ഇന്ത്യൻസിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് രാജേഷ് ഖന്ന. ഹിന്ദിസിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഭിനയജീവിതത്തിനിടയിൽ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ താരം കൂടിയായിരുന്നു അദ്ദേഹം.

കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്ത്, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഹിറ്റുകളായി മാറി. അങ്ങനെയാണ് സൂപ്പർസ്റ്റാർ എന്ന പേരുവീണതും. എന്നാൽ 'സഞ്ജീറി'ലൂടെ അമിതാഭ് ബച്ചൻ താരപദവിയിലേക്കുയർന്നപ്പോൾ, രാജേഷ് ഖന്നയുടെ തിരിച്ചിറക്കം തുടങ്ങി. പുതിയ കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ ഖന്ന ശ്രമിച്ചതുമില്ല. ഒരിക്കൽ ഷർമിള ടാഗോർ പറഞ്ഞതിങ്ങനെ, ''സമകാലികനായി തുടരാൻ സ്വയം മാറ്റങ്ങൾ വരുത്താൻ അദ്ദേഹം ശ്രമിച്ചില്ല. അങ്ങനെ അദ്ദേഹമൊരു പരിഹാസ്യകഥാപാത്രമായി, ആളുകൾ പരിഹസിക്കാനും തുടങ്ങി''.

ഒരുകാലത്ത് അദ്ദേഹത്തിലെ സൂപ്പർതാരപദവിയെ ആശ്രയിച്ചിരുന്ന സംവിധായകർക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രവചനാതീതതയും മദ്യപാനം ഉൾപ്പെടെയുള്ള ചില ശീലങ്ങളും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായി. അതോടെ ഖന്നയുടെ ആത്മവിശ്വാസം പിന്നെയും ഇടിഞ്ഞുതാഴ്ന്നു. 1980-കൾ ആയപ്പോഴേക്കും അദ്ദേഹത്തിന്റെ കാര്യങ്ങൾ ഏറെ പരുങ്ങലിലായി. അന്നത്തെ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെക്കുറിച്ച് ഭാര്യയായിരുന്നു ഡിംപിൾ കപാഡിയ പിന്നീട് ഓർത്തെടുത്തു. വളരെ ദയനീയവും പരിതാപകരവുമായിരുന്നു ഖന്നയുടെ അവസ്ഥ. ''ഒരു വിജയിച്ച മനുഷ്യൻ തകർന്നുവീഴുമ്പോൾ, അയാളുടെ നിരാശയും ദേഷ്യവും ചുറ്റുപാടുകളെയും മൂടുന്നു. തന്റെ സിനിമയുടെ കളക്ഷൻ കണക്കുകൾക്കായി ആഴ്ചാവസാനം കാത്തിരിക്കുന്ന രാജേഷിന്റെ ചിത്രം, വളരെ ദയനീയമായ ഒരു കാഴ്ചയായിരുന്നു. പക്ഷേ ആ കണക്കുകൾ അദ്ദേഹത്തോട് വന്ന് പറയാനുള്ള ധൈര്യം ആർക്കുമില്ലായിരുന്നു''.

മോശം തിരക്കഥകളായിരുന്നു പല സിനിമകളുടെയും കുഴപ്പം. അവസരങ്ങൾ കുറഞ്ഞതോടെ, കിട്ടുന്ന എല്ലാ ചിത്രങ്ങളിലും ഖന്ന അഭിനയിക്കാനും തുടങ്ങി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi