സൽമാൻ ഖാൻ നായകനായ 'പഥർ കെ ഫൂൽ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് നടി രവീണ ഠണ്ടൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരവും അവർക്ക് ലഭിച്ചു.

ആദ്യ സിനിമയുടെ സെറ്റിൽ സൽമാനും രവീണയും തമ്മിൽ നിരവധി തവണ വഴക്കുണ്ടായി. ഒടുവിൽ രവീണയ്‌ക്കൊപ്പം ജോലി ചെയ്യാൻ സൽമാൻ വിസമ്മതിക്കുക പോലും ചെയ്തു. ഒരഭിമുഖത്തിൽ രവീണ തന്നെയാണിത് തുറന്നുപറഞ്ഞതും. ''ഒരു ക്ലാസ്സിലെ രണ്ട് കുട്ടികളെപ്പോലെയായിരുന്നു ഞങ്ങൾ. എല്ലാത്തിനും വേണ്ടി വഴക്കിടാൻ ആഗ്രഹിക്കുന്ന രണ്ടുകുട്ടികൾ. എനിക്കന്ന് 16 വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ, സൽമാന് 23 വയസ്സുണ്ടാവും. ഏകദേശം ഒരേപോലുള്ള സ്വഭാവമായിരുന്നു ഞങ്ങളുടേത്. രണ്ടുപേരും കുസൃതിക്കാർ. സൽമാന്റെ അങ്കിളും എന്റെ അച്ഛനും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് വീട്ടിൽവെച്ചും പരസ്പരം കാണാറുണ്ടായിരുന്നു. അവിടെയും വഴക്ക് തന്നെ. വീട്ടിലെ ആ വഴക്ക് സെറ്റിലും തുടർന്നുകൊണ്ടേയിരുന്നു. സിനിമയിലുടനീളം ഞങ്ങൾ വഴക്കിട്ടു. ഒടുവിൽ സൽമാൻ പറഞ്ഞു, 'ഇനി ഞാൻ അവളോടൊപ്പം ജോലി ചെയ്യാൻ പോകുന്നില്ല'. മൂന്നുവർഷം കഴിഞ്ഞ് വീണ്ടും ഒരുമിച്ച് അഭിനയിച്ചു''.

സെറ്റിൽവെച്ച് രവീണയും സൽമാനും ബബിൾഗം വീർപ്പിച്ച് പരസ്പരം മുഖത്തേക്ക് ഊതുമായിരുന്നു. ഇതിന്റെ പേരിൽ പലപ്പോഴും വലിയ വഴക്കുണ്ടായി.

''പക്ഷേ സത്യം പറഞ്ഞാൽ, സൽമാൻ നല്ലൊരു വ്യക്തിയാണ്. എന്നും ഒരു സുഹൃത്തിനെ പോലെ എന്റെ കൂടെ നിന്ന ഒരാളുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ഞാനാദ്യം പറയുക സൽമാന്റെ പേരായിരിക്കും. മറ്റെല്ലാവരും ആവശ്യസമയത്ത് പുറം തിരിഞ്ഞുനിൽക്കും, പക്ഷേ ഒരു സുഹൃത്ത് എന്ന നിലയിൽ സൽമാൻ എപ്പോഴും വാക്ക് പാലിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നു'', രവീണ പറയുന്നു.

ആദ്യത്തെ സിനിമയ്ക്കുശേഷം മൊഹ്‌റ, ദിൽവാലെ, ഖിലാഡിയോം കാ ഖിലാഡി, ബഡേ മിയാ ഛോട്ടേ മിയാ, അനാരി നമ്പർ 1 തുടങ്ങിയ സിനിമകളിലൂടെ രവീണയുടെ താരപദവി ഉയർന്നു. 'ഇൻ ഗലിയോം മേ' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇപ്പോൾ തമിഴിൽ സൂര്യയുടെ പടത്തിലാണ് രവീണ അഭിനയിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi