ഒറ്റരാത്രികൊണ്ട് ജീവിതം കടപുഴകിപ്പോയവര്‍, മണ്ണില്‍ പൂണ്ടും മരത്തടികളില്‍ ചുറ്റിപ്പിണങ്ങും കല്ലില്‍ തലയടിച്ചും പൊലിഞ്ഞ ജീവനുകള്‍. ഉരുള്‍പൊട്ടലില്‍ തീവ്ര നാശനഷ്ടമുണ്ടായ മുണ്ടക്കൈയും ചൂരല്‍മലയും. ജീവിതം എവിടെത്തുടങ്ങണമെന്നറിയാത്ത കുറച്ചുമനുഷ്യര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് സഹായഹസ്തങ്ങള്‍ എത്തുകയാണ്. ഇതിനായി നിരവധി കളക്ഷന്‍ പോയിന്റുകളും തുറന്നിട്ടുണ്ട്. കനത്തമഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ച് നിരവധി സിനിമാതാരങ്ങളാണ് തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി മുന്നോട്ട് വരുന്നത്. 

കനത്തമഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാര്‍ത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ... എന്ന പോസ്റ്റ് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, അനു സിത്താര, മഞ്ജുവാര്യര്‍, പേര്‍ളി മാണി തുടങ്ങി നിരവധിപേരാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

placeholder

അവശ്യസാധനങ്ങള്‍ ശേഖരിക്കുന്ന കളക്ഷന്‍ സെന്ററില്‍ സജീവമായി നടി നിഖില വിമലുണ്ടായിരുന്നു. തളിപ്പറമ്പ് കളക്ഷന്‍ സെന്ററില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡി.വൈ.എഫ്.ഐ.യുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചു. എന്നും കൃത്യമായ അഭിപ്രായങ്ങളും രാഷ്ട്രീയവും തുറന്നുപറയാറുള്ള നടിയാണ് നിഖില വിമല്‍. രാത്രി ഏറെ വൈകിയും നിഖില നടത്തിയ പ്രവര്‍ത്തനത്തെ ആശംസിച്ചും പ്രാര്‍ഥനകള്‍ നേര്‍ന്നും നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 

'വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക്  വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ് ദുരന്തത്തെ നേരിടാന്‍ നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക'- ഉണ്ണിമുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചു.

വയനാട് ജില്ലയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകട ബാധിതരെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര സുഖമമാക്കാന്‍ ഏവരും സഹകരിക്കുക. അനാവശ്യ യാത്രകള്‍ പരമാവധി സഹകരിക്കുക.- ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു. 

വയനാടിന്റെ ദുരിതം എന്നെ അത്രത്തോളം വിഷമിപ്പിക്കുകയും പിടിച്ചുലയ്ക്കുകയും ചെയ്തു. അവരുടെ നഷ്ടത്തിന് പകരവെയ്ക്കാന്‍ വാക്കുകളില്ല. വയനാട്ടിലുള്ള എന്റെ സുഹൃത്തുക്കളെ ഞാന്‍ ബന്ധപ്പെട്ടിരുന്നു. ഞങ്ങള്‍ എപ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍,  എനിക്കറിയാവുന്ന കുറച്ചുപേരുടെ ജീവന്‍ നഷ്ടമായി. എനിക്ക് ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ദയവായി ബന്ധപ്പെടുക...-എസ്തര്‍ അനില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.