ഏറ്റവും പുതിയ ചിത്രമായ 'ഓ റൊമിയോ'യിലൂടെ ആരാധകരെ രസിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. ബോളിവുഡ് നല്ല സിനിമകളുണ്ടാക്കുന്നില്ലെന്നും കൃത്രിമ വിപണനം സിനിമയ്ക്ക് തടസ്സമാകുന്നുവെന്നും പറയുകയാണ് ഷാഹിദ് ഇപ്പോൾ. യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു കലാകാരൻ പ്രേക്ഷകരിൽ നിന്ന് ആധികാരികമായ പ്രതികരണം തേടുന്നതും കൃത്രിമ മാർക്കറ്റിങ്ങും തമ്മിൽ യോജിക്കുന്നില്ലെന്ന് ഷാഹിദ് പറഞ്ഞു. കൃത്രിമ പിആർ സൈക്കിളുകളിൽ താൻ വിശ്വസിച്ചിട്ടില്ലെന്നും, വിപണനം എല്ലാവർക്കും ആവശ്യമാണെങ്കിലും, എത്രത്തോളം ശരിയാണ്, എത്രത്തോളം തെറ്റാണ് എന്ന് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. "ആളുകൾക്ക് മനസ്സിലാവുന്നില്ല, പക്ഷെ ഇത് ജീവിതത്തിലെ ഒരു അത്ഭുതമാണ് - ഒരു മുറിയിൽ നിറയെ ആളുകൾ കൈയ്യടിക്കുന്നു, വിസിൽ മുഴക്കുന്നു, നിങ്ങളെ അംഗീകരിക്കുന്നു, നിങ്ങൾക്ക് അവരെക്കാൾ വലിയ സ്ഥാനം നൽകുന്നു. ഇത് വളരെ മനോഹരമായൊരു കാര്യമാണ്. അതുകൊണ്ടാണ് കല ഇത്ര വിശിഷ്ടമാകുന്നത്. പക്ഷെ ആ പരിശുദ്ധിക്ക് ഭംഗം വരുമ്പോൾ, എന്തെങ്കിലും കൃത്രിമമായത് അതിലേക്ക് വരുമ്പോൾ, അത് പഴയതുപോലെയല്ല അനുഭവപ്പെടുന്നത്."

കൂടാതെ, ദൈർഘ്യമേറിയ സിനിമകൾ കാണുന്ന കാര്യത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ കുറയുന്നതിനെക്കുറിച്ചും നടൻ സംസാരിച്ചു. "പ്രേക്ഷകർക്ക് ക്ഷമ നഷ്ടപ്പെടുന്നു; അവരുടെ മനസ്സിന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അവർക്ക് ഉത്തേജനം ആവശ്യമാണ്, ഇടവേളകൾ ആവശ്യമാണ്, കാരണം ഇത് ഡോപാമൈൻ ഹിറ്റാണ്. പ്രേക്ഷകർക്ക് സിനിമ കാണാൻ താല്പര്യമില്ലാത്തത് കൊണ്ടല്ല, നമ്മൾ ചെയ്യേണ്ടത്ര നല്ല സിനിമകൾ നമ്മൾ ഉണ്ടാക്കുന്നില്ല എന്നതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഹുസൈൻ സെയ്ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് 'ഓ റൊമിയോ' എന്ന ആക്ഷൻ ത്രില്ലർ. ഷാഹിദ് കപൂർ, തൃപ്തി ദിമ്രി, നാന പടേക്കർ, തമന്ന ഭാട്ടിയ, ദിഷ പഠാണി, ഫരീദ ജലാൽ, വിക്രാന്ത് മാസ്സി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi