1989-ൽ കറാച്ചിയിൽവെച്ചുള്ള ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ പാകിസ്താനും ഏറ്റുമുട്ടുകയാണ്. അന്ന് രണ്ടുതാരങ്ങളാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 16 വയസ്സുള്ള സച്ചിൻ ടെണ്ടുൽക്കർ എന്ന ബാറ്റ്‌സ്മാനും 21 വയസ്സുള്ള സലിൽ അങ്കോളയെന്ന ഫാസ്റ്റ് ബൗളറും. രണ്ട് വിക്കറ്റെടുത്ത അങ്കോളയും സച്ചിനും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സച്ചിൻ പിന്നീട് ഇന്റർനാഷണൽ ക്രിക്കറ്റിൽ പേര് കൊത്തിവെച്ചപ്പോൾ, അങ്കോളയുടെ കരിയർ പരിക്കുകളിൽ പെട്ട് പാതിവഴിയിൽ നിലച്ചു.
കർണാടകയിലാണ് അങ്കോളയുടെ ജനനം. 20-ാം വയസ്സിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. മഹാരാഷ്ട്രയ്ക്കുവേണ്ടി കളിച്ച അങ്കോള, ആറ് വിക്കറ്റെടുത്തു. ആ മാച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വഴിതുറക്കുന്നതും. ആദ്യ കളി തന്നെ പാകിസ്താനെതിരെ. അതിൽ രണ്ടുവിക്കറ്റ് എടുത്തെങ്കിലും, പരിക്ക് കാരണം അടുത്ത മത്സരങ്ങളിൽ കളിക്കാൻ പറ്റിയില്ല. എങ്കിലും വൈകാതെ ഏകദിന ടീമിലും ഇടംപിടിച്ചു. 1996-ലെ ലോകകപ്പിലും ഇടംപിടിച്ചെങ്കിലും, ഒരു മാച്ചിലേ കളിക്കാൻ കഴിഞ്ഞുള്ളൂ. പരിക്ക് കാരണം മറ്റുള്ള കളികളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. 1997-ലാണ് കാലിലെ വേദന വിടാതെ പിന്തുടർന്നത്. പരിശോധിച്ചപ്പോൾ ഒരു മുഴ വളരുന്നുവെന്ന് മനസ്സിലായി. അതോടെ കളിയിൽനിന്ന് വിരമിക്കേണ്ടി വന്നു, അതും 28-ാം വയസ്സിൽ. അപ്പോഴേക്കും 20 ഏകദിനങ്ങളിൽനിന്നായി 13 വിക്കറ്റ് എടുത്തിരുന്നു.
എന്നിട്ടും തളരാതെ അഭിനയത്തിലൂടെ തന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. സീരിയലിലാണ് ആദ്യം അഭിനയിച്ചത്. പുറകെ സിനിമയിലുമെത്തി. സഞ്ജയ് ദത്ത് നായകനായ 'കുരുക്ഷേത്ര'യിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം പിതാ, ചുരാ ലിയാ ഹെ തുമ്‌നെ, സൈലൻസ് പ്ലീസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അതിനിടെ, അദ്‌നൻ സമിയുടെ മ്യൂസിക് ആൽബത്തിലൂടെയും ആളുകളുടെ മനസ്സിലിടം പിടിച്ചു.
അവസരങ്ങളേറെ തേടിയെത്തിയിട്ടും പ്രതിഫലം കുറവായിരുന്നു. സാമ്പത്തികപ്രശ്‌നങ്ങൾ വിടാതെ പിന്തുടർന്നു. ഭാര്യ പരിണീതയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബത്തെയും അതൊരുപാട് ബാധിച്ചു. സാമ്പത്തികപ്രശ്‌നങ്ങളും മാനസികപ്രശ്‌നങ്ങളും ഒരുപാട് അലട്ടി. എല്ലാം മറക്കാൻ മദ്യത്തിൽ അഭയം പ്രാപിച്ചു. അധികം വൈകാതെ മുഴുക്കുടിയനായി. കുടുംബത്തിൽനിന്ന് അകലാനും തുടങ്ങി. 2008-ൽ പുണെയിലെ ഒരു ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. ഒട്ടും സഹിക്കാനാവാതെ വന്നപ്പോൾ ഭാര്യ മക്കളെയും കൊണ്ട് അവരുടെ നാടായ പുണെയിലേക്ക് മടങ്ങി, 2011-ൽ വിവാഹമോചനവും. 2013-ൽ പരിണീത വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. എല്ലാം കൊണ്ടും തകർന്ന സമയം.
2020-ൽ ക്രിക്കറ്റിലേക്ക് അദ്ദേഹം മടങ്ങിയെത്തി. ഇത്തവണ സെലക്ടറായിട്ടായിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് സെലക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുത്ത പാനലിലും അദ്ദേഹമുണ്ടായിരുന്നു.
Content Highlights: life story of cricketer actor salil ankola
Published: 01 Apr 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented