിതനായപ്പോഴാണ് അത്തമൊരു ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ചത്. ് 65 വയസ്സുകാരന്റെ റോളായിരുന്നു. കഥാപാത്രത്തെ കുറിച്ച് ഒരുധാരണയുമില്ല. എങ്ങനെയോ ചെയ്ത് ഒപ്പിച്ചു. എന്നാല്‍, ഒരുപാടുപേര്‍ അഭിനന്ദിച്ചു. അത് നന്നായിരുന്നില്ല എന്നെനിക്ക് ഇപ്പോള്‍ അറിയാം. കാരണം അത്രപെട്ടെന്ന് അഭിനയിച്ച് ഫലിപ്പിക്കാന്‍ ആര്‍ക്കും ആവില്ല. വേദിയില്‍ കയറി നമ്മളൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആള്‍ക്കാരില്‍ ചിലര്‍ ചിരിക്കും, മറ്റ് ചിലര്‍ കരയും. ആ തത്സമയ പ്രതികരണമാണ് അഭിനേതാവിന്റെ ആവേശവും നിലനില്‍പ്പും. കുറെ നല്ല കഥാപാത്രങ്ങള്‍ അന്ന് നാടകത്തില്‍ ചെയ്യാന്‍ പറ്റി.
നാടകമാണ് ജീവിതമെന്ന് കോളേജ് കാലത്തേ ഉറപ്പിച്ചിരുന്നോ ?
മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നു. കോളേജ് കാലം കഴിയാറായപ്പോള്‍ എന്താണ് ഭാവി പരിപാടി എന്ന് ഒരുദിവസം അച്ഛന്‍ ചോദിച്ചു. എന്തെങ്കിലും നോക്കണം എന്ന് മറുപടി നല്‍കിയപ്പോള്‍ എന്നാല്‍ നാടകത്തിനൊപ്പം കൂടിക്കോ എന്നുപറഞ്ഞു. സത്യത്തില്‍ അച്ഛന്റെ വായില്‍നിന്ന് ആ ഒരു നിര്‍ദേശത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. കാരണം, അഭിനയമാണ് കരിയര്‍ എന്ന് അതിനുമുന്‍പേ ഞാന്‍ തീരുമാനിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒന്നിനും അച്ഛന്‍ നിര്‍ബന്ധിച്ചിട്ടില്ല.
അന്നൊക്കെ എല്ലാദിവസവും നാടകമുണ്ടാകും. ഓരോ നാടകവും വളരെ ആവേശത്തോടെ ചെയ്തു. അതിനിടയില്‍ 1973- ല്‍ അച്ഛന്റെ 'കാപാലിക' എന്ന നാടകം ക്രോസ് ബെല്‍റ്റ് മണി സിനിമയാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഷൂട്ടിങ് കാണാന്‍ അച്ഛനൊപ്പം പോയപ്പോഴാണ് മണിച്ചേട്ടന്‍ ഒരു കഥാപാത്രം ചെയ്യ് എന്ന് പറയുന്നത്. ഞാനില്ല എന്നാദ്യം പറഞ്ഞെങ്കിലും അദ്ദേഹം വിട്ടില്ല.
അന്നെനിക്ക് സിനിമാഭിനയത്തോട് വലിയ താത്പര്യമില്ല. കാരണം, എല്ലാ ദിവസവും നാടകമുണ്ട്, അതിലൂടെയുള്ള പ്രശസ്തിയുണ്ട്. അതില്‍ ഞാന്‍ തൃപ്തനായിരുന്നു. പക്ഷെ, മണിച്ചേട്ടന്റെ നിര്‍ബന്ധത്തിന് വഴങ്ങി അഭിനയിച്ചു. അതായിരുന്നു ആദ്യ സിനിമ. താത്പര്യമില്ലാത്തതിനാല്‍ അടുത്ത സിനിമയ്ക്ക് വേണ്ടി ശ്രമിച്ചില്ല. പിന്നീട് ഏഴുവര്‍ഷത്തിനു ശേഷമാണ് മറ്റൊരു സിനിമയില്‍ അഭിനയിക്കുന്നത്. ശ്രീകുമാരന്‍തമ്പിസാറിന്റെ 'അമ്മയ്ക്കൊരുമ്മ' എന്ന സിനിമ. രണ്ടുവര്‍ഷത്തിനുശേഷം 'സുറുമയിട്ട കണ്ണുകള്‍' എന്ന സിനിമയില്‍ നായകനായി. പിന്നാലെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. സിനിമയും നാടകവും ഒന്നിച്ച് കൊണ്ടുപോകുകയായിരുന്നു. 'ഈ ശബ്ദം ഇന്നത്തെ ശബ്ദം', 'പി.സി. 369' എന്നിവയെല്ലാം ആ കാലത്ത് ചെയ്ത ശ്രദ്ധേയ സിനിമകളാണ്.
സിനിമയാണ് കരിയര്‍ എന്നുറപ്പിക്കുന്നത് ഏത് ഘട്ടത്തിലാണ് ?
1987-ല്‍ ജോഷി സംവിധാനം ചെയ്ത 'ന്യൂഡല്‍ഹി'യിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ആത്മവിശ്വാസം വന്നു. അതോടെ സിനിമ കരിയറാക്കാം എന്ന് തീരുമാനിച്ചു. പിന്നാലെ നാടകാഭിനയം നിര്‍ത്തി, പൂര്‍ണസമയ സിനിമക്കാരനായി. 'ന്യൂഡല്‍ഹി' നേടിയ വിജയം എനിക്കും കരിയറില്‍ ഏറെ ഗുണം ചെയ്തു. സംവിധായകന്‍ ജോഷിയെ അതിനുമുന്‍പേ പരിചയമുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ജോഷിയുടെ കുടുംബത്തിന് അന്ന് വര്‍ക്കലയില്‍ മൂന്ന് തിയേറ്ററുകളുണ്ട്. പടം മാറുന്ന ദിവസം ഈ തിയേറ്ററുകള്‍ നാടകം നടത്താനായി നല്‍കുമായിരുന്നു. അന്നൊക്കെ സിനിമപോലെത്തന്നെ ടിക്കറ്റ് വെച്ചായിരുന്നു നാടകവും. അന്നുതൊട്ട് ജോഷിയെ പരിചയമുണ്ട്. എസ്.എന്‍. കോളേജില്‍ ഞങ്ങള്‍ ഒരേകാലത്താണ് പഠിച്ചത്. സിനിമയിലും ഒരേസമയത്താണ് രണ്ടുപേരും രംഗപ്രവേശം ചെയ്തത്- 'കാപാലിക'യിലൂടെ. ഞാന്‍ അഭിനേതാവായും ജോഷി, മണിസാറിന്റെ അസിസ്റ്റന്റായും. 'ന്യൂഡല്‍ഹി'യില്‍ മികച്ചൊരു കഥാപാത്രംതന്നെ ജോഷി എനിക്ക് സമ്മാനിച്ചു.
സിനിമയില്‍ സജീവമായപ്പോള്‍ അച്ഛന്റെ പ്രതികരണം എങ്ങനെയായിരുന്നു ?
അദ്ദേഹം സന്തോഷവാനായിരുന്നു. ആദ്യകാലത്ത് ഞാന്‍ കുറേ വില്ലന്‍വേഷങ്ങളൊക്കെ ചെയ്തിരുന്നല്ലോ. അപ്പോള്‍ അച്ഛന്‍ എന്നോട് തമാശയ്ക്ക് ചോദിക്കും, ''എന്തിനാടാ ഈ തല്ല് കൊള്ളാന്‍ നടക്കുന്നത്''എന്ന്. അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് എന്നെ വിശ്വാസമായിരുന്നു. അതുപോലെ ഞാന്‍ നാടകം സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. പലപ്പോഴും റിഹേഴ്സല്‍ നടക്കുമ്പോള്‍ ഇനി നീ പറഞ്ഞുകൊടുക്കെന്നുപറഞ്ഞ് അദ്ദേഹം വിശ്രമിക്കും. ഞാന്‍ എങ്ങനെയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടാകും. അച്ഛന്‍ തന്ന ആ അവസരം സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഗുണം ചെയ്തു. 'ഏകലവ്യനി'ലെ ചേറാടി കറിയയെ കണ്ടപ്പോഴാണ് ആദ്യമായി അച്ഛന്‍ സിനിമാഭിനയത്തിന് എന്നെ അഭിനന്ദിച്ചത്. അത് മറക്കാനാവാത്ത ഓര്‍മ്മയാണ്.
ജനിച്ചത് വിദേശത്താണ്, ആ കാലം ഓര്‍മയിലുണ്ടോ?
മലേഷ്യയിലായിരുന്നു ജനനം. അന്ന് അച്ഛന്‍ അവിടെയാണ്. എന്നാല്‍ അധികം കഴിയുംമുന്‍പേ ഞങ്ങള്‍ നാട്ടിലെത്തി. അതിനാല്‍ മലേഷ്യന്‍ കാലമൊന്നും ഓര്‍മ്മയിലില്ല. ചെറുപ്പംതൊട്ട് ഓരോ കാലത്തും ഓരോ തോന്നലുകള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ത്തല എസ്.എന്‍ കോളേജിലാണ് പഠിച്ചത്. അതിനടുത്തൊരു മൈതാനമുണ്ട്. അരികില്‍ പറങ്കിമാവിന്‍ മരങ്ങളും അതിന്റെ തണലുമൊക്കെയുള്ള സ്ഥലം കാണാന്‍ തന്നെ നല്ല രസമാണ്. എല്ലാ വൈകുന്നേരങ്ങളിലും സുഹൃത്തുക്കളായ അതിഥിത്തൊഴിലാളികള്‍ അവിടെ ഒത്തുകൂടും. ഇരുട്ടുപരന്നുകഴിഞ്ഞാല്‍ പിന്നെ ഭയങ്കര ബഹളമായിരിക്കും. എന്താണ് സംഭവമെന്നറിയാന്‍ ഞങ്ങള്‍ ചെന്ന് നോക്കും. മദ്യപിച്ചിട്ട് അവര്‍ പരസ്പരം അടികൂടുന്നതായിരിക്കും. പിറ്റേന്ന് രാവിലെയാകുമ്പോള്‍ അടികൂടിയവന്മാര്‍ തന്നെ തോളില്‍ കൈയിട്ട് പോകുന്നുണ്ടാകും. അത് കാണുമ്പോള്‍ എനിക്ക് അവരിലൊരാളാകണമെന്ന് തോന്നും. അങ്ങനെ നമ്മള്‍ സാധാരണ കാണാത്ത രീതിയിലുള്ള ഒരുപാട് ജീവിതങ്ങള്‍ അന്നെല്ലാം നേരിട്ട് കണ്ടിട്ടുണ്ട്. അന്നുതൊട്ടേ മറ്റൊരാളായി മാറാന്‍ എനിക്കിഷ്ടമാണ്. സിനിമയില്‍ കഥാപാത്രം അങ്ങനെയാണല്ലോ, ഓരോന്നും ഓരോതരം മനുഷ്യര്‍.
(പറയാത്ത സിനിമാക്കഥകള്‍, ആത്മകഥ, അമ്മയോര്‍മ.. അഭിമുഖത്തിന്റെ ബാക്കിഭാഗം അടുത്തലക്കത്തില്‍)
Content Highlights: south india actor vijayaraghavan interview
Published: 20 Oct 2024, 03:30 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented