നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ രണ്ടാംഭാഗത്തിന്റെ തിരക്കുകളിലാണ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. അഭിനയജീവിതത്തിൽ അര നൂറ്റാണ്ടു പൂർത്തിയാക്കിയ രജനീകാന്തിന് ഒരു റിട്ടയർമെന്റ് ഉണ്ടായിരിക്കുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാവും. എന്നാൽ നടൻ തന്റെ വിടവാങ്ങൽ ചിത്രത്തിനായി ഇതിനകം പദ്ധതി തയ്യാറാക്കിത്തുടങ്ങിയെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന സൂചന.

തന്റെ അവസാന ചിത്രത്തിനായി മകൾ സൗന്ദര്യ രജനീകാന്തുമായി സഹകരിക്കാൻ താരം പദ്ധതിയിടുന്നുവെന്നും വിവരമുണ്ട്. അതേസമയം, സൗന്ദര്യ നിർമിച്ച് രജനീകാന്ത് അഭിനയിക്കുന്ന ചിത്രം ഏതായിരിക്കുമെന്നോ, എങ്ങനെയായിരിക്കും അഭിനയജീവിതത്തിന് അദ്ദേഹം അവസാനം കുറിക്കുകയെന്നോ വ്യക്തമല്ല.  

സംവിധായകൻ സിബി ചക്രവർത്തിയൊരുക്കുന്ന തലൈവർ173 എന്ന ചിത്രമായിരിക്കും രജനീകാന്തിന്റെ അടുത്ത ചിത്രം. കമൽ ഹാസനും രജനീകാന്തും ഒന്നിക്കുന്ന ചിത്രമായിരിക്കുമിത്. ഇതിനുശേഷം, ഏതാനും ചിത്രങ്ങൾ കൂടി അദ്ദേഹം ചെയ്യുമെന്നാണ് സൂചന. നിലവിൽ, ഇവയെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്, ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2-വിൽ മോഹൻലാൽ, ശിവ രാജ്കുമാർ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ഷാരൂഖ് ഖാൻ ചിത്രത്തിൽ കാമിയോ റോളിലെത്തുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഒരുക്കുന്ന തലൈവർ173-ൽ കമൽ ഹാസൻ സഹനിർമാതാവുമായിരിക്കും. 

ചിത്രം ഒരു ആക്ഷൻ ഡ്രാമയാണെന്നാണ് അറിയുന്നത്. രജനീകാന്ത് ഒരു തയ്യൽക്കാരന്റെ വേഷമായിരിക്കും ഇതിൽ ചെയ്യുക. അതിനു ശേഷം, കമൽ ഹാസനോടൊപ്പം വേറൊരു ചിത്രത്തിലും രജനിയെത്തുമെന്ന് സൂചനയുണ്ട്. രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമായിരിക്കുമിത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi