ബോളിവുഡ് നടി സോനാക്ഷി സിൻഹ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണോ എന്ന ചർച്ചയിലാണ് നെറ്റിസൺസ്. ചൊവ്വാഴ്ച, ഫാഷൻ ഡിസൈനർ വിക്രം ഫഡ്‌നിസിൻ്റെ ഫാഷൻ ഷോയിൽ സോനാക്ഷിയും ഭർത്താവ് സഹീർ ഇഖ്ബാലും പങ്കെടുത്തിരുന്നു. ഫാഷൻ ലോകത്ത് വിക്രം 35 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച താരനിബിഡമായ ഷോയിൽ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. 'ദബാംഗ്' താരങ്ങളായ സൽമാൻ ഖാനും സോനാക്ഷിയുമായിരുന്നു ഷോയിലെ പ്രധാന ആകർഷണം.

ചുവന്ന നിറത്തിലുള്ള ഫ്ലോറൽ അനാർക്കലി സ്യൂട്ടിൽ സോനാക്ഷി മനോഹരിയായിരുന്നു. അതിനിടെ, ഭർത്താവിനൊപ്പമെത്തിയ സോനാക്ഷിയുടെ മുഖത്ത് പതിവിൽ കവിഞ്ഞൊരു തിളക്കമുണ്ടെന്ന് ആരാധകർ കണ്ടുപിടിച്ചു. റെഡ് കാർപെറ്റിൽ പോസ് ചെയ്യുമ്പോൾ ദുപ്പട്ടയും കൈയും ഉപയോഗിച്ച് സോനാക്ഷി വയറു മറയ്ക്കുന്നതും ശ്രദ്ധയിൽപെട്ടതോടെ സോനാക്ഷി ഗർഭിണിയാണെന്ന അഭ്യൂഹങ്ങളും പരന്നു. ഇതോടെ വീഡിയോ പെട്ടെന്ന് വൈറലാവുകയും ചെയ്തു. സോനാക്ഷി ഗർഭിണിയാണെന്ന് ഉറപ്പിച്ചുപറയുകയാണ് ഇൻ്റർനെറ്റ് ഉപയോക്താക്കളിൽ ചിലർ.

അവരെ കാണാൻ ഗർഭിണിയെപ്പോലെയുണ്ട്. മനോഹരമായ ജോഡി, ഗർഭിണിയാണെങ്കിൽ അഭിനന്ദനങ്ങൾ എന്നിങ്ങനെ നീളുന്നു കമന്റുകൾ. "നന്നായി പരിപാലിക്കപ്പെടുമ്പോൾ ഒരു സ്ത്രീക്ക് പ്രത്യേക തിളക്കമുണ്ടാകും. ഇവിടെ അവർ തിളങ്ങുന്നുണ്ട്. അവർക്ക് ഭാരം കൂടിയെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ അതിനർഥം അവർ തൻ്റെ വിവാഹജീവിതത്തിൽ സന്തോഷവതിയും സംതൃപ്തയുമാണെന്നാണ്. ഭർത്താവിൻ്റെ കൂടെ എപ്പോഴും ഡയറ്റ് ചെയ്യാൻ കഴിയില്ല. വിവാഹത്തിൻ്റെ ആദ്യത്തെ കുറച്ച് വർഷങ്ങളിലെങ്കിലും നിങ്ങൾ പുറത്തുപോയി ഭക്ഷണം കഴിക്കുകയും നല്ല ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യും."-എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അതേസമയം, സോനാക്ഷി ഗർഭിണിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. ഇക്കൊല്ലമാദ്യം അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് തമാശ രൂപേണ അവർ പ്രതികരിച്ചിരുന്നു. ചെറുതായൊന്ന് ഭാരം കൂടിയതാണ്, ഭർത്താവ് അധികം ഭക്ഷണം കഴിപ്പിക്കുന്നുണ്ടെന്നായിരുന്നു പ്രതികരണം. അതേസമയം, ഇത്തവണ നടിയുടെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷമായിരുന്നു സോനാക്ഷിയുടെയും നടൻ സഹീർ ഇക്ബാലിന്റെയും വിവാഹം. അതിനിടെ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi