പിന്നണിഗായികയായി പേരെടുത്ത വ്യക്തിയായിരുന്നു രജനീകാന്തിന്റെ ഭാര്യ ലത. 1980-കളില്‍ ടിക് ടിക് ടിക്, അന്‍പുള്ള രജനീകാന്ത് തുടങ്ങിയ തമിഴ് സിനിമകളിലെ ഗാനങ്ങള്‍ ആലപിച്ച് പ്രസിദ്ധിയിലേക്കുയര്‍ന്നു. പക്ഷേ, അധികമാര്‍ക്കും അറിയാത്ത ഒരു കാര്യം അവര്‍ ഒരു നടിയുമായിരുന്നു എന്നതാണ്.

1982-ല്‍ ഇറങ്ങിയ തമിഴ് സൈക്കോളജിക്കല്‍ ഡ്രാമയായ അഗ്നിസാക്ഷിയിലാണ് ലത ഒരു വേഷം ചെയ്തത്. സഹോദരന്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവകുമാറും സരിതയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രജനീകാന്തും കമല്‍ ഹാസനും അതിഥിവേഷത്തില്‍ ചിത്രത്തിലെത്തി. ലതയുടെ കുടുംബത്തിന് സിനിമാമേഖലയുമായി വളരെയടുത്ത ബന്ധമുണ്ട്. തമിഴ് തിരക്കഥാകൃത്തും നടനുമായ വൈ ജി മഹേന്ദ്രനും വൈജയന്തി മാലയുമായും ബന്ധുക്കളാണ്. ലതയുടെ സഹോദരന്‍ രവി രാഘവേന്ദ്രയും നടനായിരുന്നു. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ അദ്ദേഹത്തിന്റെ മകനാണ്.  

1980-ലാണ് ലതയും രജനിയും പരിചയപ്പെടുന്നത്. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനിയായിക്കെ കോളേജ് മാഗസിനിലേക്ക് രജനീകാന്തിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു ലത രംഗചാരി. രജനീകാന്ത് താരമായി ഉയര്‍ന്നുവരുന്ന സമയമാണത്. ലതയെ കണ്ടമാത്രയില്‍ രജനികാന്തിന് പ്രണയം തോന്നി, വിവാഹാഭ്യര്‍ഥനയും നടത്തി. പക്ഷേ, ഒറ്റയടിക്ക് മറുപടി പറയാന്‍ അവര്‍ തയ്യാറായിരുന്നില്ല, ആദ്യം വീട്ടുകാരുടെ സമ്മതം വാങ്ങണമെന്ന് ലത രജനീകാന്തിനോട് ആവശ്യപ്പെട്ടു. 

ലതയുടെ ആവശ്യപ്രകാരം അവരുടെ വീട്ടുകാരെ കാര്യം ധരിപ്പിച്ച രജനികാന്ത് സമ്മതവും വാങ്ങിയെടുത്തു. അങ്ങനെ 1981-ല്‍ ഇരുവരും വിവാഹിതരായി. ഐശ്വര്യയും സൗന്ദര്യയുമാണ് മക്കള്‍. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഭാര്യയെന്ന പദവി മാത്രമല്ല, സിനിമാ നിര്‍മാണത്തിലും വിദ്യാഭ്യാസരംഗത്തും അവര്‍ സംഭാവന നല്‍കിയിട്ടുണ്ട്. 1958-ല്‍ തമിഴ്നാട്ടിലാണ് ലത ജനിച്ചത്. 'ദി ആശ്രം' എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപകയും ഡയറക്ടറുമാണ്.