ഇന്ത്യയിലെ ഏറ്റവും ആദരണീയനായ വ്യക്തികളിലൊരാളാണ് രത്തൻ ടാറ്റ, ടാറ്റ ഗ്രൂപ്പിനെ മുൻപന്തിയിലെത്തിച്ചയാൾ. 1991 മുതൽ 2012 വരെ ടാറ്റാ സൺസിന്റെ ചെയർമാനായിരുന്ന കാലത്ത് ടാറ്റാ ഗ്രൂപ്പിന്റെ ഒട്ടേറെ കമ്പനികളെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചിട്ടുണ്ടദ്ദേഹം. വ്യവസായ സാമ്രാജ്യങ്ങൾക്കപ്പുറം അദ്ദേഹമൊരു ബോളിവുഡ് ചിത്രവും നിർമിച്ചിരുന്നു. ഒരേയൊരു ബോളിവുഡ് ചിത്രം.

വിവിധ ബിസിനസ്സ് സംരംഭങ്ങളിൽ വിജയം കൈവരിച്ച ആത്മവിശ്വാസത്തിലാവാം രത്തൻ ടാറ്റ ബോളിവുഡിലും ഒരു കൈ നോക്കാമെന്നു കരുതിയത്. 'ഏത്ബാർ' എന്ന ചിത്രത്തിനാണ് അദ്ദേഹം സഹനിർമാതാവായത്. 2004-ൽ പുറത്തിറങ്ങിയ റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ 'ഏത്ബാറി'ൽ അമിതാഭ് ബച്ചൻ, ബിപാഷ ബസു, ജോൺ എബ്രഹാം എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ.

തൻ്റെ മകളെ അക്രമാസക്തനും അപകടകാരിയുമായ കാമുകനിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്ന ഡോ. രൺവീർ മൽഹോത്ര (അമിതാഭ് ബച്ചൻ) എന്ന പിതാവിനെ ചുറ്റിപ്പറ്റിയായിരുന്നു സിനിമയുടെ കഥ. സുപ്രിയ പിൽഗാവോങ്കർ, ടോം ആൾട്ടർ, അലി അസ്ഗർ, പൃഥ്വി സുത്ഷി, ശ്രുതി ഉൾഫത്ത് എന്നിവരായിരുന്നു സഹതാരങ്ങൾ.

1996-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ 'ഫിയർ'-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'ഏത്ബാർ' തയ്യാറാക്കിയത്. വിക്രം ഭട്ട് ആയിരുന്നു സംവിധാനം. പക്ഷേ ചിത്രത്തിന് കാര്യമായ വിജയം നേടാനായില്ല. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്രവും പ്രതികൂലവുമായ അഭിപ്രായങ്ങളാണ് ലഭിച്ചത്. ഏകദേശം ഒൻപതുകോടി രൂപ നിർമ്മാണച്ചെലവുണ്ടായിരുന്ന, രത്തൻ ടാറ്റ പിന്തുണച്ച പ്രോജക്റ്റിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല.

ഇന്ത്യയിൽ നിന്ന് 4.25 കോടി രൂപ നെറ്റും ലോകമെമ്പാടുമായി 7.96 കോടി രൂപ ഗ്രോസുമാണ് ചിത്രം നേടിയത്. ഏത്ബാറിന്റെ വലിയ ബോക്സോഫീസ് പരാജയത്തെത്തുടർന്ന്, സിനിമാ വ്യവസായത്തിൽ വീണ്ടും നിക്ഷേപം നടത്തേണ്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെ ടാറ്റാ ഇൻഫോമീഡിയയുടെ ബാനറിൽ തൻ്റെ കരിയറിൽ ഒരു സിനിമയ്ക്കുമാത്രം അദ്ദേഹം സഹ-നിർമതാവായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi