ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ പെർഫെക്ഷനിസം തന്നെയാണ്. ചിത്രീകരണവേളകളിൽ അദ്ദേഹം കലിപ്പനാവുമെന്നും ചില അഭിനേതാക്കൾക്ക് അത് നേരിട്ട് കാണേണ്ടിവന്നിട്ടുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മുതിർന്ന നടൻ റാസ മുറാദ് അതിനെപ്പറ്റി തുറന്നുപറയുകയാണ്. ബൻസാലി പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണെന്നും ടെക്നീഷ്യന്മാരോട് ദേഷ്യപ്പെടാറുണ്ടെന്നുമുള്ള റിപ്പോർട്ടുകളോട് വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താൻ പറയാൻ ശ്രമിക്കുന്നത് മറ്റുള്ളവരെ മനസ്സിലാക്കിക്കൊടുക്കാൻ തുടർച്ചയായി കഴിയാതെ വരുമ്പോഴാണ് അദ്ദേഹം ദേഷ്യപ്പെടാറുള്ളതെന്ന് റാസ പറഞ്ഞു. "തുടക്കത്തിൽ അദ്ദേഹത്തിന് ദേഷ്യമുണ്ടാകാറില്ല. തീർച്ചയായും, ഓരോരുത്തർക്കും അവരുടേതായ സ്വഭാവമുണ്ട്. ആ ദേഷ്യം വ്യക്തിപരമല്ല, ജോലി ശരിയായ രീതിയിൽ നടക്കാത്തതുകൊണ്ട്, ജോലി സംബന്ധമായുള്ളതാണ്. അതിനാൽ, അദ്ദേഹം ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അത് കുഴപ്പമില്ല. മാത്രമല്ല, അദ്ദേഹം തന്റെ അസിസ്റ്റൻ്റുകളോട് മാത്രമേ ദേഷ്യപ്പെടൂ എന്നൊന്നുമില്ല. വലിയ താരങ്ങൾക്ക് നേരെയും അദ്ദേഹം ഒച്ചവെക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്."

രൺവീർ സിങ്, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളോട് ബൻസാലി ദേഷ്യപ്പെടുന്നത് താൻ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച റാസ, താൻ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു.

ബൻസാലിയെ രാജ് കപൂറുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം തുടർന്നു. "അവർക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ അത് തന്നെ കിട്ടണം. സമയം, ഷിഫ്റ്റ്, പണം, സെറ്റ്, തീയതികൾ എന്നിവയെക്കുറിച്ചൊന്നും അവർക്ക് വലിയ ആവലാതികളില്ലായിരുന്നു. നാല് ദിവസത്തിന് പകരം എട്ട് ദിവസമെടുത്താലും കുഴപ്പമില്ല. സെറ്റിൽ എത്തിയാൽ പിന്നെ പൂർണ്ണമായും ജോലിയെക്കുറിച്ചായിരിക്കും ചിന്ത."- ഇരു സംവിധായകരെയും പെർഫെക്ഷനിസ്റ്റുകൾ എന്നാണ് റാസ വിശേഷിപ്പിച്ചത്.

റാസ മുറാദ്, രാജ് കപൂറിനൊപ്പവും ബൻസാലിക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള റാസ, നിരവധി വിജയചിത്രങ്ങളിൽ സഹനടനായും വില്ലൻ വേഷങ്ങളിലൂടെയും പ്രശസ്തനാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi