വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന 'ഓ റോമിയോ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിയമക്കുരുക്കുകൾ ആരംഭിച്ചിരിക്കുകയാണ്. അന്തരിച്ച ഹുസൈൻ ഉസ്താരയുടെ മകൾ സനോബർ ഷെയ്ഖ് ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ ഷാഹിദ് കപൂർ അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ പിതാവായ ഹുസൈൻ ഉസ്താരയെ ആസ്പദമാക്കിയുള്ളതാണെന്നും, കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തതെന്നുമാണ് സനോബറിന്റെ ആരോപണം.

സനോബറിന്റെ അഭിഭാഷകൻ 2025 ഒക്ടോബർ 30-നും ഡിസംബർ 15-നും അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചു. ഈ ആരോപണം നിഷേധിച്ച നിർമ്മാതാക്കൾ, ചിത്രത്തിലെ കഥാപാത്രത്തിന് ഹുസൈൻ ഉസ്താരയുമായി യാതൊരു ബന്ധവുമില്ലെന്നും ഇതൊരു ബയോപിക് അല്ലെന്നും വ്യക്തമാക്കി. ഇതേത്തുടർന്ന് സനോബർ കോടതിയെ സമീപിക്കുകയും ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

'ടീസറിലും വീഡിയോകളിലും കാണിച്ചിരിക്കുന്നത് എന്റെ പിതാവിന്റെ അതേ രൂപവും ശൈലിയുമാണ്. അദ്ദേഹത്തിന്റെ തൊപ്പിയും വസ്ത്രധാരണ രീതിയും വരെ അതുപോലെ പകർത്തിയിട്ടുണ്ട്. ഇന്റർനെറ്റിൽ തിരഞ്ഞാൽ എന്റെ പിതാവിന്റെ ഇതേ ശൈലിയിലുള്ള ചിത്രങ്ങൾ കാണാൻ സാധിക്കും' എന്നാണ് സനോബറിന്റെ ആരോപണം.

പുതിയ വീഡിയോകൾ പുറത്തുവരുമ്പോൾ സാമ്യം വർദ്ധിക്കുകയാണെന്നും ഇത് കുടുംബത്തിന് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് മുൻപ് 1998-ൽ മരിച്ച പിതാവിനെക്കുറിച്ച് ഇപ്പോൾ ഇത്തരത്തിൽ ഒരു ചിത്രം വരുന്നത് കുടുംബത്തെ അസ്വസ്ഥരാക്കുന്നു എന്നും പറയുന്നു.

തങ്ങളുടെ വാദങ്ങൾ അണിയറപ്രവർത്തകർ നിരന്തരം നിഷേധിക്കുന്നതിനാലും മാനസികമായി വേട്ടയാടുന്നതിനാലുമാണ് നഷ്ടപരിഹാര നിയമനടപടി സ്വീകരിച്ചത്. ഇതൊരിക്കലും പണത്തിന് വേണ്ടിയുള്ള നീക്കമല്ലെന്നും അവർ വ്യക്തമാക്കി.

ഫെബ്രുവരി 13 നാണ് ചിത്രം പുറത്തിറങ്ങുക. ഷാഹിദ് കപൂർ, തൃപ്തി ദിമ്രി, അനുരാഗ് തിവാരി എന്നിവരാണ് ചിത്രത്തിലുള്ളത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസ് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്നതാണ് ആശങ്ക.

മുംബൈ അധോലോക ചരിത്രത്തിൽ 1980-കളിലും 90-കളുടെ തുടക്കത്തിലും വിറപ്പിച്ചു നിർത്തിയ പേരായിരുന്നു ഹുസൈൻ ഉസ്താര. മുംബൈ അധോലോകത്തെ ഡോൺ ദാവൂദ് ഇബ്രാഹിമിനോട് നേരിട്ട് ഏറ്റുമുട്ടിയിരുന്ന ചുരുക്കം ചിലരിൽ ഒരാളായാണ് ഉസ്താര അറിയപ്പെടുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi