ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് സിനിമകളിലൊന്നായിട്ടാണ് 'രാമായണ: പാർട്ട് 1' (Ramayana:Part 1) കണക്കാക്കപ്പെടുന്നത്. ഒക്ടോബർ 27-നാണ് ചിത്രം ലോകവ്യാപകമായി റിലീസാവുന്നത്. ശ്രീരാമനായി റൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷുമാണ് അഭിനയിക്കുന്നത്. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം. രണ്ടു ഭാഗങ്ങളിലായെത്തുന്ന സിനിമയുടെ രണ്ടാം ഭാഗം 2027-ലെ ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സണ്ണി ഡിയോൾ, രവി ദുബെ, വിവേക് ഒബ്‌റോയ്, മുകേഷ് തിവാരി, ശോഭന, രാകുൽ പ്രീത് സിങ്, കാജൽ അഗർവാൾ, ലാറ ദത്ത തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. രണ്ടു ഭാഗങ്ങളും ചേർത്ത് 4000 കോടി രൂപയ്ക്കാണ് സിനിമ നിർമിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നും പറയപ്പെടുന്നു.

അതിനിടെ ചിത്രത്തിലെ പ്രധാനതാരങ്ങളുടെ ലുക്കിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ തന്നെ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. അവരുടെ സ്‌റ്റൈലിങ്ങും വസ്ത്രധാരണരീതിയുമെല്ലാം ഏറെ ട്രോൾ ചെയ്യപ്പെട്ടു. അതിനൊപ്പം കഥാപാത്രങ്ങളുടെ ആഭരണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂര്യനിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രാമനായി നിർമിച്ച ആഭരണങ്ങളും സീതയുടെ ഫ്‌ളോറൽ ആഭരണങ്ങളുമെല്ലാം ആരാധകരുടെ മനംകവർന്നു.

ചിത്രത്തിലെ കഥാപാത്രങ്ങൾക്കായി ആഭരണങ്ങൾ ഡിസൈൻ ചെയ്തത് 'ഹൗസ് ഓഫ് അമ്രപാലി'യാണ്. വെറും 18 മാസംകൊണ്ടാണ് 4500-ലധികം ആഭരണങ്ങൾ രൂപകല്പന ചെയ്തത്. അമ്രപാലിയുടെ ക്രിയേറ്റീവ് ഹെഡായ തരംഗ് അറോറ സിനിമയ്ക്കായി ആഭരണങ്ങൾ ഡിസൈൻ ചെയ്തതിനെക്കുറിച്ച് എൻ.ഡി.ടി.വി.യുമായുള്ള അഭിമുഖത്തിൽ തുറന്നുപറയുകയാണ്.

ദൂരദർശനിൽ എല്ലാ ഞായറാഴ്ചയും സംപ്രേഷണം ചെയ്തിരുന്ന രാമാനന്ദ് സാഗറിന്റെ 'രാമായണം' സീരിയൽ കണ്ടിരുന്ന കാലത്തെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. ''എന്റെ അമ്മാവൻ മുഴുവൻ വീഡിയോ കാസറ്റ് സെറ്റും വാങ്ങിക്കൊണ്ടുവന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്; അദ്ദേഹം അത്രയേറെ ആവേശഭരിതനായിരുന്നു'', തരംഗ് പറഞ്ഞു.

'രാമായണ' സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗം മാത്രമല്ല, ബാല്യകാലത്തിന്റെ കൂടി ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരാതനവാസ്തുവിദ്യയിൽനിന്നും പുരാവസ്തുപരമായ സൂചനകളിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് ആഭരണങ്ങളുടെ ഡിസൈനുകൾ തയ്യാറാക്കിയതെന്ന് തരംഗ് പറയുന്നു. അതിനൊപ്പം രാമായണ സീരിയലും സഹായിച്ചു. ആ കാലഘട്ടത്തിലെ ആളുകൾ എങ്ങനെയുള്ള ആഭരണങ്ങളായിരിക്കും ധരിച്ചിരിക്കുകയെന്ന കാര്യത്തിൽ ഒരു ധാരണ കിട്ടാൻ രാമായണ സഹായിച്ചു.

രാജാ രവിവർമയുടെ ചിത്രങ്ങളും സഹായിച്ചു. ''രാജാ രവിവർമ്മയുടെ ചിത്രങ്ങൾ വലിയൊരു അവലംബമായിട്ടുണ്ട്. രാമായണ ടീമുമായി ചേർന്ന് പ്രവർത്തിച്ചതും, അവരുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും മനസ്സിലാക്കിയതും, അയോധ്യയും ലങ്കയും എങ്ങനെയിരുന്നിരിക്കാം എന്ന് സങ്കൽപ്പിച്ചതും, കഥാപാത്രങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയതും വളരെയധികം സഹായിച്ചു'', അദ്ദേഹം പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi