
മേഘശ്രീ ഡി.ആര്‍.ഐ.എ.എസ്
കേരള ജനതയുടെ തീരാ നോവാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍. ഒരു നാടിനെ മുഴുവന്‍ വിഴുങ്ങിയ തോരാമഴയുടെ ക്രൗര്യം കേരളത്തെ കണ്ണീരിലാഴ്ത്തിയ നാളുകള്‍ ഒരു വര്‍ഷം പിന്നിടുകയാണ്. നേരം ഇരുട്ടിവെളുത്തപ്പോഴേക്കും സര്‍വവും നഷ്ടമായൊരു ജനതയെ മുഴുവന്‍ ചേര്‍ത്തുപിടിച്ച കരങ്ങളാണ് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ ഡി.ആര്‍.ഐ.എ.എസ്. ജില്ലാ കളക്ടറായി നിയമനം ലഭിച്ച് 29ാം ദിവസമായിരുന്നു ആ ദുരന്തം. എന്നിട്ടും നിശ്ചയദാര്‍ഡ്യത്തോടെ വയനാടിനെ ജീവിതത്തിലേക്ക്കൈപിടിച്ചുയര്‍ത്തി. വയനാട്ടിലെ ജനങ്ങളുടെ മുഴുവന്‍ അഭിമാനമാണ് കര്‍മനിരതയായ പ്രിയപ്പെട്ട കളക്ടര്‍.
ഉളളുലച്ച ദിനങ്ങള്‍
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍. 2024 ജൂലൈ 30ന് നേരം ഇരുട്ടിവെളുത്തപ്പോഴേക്കും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ നിസ്സഹായരായ മനുഷ്യര്‍, അവരുടെ സ്വപ്നങ്ങള്‍. മേഘശ്രീ വയനാട് കളക്ടറായി ചാര്‍ജെടുത്ത് 29ാം നാളായിരുന്നു ആ ദുരന്തം. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്കും ഇടയില്‍ വയനാട് കളക്ടര്‍ തളരാത്ത മനസ്സോടെ തന്റെ കര്‍ത്തവ്യങ്ങളില്‍ വ്യാപൃതയായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും ഉള്ള ശ്രമങ്ങളില്‍ ഊണും ഉറക്കവുമില്ലാതെ മുന്നില്‍നിന്നു. വ്യാപ്തിയേറിയ ആ ദുരന്തത്തില്‍ കളക്ടറുടെ കാര്യക്ഷമമായ ഇടപെടല്‍ ആ നാടിന് തണലായി. 'ദുരന്ത ബാധിതരെ ഒരു മാസത്തിനകം പുനരധിവസിപ്പിക്കാന്‍ സാധിച്ചു.കുട്ടികളുടെ പഠന ചിലവുകള്‍ വഹിക്കാന്‍ ആളുകള്‍ സന്നദ്ധരായി. ആരോഗ്യം,പോഷകാഹാരം,ഉപജീവനം,നൈപുണി വികസനം,വിദ്യാഭ്യാസം, മാനസിക,സാമൂഹിക സുരക്ഷ എന്നീ മേഖലകളിലായി തയ്യാറാക്കിയ മൈക്രോ പ്ലാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്.' സര്‍വതും നഷ്ടപ്പെട്ട ജനതയ്ക്ക് കൈത്താങ്ങേകാനായതിന്റെ നിറവിലും ആ ദുരന്തത്തിന്റെ വിങ്ങല്‍ ഇന്നും കളക്ടറുടെ മനസ്സിലുണ്ട്. 'സര്‍വ്വീസിലെ ഒരിക്കലും മറക്കാനാത്ത അനുഭവമായിരുന്നു അത്. കണ്‍മുന്നില്‍ കണ്ട മൃതദേഹങ്ങള്‍, ജീവനറ്റ കുരുന്ന്ശരീരങ്ങള്‍, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍... അതൊക്കെയും മനസ്സിനെ വേദനിപ്പിച്ചു. പല രാത്രികളിലും ഓഫീസിലെ കസേരയിലിരുന്നായിരുന്നു ഉറക്കം. കണ്ണടച്ചാലുടന്‍ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ മനസ്സിലെത്തും.'
സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം
'കുട്ടിക്കാലത്ത് കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ ഞാന്‍ പഠിച്ച സ്‌കൂളിനടുത്തായിരുന്നു കളക്ടറുടെ ഓഫീസ്. അവിടത്തെ ജനത്തിരക്ക് കണ്ടാണ് വളര്‍ന്നത്. കലക്ടറുടെ ഔദേൃാഗിക പദവിയോടും വാഹനത്തോടുമൊക്കെ തോന്നിയ കൗതുകമാണ് സിവില്‍ സര്‍വ്വീസ് എന്ന മോഹത്തിലേക്ക് എത്തിച്ചത്...' അവര്‍ പറയുന്നു. സാധാരണ കുടുബമായിരുന്നു മേഘശ്രീയുടേത്. ആ ജീവിതാവസ്ഥയില്‍ സിവില്‍ സര്‍വ്വീസ് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നെന്നും അവര്‍ ഓര്‍ക്കുന്നു. 'നല്ല മാര്‍ക്കോടുകൂടി എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൂന്നു വര്‍ഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു. അപ്പോഴും സാഹിത്യത്തിലും കലയിലുമൊക്കെയായിരുന്നു കൂടുതല്‍ താല്‍പര്യം. ജോലിമാറ്റത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് ഉളളിലെ സിവില്‍ സര്‍വ്വീസ് മോഹം വീണ്ടും ഉണരുന്നത്. ജനങ്ങളെ സേവിക്കണം, തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ മറ്റുളളവര്‍ക്കു വേണ്ടി ചെയ്യണം... ഇതൊക്കെയായിരുന്നു ആഗ്രഹങ്ങള്‍. 26-ാം വയസ്സില്‍ യു.പി.എസ്.സി പഠനം ആരംഭിക്കുമ്പോള്‍ മനസ്സിന് ബലം നല്‍കിയത് ആ ആഗ്രഹങ്ങള്‍തന്നെയാണ്.
തീരുമാനങ്ങള്‍ എടുക്കുന്നതിലും അവ നടപ്പാക്കുന്നതിലും കൃത്യത പാലിക്കുന്ന കളക്ടര്‍ക്ക് ലിംഗനീതിയുടെയും തുല്യതയുടെയും കാര്യത്തിലും കൃത്യമായ നിലപാടുണ്ട്. ഇടപെടേണ്ടി വരുന്ന പലയിടങ്ങളിലും ചെറിയ തോതിലെങ്കിലും ലിംഗവിവേചനം അനുഭവപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ സ്നേഹത്തിന്റെ സ്വരൂപമായി കാണുന്ന സ്ഥിരസങ്കല്‍പ്പം ഇപ്പോഴും ഉണ്ട്. മുണ്ടക്കൈ ദുരന്തത്തെ കാര്യക്ഷമമായി നേരിടാന്‍ കഴിഞ്ഞത് ഒരു സ്ത്രീ ആയതുകൊണ്ടു കൂടിയാണ്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും പല സന്ദര്‍ഭങ്ങളിലും വൈകാരികമായി ചിന്തിച്ച് പ്രവര്‍ത്തിക്കാനുമായത് ഒരു സ്ത്രീയായത് കൊണ്ടാണ്. ഇന്ന് നാം സ്ത്രീശാക്തീകരണത്തില്‍ എറെ മുന്നേറി. എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തമുണ്ട്. എന്നാല്‍ അത് അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ഓഫീസിലെയും വീട്ടിലെയും ജോലിഭാരം ഏറി. കുട്ടികളെ വളര്‍ത്തുന്നതും വലിയ ഉത്തരവാദിത്തമാണ്. ഇതൊക്കെയും സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ല. വീട്ടുജോലികളിലും കുട്ടികളെ വളര്‍ത്തുന്നതിലും പുരുഷന്മാരും പങ്കാളികളാവേണ്ടതുണ്ട്.'
ഗുഡ് മോര്‍ണിങ് കളക്ടര്‍
പ്രശ്നങ്ങളിലും പ്രതിസന്ധികളിലും മാത്രമല്ല കളക്ടറുടെ ഇടപെടലുകള്‍. കുട്ടികളുമായും അവര്‍ അടുത്തബന്ധം സൂക്ഷിക്കുന്നു. 'കുട്ടികളോട് സംവദിക്കുന്നതിനായി ഗുഡ് മോര്‍ണിങ് കളക്ടര്‍ എന്നൊരു പരിപാടി നടത്തുന്നുണ്ട്. എല്ലാ ബുധനാഴ്ചകളിലുമാണിത്. ആ പരിപാടിയില്‍ കുട്ടികള്‍ അവരുടെ പ്രശ്നങ്ങളും ആശയങ്ങളും പങ്കുവെക്കും. മൂല്യബോധമുളള പൊതുസമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണിത്. സിവില്‍ സര്‍വ്വീസ് ഒരുപാട് ഉത്തരവാദിത്വങ്ങളുള്ള സേവനാവസരങ്ങളുള്ള മേഖലയാണ്. നന്നായി പ്രയത്നിക്കുക. കഠിനാധ്വാനത്തിന്റെ കരുത്തില്‍ വിശ്വസിക്കുക... ജനങ്ങളെ സേവിക്കുക എന്നുള്ളതുതന്നെയാവണം ആത്യന്തികമായ ലക്ഷ്യം. പണത്തിനും സ്ഥാനമാനങ്ങള്‍ക്കുമുപരി സാമൂഹിക സേവനമാകണം അതിലേക്കെത്താനുളള പ്രചോദനം. വായനയും എഴുത്തുമാണ് കളക്ടറുടെ ഇഷ്ടമേഖലകള്‍. വയനാട്ടിലെ മനോഹരമായ കാലാവസ്ഥയില്‍ വായന വളരെ രസകരമാണ്. ജോലിത്തിരക്കിനിടയിലും പറ്റാവുന്നത്ര വായിക്കാന്‍ ശ്രമിക്കാറുണ്ട്. പഠന കാലത്തും ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ഏഴുത്തും പാചകവുമാണ് മറ്റ് വിനോദങ്ങള്‍ എന്നും കളക്ടര്‍ പറയുന്നു.
Content Highlights: Megha Shree, Wayanad`s District Collector, led relief efforts after the devastating landslide. Learn about her journey, challenges, and commitment to public service.
Published: 13 Aug 2025, 12:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented