പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ.. ഓണമെത്തുമ്പോള്‍ അതിനൊപ്പം താളം ചവിട്ടാനും ആസ്വദിക്കാനും മലയാളിക്കെന്നും ഓണപ്പാട്ടിന്റെ മധുരമുണ്ടായിട്ടുണ്ട്. സോഷ്യല്‍മീഡിയയും ദൃശ്യമാധ്യമങ്ങളുമെല്ലാം സജീവമാകുന്നതിന് മുമ്പേ ഓണ സംഗീത ആല്‍ബങ്ങളായി എത്തുന്ന കാസറ്റുകള്‍ക്ക് കേരളത്തില്‍ വലിയ മാര്‍ക്കറ്റുണ്ടായിരുന്നു. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോസും മറ്റ് മ്യൂസിക് കമ്പനികളുമെല്ലാം ഈകാലത്ത് ഒരുപിടി മികച്ച ഓണപ്പാട്ടുകളും മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതിന് മുമ്പേ തന്നെ സിനിമകളില്‍ സലീല്‍ ചൗധരിയും ദേവരാജന്‍ മാഷും മികച്ച ഓണപ്പാട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ ഓണപ്പാട്ടുകളെല്ലാം ഭൂരിഭാഗം മലയാളികളുടെയും ചുണ്ടില്‍ വിരിയുന്നത് ഓരോ വര്‍ഷവും ഓണക്കാലമാകുമ്പോഴാണ്. പൂവിളി പൂവിളി പൊന്നോണമായ്, ഓണപ്പൂവേ ഓമല്‍പ്പൂവേ, പറനിറയെ പൊന്നുരുക്കും പൗര്‍ണമി രാവായ്, ഉത്രാടപ്പൂനിലാവേ വാ... മുതല്‍ തിരുവാവണി രാവ്, ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ... വരെ മലയാളി ആഘോഷമാക്കിയ ഒരുപാട് ഓണപാട്ടുകളുണ്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായും ഇന്‍സ്റ്റാ റീലുകളായുമെല്ലാം പുതിയ കാലത്തും ഈ പാട്ടുകളെല്ലാം ട്രെന്‍ഡിങ്ങാണ്. അത്തരം ചില പാട്ടുകളെ പരിചയപ്പെടാം...

പൂവിളിയും പൊന്നോണവും..

പൂവിളി പൂവിളി പൊന്നോണമായി...
നീ വരൂ നീ വരൂ പൊന്നോണ തുമ്പി...

1977-ല്‍ വിഷുക്കണി എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതിയ പാട്ടാണിത്. സലീല്‍ ചൗധരി എന്ന അനശ്വര സംഗീത സംവിധായകന്റെ ഈണം കൂടി ഈ വരികള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ മലയാളികള്‍ക്ക് എന്നെന്നും ഏറ്റപ്പാടാവുന്ന ഓണപ്പാട്ടായി അത് മാറി. യേശുദാസാണ് ഈ അനശ്വരമായ ഓണഗാനം ആലപിച്ചിരിക്കുന്നത്. പ്രേംനസീറും വിധുബാലയുമാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സലീല്‍ ചൗധരിയുടെ ഈണത്തില്‍ തന്നെ പിറന്ന മറ്റൊരു ഹിറ്റ് ഓണപ്പാട്ടുകൂടിയുണ്ട്.

ഓണപ്പൂവേ... ഓമല്‍പൂവേ...
നീ തേടും മനോഹരതീരം
ദൂരെ മാടി വിളിപ്പൂ..ഇതാ.. ഇതാ...

മഹാനായ കവി ഒ.എന്‍.വി കുറുപ്പ് രചിച്ച ഈ ഗാനം 1978ല്‍ പുറത്തിറങ്ങിയ ' 'ഈ ഗാനം മറക്കുമോ' എന്ന സിനിമയിലേതാണ്. യേശുദാസ് തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. 

placeholder
യേശുദാസും വിദ്യാസാഗറും


പൂവേ പൊലി പൂവേ പൊലി പൂവേ...

സിനിമകളിലെ ഓണപ്പാട്ടുകള്‍ പോലെ ഓണക്കാലത്ത് ഇറങ്ങുന്ന ഓണആല്‍ബങ്ങളും മലയാളി ആഘോഷിമാക്കിയിട്ടുണ്ട്. ആ കൂട്ടത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട പാട്ട് തിരുവോണ കൈനീട്ടം എന്ന ആല്‍ബത്തിലുള്‍പ്പെട്ട ഒന്നാണ്. ഗിരീഷ് പുത്തഞ്ചേരി രചിച്ച് വിദ്യാസാഗര്‍ ഈണം നല്‍കിയ ഈ ഗാനം ഇന്നും ഓണക്കാലമെത്തുമ്പോള്‍ എല്ലായിടത്തും നിറയും
' പറനിറയെ പൊന്നളക്കും
പൗര്‍ണമി രാവായി.
..'' 
എന്ന് തുടങ്ങുന്ന ഈ പാട്ട് ഓണാഘോഷത്തിന്റെ എല്ലാ പ്രൗഡിയും വരികളിലും ഈണത്തിലും നിറച്ചിരിക്കുന്നു. യേശുദാസും സുജാതയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. തരംഗണി ഇറക്കിയ ഓണപ്പാട്ടുകളില്‍ മറ്റൊരു ശ്രദ്ധേയ ഗാനം
' ഉത്രാടപ്പൂനിലാവേ വാ...' 
എന്ന് തുടങ്ങുന്ന പാട്ടാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതവും യേശുദാസിന്റെ ആലാപനവും കൂടി ചേര്‍ന്നപ്പോള്‍ മലയാളിക്ക് എന്നന്നേക്കുമുള്ള ഓണസമ്മാനമായി ആ ഗാനം മാറി. ശ്രീകുമാരന്‍ തമ്പി-യേശുദാസ് കൂട്ടുകെട്ടില്‍ തന്നെ പിറന്ന മറ്റൊരു ശ്രദ്ധേയ ഓണപ്പാട്ടാണ്

' ഓണക്കോടി ഉടുത്തു വാനം മേഘ കസവാലേ, പൊന്‍ മേഘകസവാലേ...'

ദക്ഷിണാമൂര്‍ത്തിയാണ് ഈ അനശ്വരഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 


പുതുകാലത്തിന്റെ ' തിരുവാവണി രാവ്...''

സോഷ്യല്‍ മീഡിയയും വെബ് സീരിസുകളുമെല്ലാം വാഴുന്ന പുതിയ ജനറേഷന്‍ കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ ഓണപ്പാട്ട് ഏതായിരിക്കും..? ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ മലയാളിക്ക് മുന്നിലുള്ളൂ. അത് ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയ്ക്ക് വേണ്ടി ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ' തിരുവാവണി രാവ്, മനസ്സാകെ നിലാവ്...'
എന്ന് തുടങ്ങുന്ന പാട്ടാണ് മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണിമേനോന്റെ ആലാപനം കൂടി ചേര്‍ന്നപ്പോള്‍ സുവര്‍ണ ഗാനങ്ങളുടെ നിരയിലേക്ക് ഈ ഓണപ്പാട്ടും ഉയര്‍ത്തപ്പെട്ടു. വിദേശമലയാളിയും സ്വദേശി മലയാളിയുമെല്ലാം ഒരുപോലെ ഓണക്കാലമാകുമ്പോള്‍ അവന്റെ സോഷ്യല്‍മീഡിയ സ്റ്റാറ്റസുകളില്‍ ഈ പാട്ട് നിറയ്ക്കുന്നു. ഓണഘോഷത്തിന്റെ ഗൃഹാതുരത്വവും സൗന്ദര്യവുമെല്ലാം ഈ പാട്ട് കേള്‍വിക്കാരനില്‍ എത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ സൗന്ദര്യം. അതുപോലെ തന്നെ യൂത്തിനിടയില്‍ ശ്രദ്ധേയമായ മറ്റൊരു ഓണപ്പാട്ടുണ്ട്. റാപ്പ് സംഗീതത്തിന്റെ ചടുലതകൂടി ചേരുന്ന ഈ പാട്ട് കേള്‍ക്കുമ്പോള്‍ മലയാളി അറിയാതെ നൃത്തം ചവിട്ടും.
' ഓണം പാട്ടില്‍ താളം തുള്ളും തുമ്പപ്പൂവേ...' എന്ന് തുടങ്ങുന്ന ഈ പാട്ട് ന്യൂജെന്‍ പിള്ളേര്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാണ്. 2004ല്‍ പുറത്തിറങ്ങിയ ' ക്വട്ടേഷന്‍' എന്ന ചിത്രത്തിലെ പാട്ടാണിത്. ബ്രജേഷ് രാമചന്ദ്രന്റെ വരികള്‍ക്ക് സബീഷ് ജോര്‍ജാണ് സംഗീതം നല്‍കിയിരിക്കുന്നത്. കല്യാണിയാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

ബോംബൈ മാര്‍ച്ച് 12 ലെ ' ഓണവെയില്‍ ഓളങ്ങളില്‍ '' എന്ന് തുടങ്ങുന്ന പാട്ടും ആധുനിക കാലത്ത് ശ്രദ്ധേയമായ ഒന്നാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് അഫ്സൽ യൂസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. എം.ജി ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.