മറാത്തി സംഗീതജ്ഞനും നാടക നാടകനടനുമായിരുന്നു പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍. അമ്മ ശേവന്തി. ആദ്യത്തെ കുഞ്ഞായി ലത ജനിച്ചപ്പോള്‍ അവളെയും അദ്ദേഹം സംഗീതം പഠിപ്പിച്ചു. അച്ഛനില്‍നിന്ന് പകര്‍ന്നുകിട്ടിയ ആ സംഗീതപാഠങ്ങള്‍ തന്നെയാണ് പില്‍ക്കാലത്ത് കുടുംബം പോറ്റാന്‍ ആ പെണ്‍കുട്ടിയെ സഹായിച്ചതും. സംഗീതത്തിലൂടെ തന്നെ അവര്‍ ലോകത്തിന്റെ നെറുകയിലെത്തുകയും ചെയ്തു. 

ലതയ്ക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ഹൃദയാഘാതം മൂലം മരിക്കുന്നത്. അതോടെ നാല് സഹോദരങ്ങളെയും അമ്മയെയും പോറ്റേണ്ട ചുമതല ലതയുടെ ചുമലുകളിലായി. അച്ഛന്റെ സുഹൃത്തും സിനിമാക്കമ്പനിയുടെ ഉടമയുമായ വിനായക് ദാമോദര്‍, സിനിമയില്‍ അവസരങ്ങള്‍ കിട്ടാനായി ലതയെ സഹായിച്ചു. ആദ്യം അഭിനയത്തിലാണ് അവര്‍ കൈവെച്ചത്. പിന്നീടാണ് സംഗീതത്തിലേക്ക് വരുന്നത്. 1942-ല്‍ ആദ്യമായി സിനിമയ്ക്കുവേണ്ടി പാടിയ പാട്ട്, സിനിമയില്‍ ഉള്‍പ്പെട്ടില്ല. മറ്റൊരു സിനിമയ്ക്കായി പാടാന്‍ ചെന്നപ്പോള്‍, ലതയുടെ ശബ്ദം നേര്‍ത്തതാണെന്ന് പറഞ്ഞ് മടക്കിയയച്ചു. അന്നത്തെ ബോളിവുഡ് പാട്ടുകള്‍ക്ക് ഉറുദുവിനോട് ചെറിയ ചായ്‌വുണ്ടായിരുന്നു. എന്നാല്‍, ലതയുടെ ശബ്ദത്തില്‍ മറാത്തി ഛായയാണെന്ന് പറഞ്ഞ് നിര്‍മാതാക്കള്‍ അവളെ തള്ളിക്കളഞ്ഞു. അതോടെ സിനിമയില്‍ വലിയ ഭാവിയുണ്ടാവില്ലെന്ന് ലത ഉറപ്പിച്ചു. 

അതേ ശബ്ദം കൊണ്ട് ആരാധകരുടെ പ്രിയപ്പെട്ട ലതാജി ആസ്വാദകമനസ്സ് കീഴടക്കി. ലതയുടെ ശബ്ദത്തില്‍ കേട്ട ഏ മേരെ വതന്‍ കെ ലോഗോം എന്ന പാട്ടുകേട്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കണ്ണുനീര്‍ പൊഴിച്ചു. അജീബ് ദാസ്താ ഹെ യേ, ജിയാ ജലേ, ലഗ് ജാ ഗലേ, ആപ്കി നസ്‌റോം നെ സംഛ...ഇന്നും ആളുകള്‍ പാടിക്കൊണ്ടേയിരിക്കുന്ന പാട്ടുകളെത്ര. 

ഹിന്ദി, മറാത്തി, ഭോജ്പുരി, ബഹസ, തെലുഗു, തമിഴ്, സിംഹള, പഞ്ചാബി, ഒറിയ, നേപ്പാളി, കന്നഡ, ഗുജറാത്തി, ബംഗാളി, അസമീസ്...തുടങ്ങി 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാപ്പാട്ടുകള്‍ പാടിയിട്ടുണ്ട് ലതാ മങ്കേഷ്‌കര്‍.

മലയാളത്തില്‍ ഒരേയൊരു പാട്ട്
ഈ ഇതിഹാസഗായിക മലയാളത്തില്‍ ഒരേയൊരു പാട്ടേ പാടിയിട്ടുള്ളൂ, നെല്ല് എന്ന സിനിമയിലെ കദളി കണ്‍കദളി ചെങ്കദളി പൂ വേണോ എന്ന പാട്ടിന് ഇന്നും ആരാധകരേറെയാണ്. സലില്‍ ചൗധരിയാണ് സംഗീതസംവിധാനം ചെയ്തത്. വരികളെഴുതിയത് വയലാറും. ലത ഈ പാട്ടിലേക്കെത്തിയതിനുപിന്നിലൊരു കഥയുണ്ട്. ചെമ്മീന്‍ എന്ന സിനിമയില്‍ പാടുന്നതിനായി സലില്‍ ചൗധരി ലതാ മങ്കേഷ്‌കറിനെ സമീപിച്ചു. കടലിനക്കരെ പോണോരെ എന്ന പാട്ടുപാടുന്നതിനായി. മലയാളം ഉച്ചാരണം ശരിയാവില്ലെന്നും പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷേ, സലില്‍ ചൗധരിയുടെ ആവശ്യത്തിനുമുന്നില്‍ അവര്‍ ഓക്കെ പറഞ്ഞു. അങ്ങനെ അവരെ മലയാളം ഉച്ചാരണം പഠിപ്പിക്കുന്നതിനായുള്ള ശ്രമം തുടങ്ങി. എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല. അതോടെ അവര്‍ പിന്‍മാറുകയും ചെയ്തു.

അപ്പോഴും ലതാ മങ്കേഷ്‌കറിനെ മലയാളത്തില്‍ പാടിക്കണമെന്ന സലില്‍ ചൗധരിയുടെ ആഗ്രഹം ബാക്കിയായി. അങ്ങനെ എട്ടുവര്‍ഷങ്ങള്‍ക്കുശേഷം സലില്‍ ചൗധരി-വയലാര്‍ കൂട്ടുകെട്ടിന്റെ സിനിമയില്‍ പാടാന്‍ അവര്‍ തയ്യാറാവുകയായിരുന്നു.