
"സിനിമയുടേയും കഥാപാത്രങ്ങളുടേയും കാര്യത്തില്‍ ഞാനൊട്ടും സെലക്റ്റീവല്ല.'' അഭിനയജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയരാഘവന്‍ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിക്കുന്നു.'പൂക്കാലം' സിനിമയിലെ നൂറുവയസ്സുകാരന്‍ അപ്പൂപ്പനായും 'നെയ്മറി'ലെ ജീവിതം ആഘോഷിക്കുന്ന മധ്യവയസ്‌ക്കനായും വിജയരാഘവന്‍ തീയേറ്ററില്‍ കയ്യടിനേടി.
പൂക്കാലം സിനിമയെ കുറിച്ചും കഥാപാത്രത്തിന്റെ പ്രകടനത്തെകുറിച്ചുമുള്ള അഭിനന്ദനങ്ങള്‍ വ്യാപകമായി ഉയരുന്നുണ്ട് ?
അഭിനയജീവിതത്തില്‍ വല്ലപ്പോഴും മാത്രം ലഭിക്കുന്ന ചില ഭാഗ്യങ്ങളാണ് ഇവയെല്ലാം.കൊട്ടാരക്കര ചേട്ടന്‍ മുന്‍പ് അരനാഴികനേരത്തിലെ തൊണ്ണൂറുവയസ്സുകാരന്റെ വേഷത്തില്‍ അഭിനയിച്ചത് ഇന്നും മനസ്സിലുണ്ട്. പ്രായംചെന്നൊരു വേഷം ചെയ്യണമെന്നത് വളരെ കാലമായുള്ള ആഗ്രഹമായിരുന്നു. ഏകലവ്യനിലും രൗദ്രത്തിലും ലീലയിലും പൊറിഞ്ചു മറിയത്തിലുമെല്ലാം മുന്‍പ് പ്രായംചെന്ന വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത്തരമൊരു രൂപത്തില്‍ ഇതാദ്യമായിട്ടാണ്.
ഏറെ സന്തോഷത്തോടെയാണ് 'പൂക്കാലം' സിനിമയിലെ അപ്പൂപ്പന്‍ വേഷം സ്വീകരിച്ചത്. സംവിധായകന്‍ ഗണേഷ് രാജും നിര്‍മാതാവ് വിനോദ് ഷൊര്‍ണ്ണൂരും ചേര്‍ന്നാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായെന്നറിയച്ചപ്പോള്‍, കുട്ടേട്ടന്‍(വിജയരാഘവന്‍) ഓക്കെയാണെങ്കില്‍ നമുക്ക് മുന്നോട്ടുപോകാം എന്നാണവര്‍ പറഞ്ഞത്. അപ്പൂപ്പനായി അവരുടെ മനസ്സില്‍ ഞാനാണുള്ളതെന്ന അറിവ് എനിക്കാവേശം നല്‍കി. ആ നിമിഷം മുതല്‍ ഞാന്‍ കഥാപാത്രത്തിനൊപ്പം ചേര്‍ന്നു.
സിനിമാ അഭിനയത്തില്‍ അമ്പത് വര്‍ഷം പിന്നിടുകയാണ്, ചലച്ചിത്രലോകത്തെ പുതിയചുവടുവപ്പുകളെ, തലമുറമാറ്റത്തെ എങ്ങനെ കാണുന്നു
നാടകത്തിനും പിന്നീട് സിനിമക്കൊപ്പവും വളര്‍ന്ന ജീവിതമാണ് എന്റേത.് പല മാറ്റങ്ങളും തൊട്ടരികില്‍ നിന്ന് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമ ഇന്ന് ന്യൂജന്‍ പിള്ളേര്‍ക്കൊപ്പമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. എന്റെ കാഴ്ച്ചപ്പാടില്‍ സിനിമക്കുള്ളില്‍ രണ്ടു വിഭാഗമേയുള്ളൂ, അത് ജോലി അറിയുന്നവരും ജോലി അറിയാത്തവരുമാണ്.ന്യൂജന്‍ സിനിമ എന്നൊക്കെയുള്ള പ്രയോഗം പലകാലങ്ങളിലും കേട്ടിട്ടുണ്ട്. സിനിമയില്‍ എല്ലാക്കാലത്തും പുതിയ രീതികള്‍ കടന്നുവന്നുകൊണ്ടിരിക്കും. നാടകഭാഷ പൊളിച്ചെഴുതി സിനിമയിലേക്ക് ചുവടുവച്ച എഴുപതുകളില്‍ നടന്നത് വലിയ മാറ്റമാണ്. ഇന്നത്തെ കുതിപ്പ് പ്രധാനമായും ടെക്‌നിക്കലായുള്ളതാണ.് ക്യാമറ ആംഗിള്‍, എഡിറ്റിങ്ങ്, സൗണ്ട് അതിലെല്ലാം നൂതനമായ ഒട്ടനവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
നാടകത്തിനൊപ്പമായിരുന്നു വളര്‍ച്ച. അരങ്ങിന്റെ അലകളേറ്റ് വളര്‍ന്ന ബാല്യം, അഭിനയജീവിതത്തിന് കരുത്തേകിയ ആ കാലം, ഓര്‍മ്മകള്‍...
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് അച്ഛനാണ്(എന്‍.എന്‍.പിള്ള).സ്റ്റേജില്‍ എന്നെ അത്ഭുതപ്പെടുത്തയത് ചിറ്റയാണ്(അച്ഛന്റെ സഹോദരി ഓമന). ചിറ്റ കഥാപാത്രമായി മാറുന്നത് അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്. സ്റ്റേജിലെ അവരുടെ പ്രകടനങ്ങള്‍ കണ്ട് ഒപ്പം അഭിനയിച്ചവര്‍ ഡയലോഗ് മറന്ന് നിന്നുപോയതിന് ഞാന്‍ സാക്ഷിയാണ്. കഥാപാത്രമാകുന്നതോടെ ചിറ്റയുടെ നടപ്പും ഭാവവും കണ്ണിന്റെ ഇമവെട്ടലുംവരെ മാറും. നാടകരചനയില്‍ ഏര്‍പ്പെടുന്ന അച്ഛന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്. പുതിയ നാടകത്തിന് അഡ്വാന്‍സ് വാങ്ങി, ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞാലും എഴുത്ത് തുടങ്ങിയിട്ടുണ്ടാകില്ല, എഴുത്തുതുടങ്ങുമ്പോഴെല്ലാം അച്ഛന് ശക്തമായ പനി വരുമായിരുന്നു. പനിവരാതെ എന്റെ ഓര്‍മ്മയില്‍ അച്ഛനൊരു നാടകവും എഴുതിയിട്ടില്ല.
ഒരു സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുന്നത്, കഥാപാത്രത്തെ സ്വീകരിക്കുന്നത്-എന്തെല്ലാം കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്...
സിനിമകളുടേയും വേഷങ്ങളുടെയും തിരഞ്ഞെടുപ്പില്‍ ഞാനൊട്ടും സെലക്റ്റീവല്ല. തൃപ്തികരമായ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഒപ്പം മാത്രമേ സഞ്ചരിക്കൂ എന്ന് തീരുമാനിച്ചാല്‍ ഞാന്‍ വീട്ടിലിരിക്കേണ്ടിവരും. വ്യത്യസ്തവും വലിയ അഭിനയസാധ്യതയുള്ളതുമായ വേഷങ്ങള്‍ വല്ലപ്പോഴുമൊക്കെ മാത്രമേ ഒരു അഭിനേതാവിനെ തേടിയെത്തുകയുള്ളൂ. അഭിനയം ജോലിയാണെന്ന തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ തീര്‍ത്തും കുഴപ്പം പിടിച്ചതാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ വേഷങ്ങളോട് 'നോ'പറയാറുള്ളൂ.
Content Highlights: Actor vijayaraghavan malayalam movie interview
Published: 24 May 2023, 03:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented