2020 ജൂൺ 14-നാണ് ബോളിവുഡ് നടൻ സുഷാന്ത് സിങ് രജ്പുത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. സുഷാന്തിന്റെ മരണം ഒട്ടേറെ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിക്കുകയും ചെയ്തു. സുഷാന്തിനെ ഗേൾഫ്രണ്ട് റിയ ചക്രവർത്തി ചതിച്ചെന്നും മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പറഞ്ഞ് സുഷാന്തിന്റെ അച്ഛൻ പോലീസിന് പരാതി നൽകി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി റിയ അറസ്റ്റ് ചെയ്യപ്പെട്ടു. മരണത്തിനുപിന്നിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിന്റെ പങ്കും ചർച്ച ചെയ്യപ്പെട്ടു. അതിന്റെ പേരിൽ വീണ്ടും റിയയും സഹോദരനും അറസ്റ്റിലായി. ഈ കേസുകളെല്ലാം വൈകാതെ തള്ളിപ്പോയി.

To advertise here,

ഇതോടൊപ്പം തന്നെ മറ്റൊരു മരണവും ചർച്ചയായി. സുഷാന്തിന്റെ മാനേജറായിരുന്ന ദിശ സാലിയൻ മരിക്കുന്നത് ജൂൺ 8-നാണ്. അതുകഴിഞ്ഞ് ആറാമത്തെ ദിവസമായിരുന്നു സുഷാന്തിന്റെ ആത്മഹത്യ. മലാഡിലെ 14-ാം നിലയിലെ ഫ്‌ളാറ്റിൽനിന്ന് താഴേക്ക് വീണ് മരിച്ചനിലയിലായിരുന്നു ദിശയുടെ മൃതദേഹം. ആക്‌സിസന്റൽ ഡെത്ത് എന്നുപറഞ്ഞ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ദിശയുടെ മരണം കൊലപാതകമാണെന്നും ഇതിനുപിന്നിലെ കാരണം സുഷാന്തിന് അറിയാമായിരുന്നുവെന്നും അന്നേ വാദങ്ങളുണ്ടായിരുന്നു. രാഷ്ട്രീയക്കാരും, ബോളിവുഡ് നടൻമാരുമാണ് ദിശയുടെ മരണത്തിന് കാരണമായതെന്നും, ആ സമ്മർദം താങ്ങാനാവാതെയാണ് സുഷാന്ത് ആത്മഹത്യ ചെയ്തതെന്നും വാർത്തകൾ പരന്നു. പക്ഷേ, അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായി ഒതുങ്ങി. 

നാലുവർഷങ്ങൾക്കുശേഷം ദിശയുടെ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തന്റെ മകൾ കൊലചെയ്യപ്പെട്ടതാണെന്ന് പരാതിയിൽ ദിശയുടെ പിതാവ് സതീഷ് ആരോപിക്കുന്നു. ശിവ് സേന (യുബിടി) നേതാവ് ആദിത്യ താക്കറെയാണ് ദിശയുടെ മരണത്തിനു പിന്നിലെന്നും കേസ് സി.ബി.ഐ.യെ ഏൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 

മാനഭംഗത്തിനിരയായ ദിശ കൊല്ലപ്പെട്ടതാണെന്നും, പലരെയും രക്ഷിക്കാൻവേണ്ടിയാണ് അത് അപകടമരണമായി മാറ്റിയതെന്നും അച്ഛൻ ആരോപിക്കുന്നുണ്ട്. ''മുംബൈ പോലീസിന് ആത്മഹത്യയോ അപകടമരണമോ ആയി കേസ് പെട്ടെന്ന് അവസാനിപ്പിക്കാനായിരുന്നു താത്പര്യം. സാഹചര്യത്തെളിവുകളോ ദൃക്‌സാക്ഷികളെയോ ഒന്നും കണക്കിലെടുത്തിരുന്നില്ല'', അദ്ദേഹം ആരോപിച്ചു. 

2023-ൽ ഈ കേസിന്റെ അന്വേഷണത്തിനായി സ്‌പെഷൽ ടീമിനെ നിയോഗിച്ചിരുന്നു. ദിശയുടെ മാതാപിതാക്കൾ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് അന്ന് പിതാവ് സതീഷ് ദാലിയൻ പറഞ്ഞത്.