ബാഡ്മിന്റൺ താരം സൈന നേവാളിൻ്റെ ജീവിതകഥ ആസ്പദമാക്കി, 2021-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'സൈന.' സിനിമയിൽ സൈനയുടെ വേഷം ചെയ്തത് പരിണീതി ചോപ്രയായിരുന്നു. അമോൽ ഗുപ്‌ത സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും, പരിണീതി ഇൻസ്റ്റഗ്രാമിൽ സൈനയെ അൺഫോളോ ചെയ്തത് കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതേക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് സൈന.
മുമ്പ് ഈ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പരിണീതി തന്നെ അൺഫോളോ ചെയ്ത കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നും സിനിമ കഴിഞ്ഞപ്പോൾ അവർ അടുത്ത പ്രോജക്റ്റുകളിലേക്ക് മാറിയതാകാം എന്നുമാണ് സൈന പ്രതികരിച്ചത്. അടുത്തിടെ മാധ്യമപ്രവർത്തകൻ, വിക്കി ലാൽവാനിക്ക് നൽകിയ അഭിമുഖത്തിലും സൈന ഇതേ നിലപാട് ആവർത്തിച്ചു. "അവർ എന്നെ അൺഫോളോ ചെയ്ത കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ അവർ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാകാം, സിനിമ കഴിഞ്ഞപ്പോൾ അടുത്ത പ്രോജക്റ്റിലേക്ക് നീങ്ങിയിട്ടുണ്ടാകാം," സൈന പറഞ്ഞു. തനിക്ക് ആരോടും വിദ്വേഷമില്ലെന്നും അവർ വ്യക്തമാക്കി.
പരിണീതിയുടെ അർപ്പണബോധത്തെ സൈന അഭിനന്ദിച്ചു. തങ്ങൾ അടുത്ത സുഹൃത്തുക്കളായില്ലെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള അവരുടെ പരിശ്രമങ്ങളെ താൻ ബഹുമാനിക്കുന്നുവെന്ന് സൈന പറഞ്ഞു. "സൗഹൃദത്തിന് ഒരുപാട് സമയം ഒന്നിച്ച് ചിലവഴിക്കേണ്ടതുണ്ട്. സിനിമ വേഗത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്നതിനാൽ അതിനുള്ള സമയം ലഭിച്ചില്ല. ഞങ്ങൾ എല്ലാ ദിവസവും കാണാറുണ്ടായിരുന്നില്ല," സൈന വ്യക്തമാക്കി.
"കോർട്ടിലെ ചലനങ്ങൾ, ഫോർഹാൻഡ്, ബാക്ക്ഹാൻഡ് ഷോർട്ടുകൾ എന്നിവയിലെല്ലാം ഞാൻ അവരെ സഹായിച്ചിരുന്നു. എൻ്റെ പെരുമാറ്റവും സംസാരരീതിയും അവർ നിരീക്ഷിച്ചിട്ടുണ്ടാകാം. അവർ കഠിനാധ്വാനം ചെയ്യുകയും മികച്ച രീതിയിൽ അഭിനയിക്കുകയും ചെയ്തു. സിനിമ കണ്ടപ്പോൾ എനിക്ക് സങ്കടം പോലും വന്നു," സൈന കൂട്ടിച്ചേർത്തു.
തൻ്റെ ബയോപിക് ഇനി എപ്പോഴെങ്കിലും വീണ്ടും നിർമ്മിക്കുകയാണെങ്കിൽ ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് സൈനയുടെ മറുപടി ശ്രദ്ധ കപൂർ എന്നായിരുന്നു. യഥാർത്ഥത്തിൽ പരിനീതിക്ക് മുമ്പ് ഈ സിനിമയിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് ശ്രദ്ധയെയായിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ശ്രദ്ധയ്ക്ക് പ്രോജക്റ്റിൽ നിന്ന് മാറേണ്ടി വന്നു.
ശ്രദ്ധയെക്കുറിച്ച് സൈന പറഞ്ഞത് ഇങ്ങനെ: "ഞങ്ങൾ ഇപ്പോഴും ബന്ധം പുലർത്താറുണ്ട്. പലതവണ കണ്ടിട്ടുണ്ട്, അവൾ വളരെ നല്ലൊരു പെൺകുട്ടിയാണ്. സിനിമ ചെയ്യാൻ അവൾ സമ്മതിച്ചിരുന്നതാണ്, പക്ഷേ അസുഖം കാരണം പിന്മാറേണ്ടി വന്നു." പരിണീതി തൻ്റെ കഥ സ്ക്രീനിൽ മനോഹരമായി അവതരിപ്പിച്ചുവെങ്കിലും, ആ വേഷം ചെയ്യാൻ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം ശ്രദ്ധ കപൂർ തന്നെയാണെന്ന് സൈന ഉറപ്പിച്ചു പറയുന്നു.
അതേസമയം, ഭർത്താവ് രാഘവ് ചദ്ദയ്ക്കൊപ്പം ആദ്യ കുഞ്ഞിനെ വരവേറ്റ പരിണീതി ചോപ്ര ഈ വിവാദങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saina Nehwal discusses her biopic casting, her initial choice Shraddha Kapoor, and Parineeti Chopra`s performance. Learn more about the film and its actors.
Published: 19 Feb 2026, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented