ബോക്‌സ് ഓഫീസിൽ 330 കോടിയിലധികം നേടി ഇപ്പോൾ ഒടിടിയിലും തരംഗമാവുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. സിനിമയുടെ വിജയത്തെക്കുറിച്ചും കളക്ഷൻ കണക്കുകളിലെ യാഥാർത്ഥ്യത്തെക്കുറിച്ചും തുറന്നു പറയുകയാണ് നിർമ്മാതാക്കളിലൊരാളായ ഫഹദ് ഫാസിൽ.

ആഗോളതലത്തിൽ 330 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടി ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' (Bethlehem Kudumba Unit). എന്നാൽ ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ പുറത്തുവരുമ്പോൾ, അത് അണിയറപ്രവർത്തകർക്ക് ലഭിക്കുന്ന പ്രതിഫലമോ ലാഭമോ അല്ലെന്ന് വ്യക്തമാക്കുകയാണ് ഫഹദ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ വിജയത്തെക്കുറിച്ചും കളക്ഷനെക്കുറിച്ചും സംസാരിച്ചത്.

കളക്ഷനായി കേൾക്കുന്ന തുക മുഴുവൻ തങ്ങൾക്ക് ലഭിക്കുമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ഫഹദ് ചൂണ്ടിക്കാട്ടി. "ഈ പറയുന്ന 300 കോടിയുടെ പകുതി പോലും ഞങ്ങൾക്ക് ആർക്കും കിട്ടാൻ പോകുന്നില്ല. അത് ആകെ ലഭിച്ച ഗ്രോസ് കളക്ഷൻ മാത്രമാണ്. എന്നാൽ ബെത്‌ലഹേം ഇത്ര വലിയ വിജയമായതിൽ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. ഇത് എന്റെ മാത്രം വിജയമല്ല. സംവിധായകൻ ഗിരീഷ്, നിർമ്മാതാക്കളായ ശ്യാം, ദിലീഷ് എന്നിവരടങ്ങുന്ന ഞങ്ങളുടെ എല്ലാവരുടെയും കൂട്ടായ്മയുടെ വിജയമായാണ് ഞാൻ ഇതിനെ കാണുന്നത്," ഫഹദ് പറഞ്ഞു.

ചിത്രത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗം ഏതാണെന്നും ഫഹദ് വെളിപ്പെടുത്തി. മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ റീ-ക്രിയേഷൻ സീനാണ് ഫഹദിനെ ഏറെ ആകർഷിച്ചത്. "ബെത്‌ലഹേമിൽ ആഷ്ലിയുടെയും ജസ്റ്റിന്റെയും പ്രണയ രംഗങ്ങളുടെ റീ-ക്രിയേഷൻ സീനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അത് വലിയ രീതിയിൽ എന്നെ സ്പർശിച്ചു. ഇത്തരം സാങ്കേതികരീതികൾ മലയാള സിനിമയിൽ അധികം ഉപയോഗിച്ചു കണ്ടിട്ടില്ല. എനിക്കത് ഒരുപാട് ഇഷ്ടപ്പെട്ടു," ഫഹദ് കൂട്ടിച്ചേർത്തു.

ഓണം റിലീസായി ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തിയ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ട്രാക്കിങ് സൈറ്റായ സാക്നിൽക് കണക്കുകൾ പ്രകാരം 330 കോടിയാണ് ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 164.25 കോടി നേടിയിട്ടുണ്ട്.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രം ഒക്ടോബർ രണ്ട് മുതൽ ജിയോ ഹോട്സ്റ്റാറിലും ലഭ്യമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi