ഒരു ദിവസം ശരാശരി എത്ര പ്രണയലേഖനങ്ങള്‍ കിട്ടിയിരുന്നു?  

''ഇല്ല, ഒന്നും കിട്ടിയിട്ടില്ല. വിശ്വസിക്കാന്‍ പ്രയാസമാണെന്നറിയാം. എങ്കിലും സത്യമാണ്. ഇന്നുവരെ അത്തരം കത്തുകളൊന്നും  എന്നെ തേടിവന്നിട്ടില്ല. ഒന്നുരണ്ട്  വിവാഹാഭ്യര്‍ത്ഥന വന്നിരുന്നു, ഫോട്ടോ സഹിതം.  അതെല്ലാം പത്തിരുപത്തഞ്ചു വര്‍ഷം മുന്‍പാണ്. ഒരു പക്ഷേ നമ്മുടെ ആളുകള്‍ക്ക് എന്നെ ഒരു കാമുകിയായി കാണാന്‍ പറ്റിയിട്ടുണ്ടാവില്ല. അവര്‍ക്ക്  ഞാന്‍ അമ്മയാണ്, മകളാണ്, ചേച്ചിയാണ്, അനിയത്തിയാണ്, മരുമകളാണ്, കൂട്ടുകാരിയാണ്, അങ്ങനെ പലതുമാണ്. പക്ഷേ കാമുകിയല്ല.  എന്റെ പെരുമാറ്റത്തിന്റെയോ വ്യക്തിത്വത്തിന്റെയോ ഒക്കെ പ്രത്യേകത കൊണ്ടാവാം..''

ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച ചിത്ര മാജിക്ക്   

ദുബായില്‍വെച്ച് കണ്ടുമുട്ടിയ മലപ്പുറംകാരനായ ഷാജി എന്ന കാര്‍ഡ്രൈവറാണ് നായകന്‍. ഷാര്‍ജയിലേക്കുള്ള യാത്രയിലുടനീളം ഷാജിയുടെ കാര്‍സ്റ്റീരിയോയില്‍ മുഴങ്ങിക്കേട്ടത് ചിത്രയുടെ പാട്ടുകള്‍ മാത്രം. കൗതുകംതോന്നി എനിക്ക്. ചോദിക്കാതിരിക്കാനായില്ല: ''മറ്റാരുടെയും പാട്ടുകള്‍ കേള്‍ക്കാറില്ലേ?'' മറുപടിയായി ഷാജി ഒരു കഥ പറഞ്ഞു. അത്യന്തം ഹൃദയസ്പര്‍ശിയായ ഒന്ന്.

അഞ്ചാറു വര്‍ഷം മുന്‍പാണ്. നാട്ടിലെ വിഗ്രഹമോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയെ അറസ്റ്റ് ചെയ്യുന്നു. ''സത്യത്തില്‍ എനിക്ക് ആ കേസില്‍ ഒരു പങ്കും ഉണ്ടായിരുന്നില്ല. അതില്‍പെട്ട ചിലര്‍ സംഭവംനടന്നദിവസം എന്റെ ടാക്സിയില്‍ സഞ്ചരിച്ചതാണ് വിനയായത്. പറഞ്ഞിട്ടെന്തു കാര്യം? ദിവസങ്ങളോളം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്നു. എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന ആളായതുകൊണ്ട് നാട്ടില്‍ ഇതൊരു വലിയ ചര്‍ച്ചാവിഷയമായി. ഏറ്റവും വേദനിച്ചത് അമ്മയും അച്ഛനും മൂന്നു പെങ്ങമ്മാരുമാണ്. മാനക്കേടു സഹിക്കാനാകാതെ ഒരു ദിവസം അമ്മ വിഷംകഴിക്കുകവരെ ചെയ്തു. ഭാഗ്യംകൊണ്ടാണ് അന്നവര്‍ രക്ഷപ്പെട്ടത്. കേസില്‍നിന്ന് ഒഴിവായെങ്കിലും വിഗ്രഹമോഷ്ടാവ് എന്ന പേര് എനിക്ക് വീണുകഴിഞ്ഞിരുന്നു''...

placeholder
ഷാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടം. പതുക്കെ താന്‍പോലുമറിയാതെ വിഷാദരോഗിയായി മാറുകയായിരുന്നു ഷാജി. ''വീട്ടുകാര്‍ക്ക് അപമാനമായി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ജീവനൊടുക്കാന്‍ നിശ്ചയിക്കുന്നത്. ഒരു ഗ്യാസ് കുറ്റി സംഘടിപ്പിച്ചു കാറില്‍ കൊണ്ടുവെച്ചു. കാറിന്റെ ഡോറും വിന്‍ഡോയുമൊക്കെ ഭദ്രമായി അടച്ചശേഷം ഗ്യാസ് തുറന്നുവിട്ട് തീകൊളുത്താനായിരുന്നു പദ്ധതി. ആയിടയ്ക്ക് അങ്ങനെയൊരാള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പത്രത്തില്‍ വായിച്ചിരുന്നു.

ചിത്രയുടെ പാട്ടുകളോട് വലിയ ഇഷ്ടമായിരുന്നതിനാല്‍ വണ്ടിയിലെ സ്റ്റീരിയോയില്‍ 'മഞ്ഞള്‍പ്രസാദം' എന്ന കാസറ്റുംവെച്ചു. ആ ശബ്ദം കേട്ടുകൊണ്ട് മരിക്കണം എന്നായിരുന്നു മോഹം. എനിക്കിഷ്ടമുള്ള പാട്ടുകള്‍ അങ്ങനെ പാടുകയാണ് ചിത്ര - ഇന്ദു പുഷ്പം, വാര്‍മുകിലേ, പാലപ്പൂവേ, രാജഹംസമേ.... ഓരോ പാട്ടും തീരുമ്പോള്‍ അടുത്ത പാട്ട് കേള്‍ക്കാന്‍ തോന്നും. ഓരോ പാട്ടും കേള്‍ക്കുമ്പോ അതിനോട് അനുബന്ധിച്ച നല്ല കാര്യങ്ങള്‍ പലതും ഓര്‍മയില്‍ വരും. മരിക്കാനുള്ള സമയം നീണ്ടു നീണ്ടുപോകുകയായിരുന്നു. കാസറ്റ് 'രാജഹംസമേ' പാടിത്തീരുമ്പോഴേക്കും മരണമോഹം കെട്ടടങ്ങിക്കഴിഞ്ഞിരുന്നു. ഇന്നും ജീവിതത്തില്‍ ദുഃഖങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ഞാനാ ഗാനം കേള്‍ക്കും. എല്ലാ വേദനകളും അലിയിച്ചുകളയാനുള്ള എന്തോ മാന്ത്രികശക്തിയുണ്ട് ആ പാട്ടിന്... ''

ആത്മഹത്യാമുനമ്പില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു ഷാജി. ദുബായില്‍ ടാക്സി ഓടിച്ചും മറ്റും ഉണ്ടാക്കിയ വരുമാനംകൊണ്ട് രണ്ടു സഹോദരിമാരുടെ വിവാഹം നടത്തി. നാട്ടിലുണ്ടാക്കിയ ചീത്തപ്പേര് കുടഞ്ഞുകളയാന്‍ ജീവിതത്തില്‍ വന്ന ഈ മാറ്റം ധാരാളമായിരുന്നു. ഷാജി കഥ പറഞ്ഞു തീര്‍ന്നപ്പോള്‍ ഉടനടി ചെന്നൈയിലേക്ക് വിളിച്ച് ചിത്രയോട് കാര്യം പറയാനാണ് എനിക്ക് തോന്നിയത്. പ്രിയഗായികയോട് സംസാരിക്കാന്‍ ഷാജിക്കും ഉണ്ടാവുമല്ലോ മോഹം? എന്നാല്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു ഷാജിയുടെ പ്രതികരണം: ''വേണ്ട സാര്‍, അവരോട് സംസാരിക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല. ദിവസവും ഞാനവരുടെ പാട്ടുകള്‍ കേള്‍ക്കുന്നു. എനിക്കത് മതി.'' സിനിമയിലെ ഏതെങ്കിലും കഥാസന്ദര്‍ഭത്തെ പൊലിപ്പിക്കാന്‍വേണ്ടിമാത്രം രചിക്കപ്പെടുന്ന ഒരു പാവം ഗാനത്തിന് വിലപ്പെട്ട മനുഷ്യജീവന്‍ രക്ഷിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമാണോ? 

placeholder

അങ്ങനെ എത്രയെത്ര വിചിത്രമായ അനുഭവങ്ങള്‍? എന്തുകൊണ്ട് മലയാളികള്‍ ചിത്രയെ ഇത്രയേറെ സ്നേഹിക്കുന്നു എന്ന് ഓര്‍ത്തുനോക്കിയിട്ടുണ്ട്. പ്രതിഭാശാലിയായ പാട്ടുകാരിയായതുകൊണ്ട് മാത്രമാവില്ല അത്. ശബ്ദമാധുര്യത്തിനും ആലാപനചാതുരിക്കും എല്ലാം അപ്പുറത്ത്, നമ്മളറിയാതെ നമ്മുടെ ഹൃദയത്തെ വന്നുതൊടുന്ന എന്തോ ഉണ്ട് ചിത്രയുടെ വ്യക്തിത്വത്തില്‍. ''ആഹ്ലാദവും ദുഃഖവും ദേഷ്യവും ഒന്നും മറച്ചുവെക്കാനാവില്ല എനിക്ക്. എല്ലാ വികാരങ്ങളും സ്വാഭാവികമായി മുഖത്ത് തെളിഞ്ഞുകൊണ്ടിരിക്കും''- ചിത്രയുടെ വാക്കുകള്‍. പെരുമാറ്റത്തിലെ ഈ സുതാര്യതതന്നെയാവാം ചിത്രയെ മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ മുഴുവന്‍ പ്രിയങ്കരിയാക്കിയത്.
 
പച്ചകുത്തിയവള്‍; ചോരകൊണ്ട് കത്തെഴുതിയവള്‍ 

ദേഹമാസകലം തന്റെ പേര് പച്ചകുത്തിവന്ന ആ തഞ്ചാവൂര്‍ക്കാരി ചിത്രയ്ക്ക് ഒരദ്ഭുതമായിരുന്നു. വലിയൊരു സൗഹൃദത്തിന്റെ തുടക്കമായി ആ കൂടിക്കാഴ്ച. ''ദിനംപ്രതിയെന്നോണം വീട്ടിലേക്ക് അവളെന്നെ ഫോണില്‍ വിളിക്കും. നിരന്തരം കത്തുകളെഴുതും. ലോകത്തിന്റെ ഏതു മൂലയിലായിരുന്നാലും എന്റെ ജന്മദിനത്തില്‍ വളര്‍മതിയുടെ വിളി വന്നിരിക്കും. ഞാന്‍പോലും മറന്നുപോയ ജന്മദിനങ്ങള്‍ അങ്ങനെ അവളെന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്.'' വളര്‍മതിയുടെ ജീവിതത്തിലെ എല്ലാ ആഹ്ലാദദുഃഖങ്ങളിലും - പ്രതിസന്ധിഘട്ടങ്ങളില്‍ വരെ - ചിത്രയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നുകൂടി അറിയുക.

ആരാധകരുടെ അനന്തമായ ഘോഷയാത്ര തുടങ്ങിയിരുന്നതേയുള്ളൂ ചിത്രയുടെ ജീവിതത്തില്‍. ഭാഷയുടെയും ദേശത്തിന്റെയും ഒക്കെ അതിരുകള്‍ഭേദിച്ച സ്നേഹപ്രവാഹം. ''മധുരക്കാരി ഷര്‍മിളയെ ഒരിക്കലും മറക്കാനാവില്ല. കടും ചുവപ്പ് അക്ഷരങ്ങളില്‍ എഴുതിയ ഒരു കത്തിലൂടെയായിരുന്നു അവളുടെ വരവ്. ആദ്യം കൗതുകമാണ് തോന്നിയത്. പക്ഷേ, ഇതെന്റെ സ്വന്തം രക്തംകൊണ്ട് എഴുതിയ കത്താണ് എന്ന വരി വായിച്ചപ്പോള്‍ കൗതുകം ഞെട്ടലിന് വഴിമാറി. വിശ്വസിക്കാനായില്ല എനിക്ക്. ഇങ്ങനെയൊക്കെ എഴുതുമോ ആളുകള്‍?''പക്ഷേ, ഷര്‍മിള നുണപറയുകയായിരുന്നില്ല. സ്വന്തം ചോരയില്‍ തൂലിക മുക്കിക്കൊണ്ടുതന്നെ ആരാധനാപാത്രത്തിന് കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു അവര്‍. കായംകുളംകാരി റാണിയാണ് പിന്നെ വന്നത്. ദിവസവും ഇഷ്ടഗായികയ്ക്ക് കത്തെഴുതും അവള്‍. വളരെ പൊസസീവ് ആണ്. മറ്റാരുമായും ചിത്ര സംസാരിക്കുന്നതുപോലും ഉള്‍ക്കൊള്ളാനാവില്ല. ഇടയ്ക്കിടെ കുറെ പൊട്ട് അയച്ചുതരും. അവയിലേതെങ്കിലും അണിഞ്ഞു വേണം ചിത്ര സ്റ്റേജില്‍ പ്രത്യക്ഷപ്പെടാന്‍. മറ്റൊരു കടുത്ത ആരാധിക ഓരോ വര്‍ഷവും സ്വന്തം പിറന്നാളിന് മുന്‍പ് ഇഷ്ടപ്പെട്ട നിറം ചിത്രയെ അറിയിക്കും. ആ നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസും പിറന്നാള്‍ സമ്മാനമായി ചിത്ര അവള്‍ക്ക് അയച്ചുകൊടുക്കണം. അതാണാവശ്യം. ചിലര്‍ക്ക് വേണ്ടത് ഇഷ്ടപ്പെട്ട ചോക്ലേറ്റാണ്. വൈവിധ്യമാര്‍ന്ന മോഹങ്ങള്‍ അങ്ങനെ എത്രയെത്ര. 

''എന്നെക്കുറിച്ച് കവിതകള്‍ എഴുതി അയയ്ക്കുന്നവരുണ്ട്; എന്റെ ഗാനങ്ങളുടെ പൂര്‍ണശേഖരം ഉണ്ടെന്ന് അവകാശപ്പെടുന്നവരുണ്ട്. ചിത്രങ്ങള്‍ വരച്ച് അയയ്ക്കുന്നവരും നിരവധി. ആരെയും പിണക്കാറില്ല ഞാന്‍. കഴിയുന്നതും പ്രതികരിക്കും. ചിലരുടെയൊക്കെ സൃഷ്ടികള്‍ ഫേസ്ബുക് പേജില്‍ പങ്കുവെക്കും.'' എങ്കിലും അപൂര്‍വമായി ചില ആരാധനകള്‍ പ്രതീക്ഷിക്കാത്ത അപകടങ്ങളിലേക്ക് വഴിതുറന്നിട്ടുമുണ്ട് ചിത്രയുടെ ജീവിതത്തില്‍. നിഷ്‌കളങ്കമനസ്സോടെ എല്ലാ സൗഹൃദങ്ങളെയും സ്വാഗതം ചെയ്യുന്നതുകൊണ്ടുള്ള ദുരനുഭവം.

placeholder

അമ്മയെപ്പോലെ തന്നെ സ്നേഹിക്കുകയും അന്ധമായി ആരാധിക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ മുഖം ചിത്രയുടെ ഓര്‍മയിലുണ്ട്. ''വാട്‌സാപ്പില്‍ ദിവസവും ഇരുപത്തഞ്ചും മുപ്പതും സന്ദേശങ്ങള്‍ അയയ്ക്കുമായിരുന്നു അവള്‍. മെസേജുകളുടെ ആധിക്യംകൊണ്ട് ഫോണ്‍ ഹാങ് ആകുന്ന ഘട്ടംവരെ എത്തി. എന്നിട്ടും ആ കുട്ടിയെ തടയാന്‍ തോന്നിയില്ല. അതവള്‍ക്കൊരു സന്തോഷമാകുമെങ്കില്‍ ആവട്ടെ എന്നായിരുന്നു എന്റെ ചിന്ത.'' പക്ഷേ, ആരാധന അതിരുകടന്നതോടെ കഥ മാറി. ഉടന്‍ ചെന്നൈയിലേക്ക് ട്രെയിന്‍ കയറി വന്ന് എന്നെ കണ്ടേ പറ്റൂ, ഇല്ലെങ്കില്‍ മരിച്ചുപോകുമെന്നൊക്കെ പറയുന്ന ഘട്ടം വരെയെത്തി അത്. അവളുടെ മനസ്സില്‍ അമ്മയുടെ രൂപമായിരുന്നു എനിക്ക്. വീട്ടില്‍വന്ന് മറ്റൊരു നന്ദനയായി മാറി അമ്മയ്ക്കും അച്ഛനും നടുവില്‍ കിടക്കണം എന്നൊക്കെയായി ആവശ്യം. നന്ദന ഓടിക്കളിക്കും പോലെ വീട്ടില്‍ ഓടിക്കളിക്കണം എന്നും. ഒരു കൗമാരക്കാരിയാണ് ഇത് പറയുന്നതെന്നോര്‍ക്കണം. ഞാനുമായി ഒരു ദിവസമെങ്കിലും സംസാരിച്ചില്ലെങ്കില്‍ മരിച്ചുപോകും എന്നൊക്കെ ആ കുട്ടി പറഞ്ഞുകേട്ടപ്പോള്‍ ശരിക്കും ഭയംതോന്നി. എങ്ങോട്ടാണ് ഈ കുട്ടിയുടെ പോക്ക് എന്നതിനെ കുറിച്ച് ഒരു രൂപവും കിട്ടിയില്ല എനിക്ക്.'' 

''എത്രയും പെട്ടെന്ന് ആ കുട്ടിയില്‍നിന്ന് അകലുക.''- മാനസികാരോഗ്യവിദഗ്ധകൂടിയായ സുഹൃത്ത് ചിത്രയ്ക്ക് നല്‍കിയ ഉപദേശം അതായിരുന്നു. ''എന്റെ ഭാഗത്തുനിന്നുള്ള ചെറിയ പ്രതികരണങ്ങള്‍പോലും ആ കുട്ടിക്ക് പ്രോത്സാഹനമാകും എന്നാണ് അവര്‍ പറഞ്ഞത്. അത് അവളുടെ മാനസികനില കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.'' അങ്ങനെ ആ കുട്ടിയുടെകൂടി നന്മ കണക്കിലെടുത്ത് അവളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാന്‍ നിര്‍ബന്ധിതയാകുന്നു ചിത്ര. ''വേദനയോടെയാണ് ഞാനത് ചെയ്തത്. എന്തുചെയ്യാം. അവള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടത് എന്റെകൂടി ആവശ്യമല്ലേ. വിദഗ്ധ ചികിത്സയിലൂടെ അവള്‍ തികച്ചും നോര്‍മല്‍ ആയി മാറും എന്നാണ് പ്രതീക്ഷ. സ്വപ്‌നലോകത്തുനിന്നും അവള്‍ എത്രയും വേഗം പുറത്തുകടക്കുമെന്നും.''

placeholder
ഒറ്റപ്പെട്ട ഉദാഹരണമല്ല ഇതെന്ന് പറയുന്നു ചിത്ര. ''അത്തരം ആരാധകര്‍ വേറെയുമുണ്ട്. ഗുഡ് മോര്‍ണിങ് മെസേജിനു പ്രതികരിച്ചില്ലെങ്കില്‍ പോലും പരിഭവിക്കുന്നവര്‍; നമ്മുടെ മാനസികാവസ്ഥ പരിഗണിക്കാതെ എപ്പോഴും കിന്നാരം പറഞ്ഞു കൊണ്ടിരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍, സമയവും സൗകര്യവുമൊന്നും കണക്കിലെടുക്കാതെ വീട്ടില്‍ വരണമെന്ന് ശഠിക്കുന്നവര്‍.... അങ്ങനെ പലരും. ആരെയും പിണക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും ചിലപ്പോള്‍ ക്ഷമ നശിച്ചുപോകും. ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന ഈ പ്രകൃതം ശരിയല്ല എന്നൊക്കെ പലരും ഉപദേശിച്ചിട്ടുണ്ട്. എന്തുചെയ്യാം. എളുപ്പം മാറ്റാന്‍ പറ്റുന്നതല്ലല്ലോ നമ്മുടെ സ്വഭാവം''-ചിരിയോടെ ചിത്ര പറയുന്നു. ''എങ്കിലും ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ കുറേക്കൂടി ഗൗരവത്തോടെ കാണാന്‍ ശ്രമിക്കാറുണ്ട് ഞാന്‍. നമ്മള്‍ കാരണം മറ്റുള്ളവര്‍ക്കുകൂടി പ്രയാസങ്ങള്‍ ഉണ്ടാകരുത് എന്നാണ് പ്രാര്‍ഥന.''

പൂച്ചയ്ക്ക് പോലും ചിത്രയുടെ പേര്

ഓര്‍മവന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിജയവാഡയില്‍നിന്ന് 'പാട്ടെഴുത്ത്' പംക്തി വായിച്ചു വിളിച്ച ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണ്. ചിത്രയുടെ വലിയൊരു ആരാധികയാണ് ശ്രീജിത്തിന്റെ അംഗപരിമിതയായ അമ്മ. പൂജാമുറിയില്‍ ഭഗവാന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം ചിത്രയുടെയും മകള്‍ നന്ദനയുടെയും പടം തൂക്കിയിരിക്കുന്നു അവര്‍. ''ദിവസവും കാലത്ത് വീല്‍ച്ചെയറിലിരുന്ന് രണ്ടു പടങ്ങളിലും പൂക്കള്‍ അര്‍പ്പിക്കും അമ്മ. നെറ്റിയില്‍ കുങ്കുമവും ചന്ദനവും ചാര്‍ത്തും. മതിവരുവോളം തൊഴും. ചിത്രയുടെ പാട്ടുകള്‍ കേട്ട് വേണം മരിക്കാന്‍ എന്നാണ് അമ്മയുടെ ആഗ്രഹം.... വീട്ടിലെ പൂച്ചയ്ക്ക് പോലും ചിത്രയുടെ പേരാണ് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?''

ഇങ്ങനെയും ഉണ്ടാകുമോ ആളുകള്‍ എന്നായിരുന്നു അന്നത്തെ ചിന്ത. പക്ഷേ, പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ശ്രീജിത്തിന്റെ അമ്മയില്‍ ഒരായിരം അമ്മമാരുടെ മുഖങ്ങള്‍ കാണുന്നു ഞാന്‍; എന്റെ അമ്മയുടേതുള്‍പ്പെടെ.