സഞ്ജയ് ലീല ബൻസാലിയുടെ 'ഗോലിയോം കി രാസ്‌ലീല; രാം ലീല' എന്ന ചിത്രത്തിലെ 'റാം ചാഹേ ലീല' എന്ന ഗാനത്തിൽ പ്രിയങ്ക ചോപ്ര തീപ്പൊരി പ്രകടനമാണ് കാഴ്ചവെച്ചത്. ആരാധകപ്രശംസ നേടിയ ആ ഗാനത്തിന്റെ ചിത്രീകരണത്തെക്കുറിച്ചും നൃത്തച്ചുവടുകൾ പരിശീലിച്ചതിനെക്കുറിച്ചും ഓർമ്മകൾ പങ്കുവെക്കുകയാണ് നടി ഇപ്പോൾ. വ്യാഴാഴ്ച പങ്കുവെച്ച തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് പ്രിയങ്ക ഇതിനെക്കുറിച്ച് സംസാരിച്ചത്. ആ ഗാനത്തിന് സമ്മതം മൂളുന്നത് 'സങ്കീർണ്ണമായ ഒരു തീരുമാനമായിരുന്നു' എന്നായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തൽ.
'സഞ്ജയ് സർ ഈ ഗാനവുമായി എന്നെ സമീപിച്ചപ്പോൾ, ഒരു തീരുമാനമെടുക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സങ്കീർണമായിരുന്നു. പക്ഷേ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അദ്ദേഹം എപ്പോഴും എനിക്ക് പ്രചോദനമായിരുന്നു. ഒടുവിൽ അദ്ദേഹം ആ പാട്ട് കേൾപ്പിച്ചു. അതോടെ എനിക്ക് ഉറപ്പായി ആ കഥാപാത്രം ഞാനാണെന്ന്.' ചിത്രീകരണ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക കുറിച്ചു.
നൃത്ത രംഗങ്ങൾ മികച്ചതാക്കാൻ അദ്ദേഹത്തിനൊപ്പം എല്ലാ ദിവസവും ഉച്ചഭക്ഷണ ഇടവേളകളിലും പരിശീലനം നടത്തുമായിരുന്നു എന്നും പ്രിയങ്ക ഓർത്തെടുക്കുന്നുണ്ട്. വെള്ള സാരിയുടുത്ത് മറ്റ് നിരവധി നർത്തകർക്കൊപ്പം പ്രിയങ്ക നൃത്തം ചെയ്യുന്നതാണ് ഗാനരംഗത്തിലുള്ളത്.
2013-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഗോലിയോം കി രാസ്‌ലീല; രാം ലീല'. ദീപിക പദുകോണും രൺവീർ സിങ്ങും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ, സംവിധാനം ചെയ്തത് സഞ്ജയ് ലീലാ ബൻസാലിയാണ്. എന്നാൽ, ആദ്യം ദീപികയായിരുന്നില്ല സിനിമയിലെ നായിക. കരീന കപൂറിനെയാണ് സഞ്ജയ് തിരഞ്ഞെടുത്തത്. ചിത്രീകരണം തുടങ്ങുന്നതിനു വെറും 10 ദിവസം മുമ്പ്, കരീന മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തു. അങ്ങനെ സഞ്ജയ്, പ്രിയങ്ക ചോപ്രയെ സമീപിച്ചു. പ്രിയങ്ക പ്രധാനകഥാപാത്രമാകാമെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷേ, അതിനിടയിലൂടെ ദീപികയെ കൊണ്ടുവരികയായിരുന്നു സഞ്ജയ്. ഇതോടെ പ്രിയങ്കയും സഞ്ജയും സംസാരിക്കാതായി. പലരും ഇടപെട്ട് പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു.
സിനിമയിലെ 'രാം ചാഹേ ലീലാ' എന്ന ഐറ്റംസോങ്ങിനായി സഞ്ജയ് ആദ്യം സമീപിച്ചത് ഐശ്വര്യ റായെ ആയിരുന്നു. എന്നാൽ, പാട്ടിലെ ചില വരികളോട് ഐശ്വര്യയ്ക്ക് എതിർപ്പുതോന്നി. സൽമാൻ ഖാന്റെ 'ദബങ്' എന്ന സിനിമയിലെ ചില ഡയലോഗുകളുമായി ഇതിന് ബന്ധമുണ്ടെന്നായിരുന്നു അവർ പറഞ്ഞത്. അത് മാറ്റാൻ സഞ്ജയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അദ്ദേഹം അതിനു തയ്യാറായില്ല. പകരം പ്രിയങ്ക ചോപ്രയെ സമീപിച്ചു. അവർ സമ്മതിക്കുകയും ചെയ്തു.
അതേസമയത്ത് 'മേരി കോം' സിനിമയുടെ ഷൂട്ടിങ്ങിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു പ്രിയങ്ക. കഠിനമായ പരിശീലനവും വ്യായാമവും അവരുടെ ശരീരത്തിലും പ്രതിഫലിച്ചിരുന്നു. അതുമറയ്ക്കാനായി ത്രീഫോർത്ത് സ്ലീവ് വസ്ത്രമിട്ടാണ് പ്രിയങ്ക ആ പാട്ടുസീനിൽ പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ കോസ്റ്റിയൂം ഡിസൈനറായ അഞ്ജു മോദിയാണ്, പ്രിയങ്കയുടെ വസ്ത്രവും ഡിസൈൻ ചെയ്തത്. ആ ഐറ്റംസോങ്ങിന് മാത്രം ആറുകോടിയാണത്രേ പ്രിയങ്കയ്ക്ക് പ്രതിഫലമായി കിട്ടിയത്.
രവി വർമ്മനായിരുന്നു ഇതിന്റെ ഛായാഗ്രഹണം. ബൻസാലി തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. ഭൂമി ത്രിവേദി ആലപിച്ച ഗാനത്തിന് വരികൾ എഴുതിയത് സിദ്ധാർത്ഥ്-ഗരിമയാണ്.
രണ്ടു വർഷങ്ങൾക്ക് ശേഷം പ്രിയങ്ക, ബൻസാലിയോടൊപ്പം അദ്ദേഹത്തിന്റെ ചരിത്ര സിനിമയായ 'ബാജിറാവു മസ്താനി'യിൽ വീണ്ടും അഭിനയിച്ചു, അതിൽ കാശിബായിയുടെ വേഷമാണ് അവർ ചെയ്തത്. ആ സിനിമയിലെ പ്രകടനത്തിന് അവർക്ക് മികച്ച നിരൂപക പ്രശംസ ലഭിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: behind the scenes of ram leela movie item song
Published: 01 Aug 2025, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented