
വര്‍ഷം 1993. കൊച്ചിക്കാരനായ ബേണി രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്ന നേരത്താണ് വീട്ടിലെ ലാന്‍ഡ് ഫോണിലേക്കൊരു കോള്‍ വരുന്നത്. ഫോണെടുത്തപ്പോള്‍ അപ്പുറത്ത് പരിചിതശബ്ദം. ഗായകന്‍ എം.ജി. ശ്രീകുമാറാണ്. മുമ്പ് ബേണി സംഗീതം നല്‍കിയ പല കാസറ്റുകളിലും ശ്രീകുമാര്‍ പാടിയിട്ടുണ്ട്.'ഒന്ന് ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് വരാമോ. നമുക്കിവിടെ പാട്ടൊക്കെ പാടി ഇരിക്കാം. മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെ വരുന്നുണ്ട്. താനുംവേഗംവാ...' ശ്രീക്കുട്ടന്റെ ക്ഷണം കേട്ടപ്പോള്‍ ബേണി ഒന്നു ഞെട്ടി. കെ.എസ്.എഫ്. ഇയിലെ ജോലിയില്‍നിന്ന് മുങ്ങിയിട്ട് ആഴ്ച മൂന്നായി. ഇനിയും ലീവെടുത്ത് ഗാനമേളയെന്നും പറഞ്ഞ് നടന്നാല്‍ ബേണിയെ ജോലിയില്‍നിന്ന് പറഞ്ഞുവിടുമെന്നാണ് മേലധികാരിയുടെ അന്ത്യശാസനം. ഇതെല്ലാം പറഞ്ഞിട്ടും ശ്രീകുമാര്‍ വിടുന്ന മട്ടില്ല. ആ നിര്‍ബന്ധത്തിന് വഴങ്ങി ബേണി തന്റെ സ്‌കൂട്ടറെടുത്ത് ഭാരത് ടൂറിസ്റ്റ് ഹോമിലേക്ക് ചെന്നു. ഉച്ച കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി ഗാരേജിലെ ജോലി സ്ഥലത്തുനിന്ന് ബേണിയുടെ ചേട്ടന്‍ ഇഗ്‌നേഷ്യസും അവിടേക്ക് തന്നെ പുറപ്പെട്ടു. ചേട്ടന്റെയും അനിയന്റെയും ഈ യാത്രയാണ് മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ പിറക്കാന്‍ ഇടയാക്കിയത്. അവര്‍ ഒരുക്കിയ ഈണങ്ങള്‍ തേന്‍മാവിന്‍കൊമ്പത്തും ചന്ദ്രലേഖയും വെട്ടവും പുലിവാല്‍കല്യാണവും കടന്ന് നൂറുകണക്കിന് സിനിമകളുടെ അകമ്പടി ഗാനമായി.
അന്ന് എന്താണ് ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഭവിച്ചത്
അന്ന് ഞാന്‍ ബി.ടി.എച്ചില്‍ എത്തിയപ്പോഴേക്കും ഒരു ഓട്ടോറിക്ഷയില്‍ പ്രിയദര്‍ശനും വന്നിറങ്ങി. എന്നെ കണ്ട ഉടനെ പ്രിയദര്‍ശന്‍ ചോദിച്ചു. 'കൈയും വീശിയാണോ പാടാന്‍ വന്നിരിക്കുന്നത്. ഒരു ഹാര്‍മോണിയവും ടേപ്പ് റെക്കോര്‍ഡറും ബ്ലാങ്ക് കാസറ്റുമൊക്കെ എടുക്കണ്ടേ'. അതുകേട്ടപ്പോള്‍ ഞാനും ശ്രീകുമാറും കൂടെ എന്റെ വീട്ടില്‍ ചെന്ന് ഹാര്‍മോണിയം എടുത്തുവന്നു. അപ്പോള്‍ പ്രിയദര്‍ശന്‍ ഒരു കഥ പറയാന്‍ തുടങ്ങി. 'കര്‍ണാടക-കേരള അതിര്‍ത്തിയിലാണ് ഇത് നടക്കുന്നത്. കുറെ കാളവണ്ടികള്‍ കുടമണിയും കിലുക്കി മുന്നോട്ട് പോവുന്നു....'പിന്നാലെ അതിനൊരു താളവും പറഞ്ഞു തന്നു പ്രിയന്‍. എല്ലാ കാളവണ്ടികളുടെയും പിന്നില്‍ ഒരു ബ്രേക്ക് ഉണ്ട്. അതിനൊരു ശബ്ദമുണ്ട്. ജൂംജൂംജൂംജും...പ്രിയദര്‍ശന്‍ ഇങ്ങനെ പറയുമ്പോള്‍ ഇത് മോഹന്‍ലാലും ശോഭനയും അഭിനയിക്കുന്ന സിനിമ ആണെന്നോ ഇതൊരു ബ്രഹ്‌മാണ്ഡ പടമാണെന്നോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അങ്ങനെ പ്രിയന്‍ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് കൈയും കാലും വിറച്ചേനെ. പ്രിയന് ഞങ്ങളുടെ സൈക്കോളജി മനസ്സിലാക്കാന്‍ പറ്റിയത് ഭാഗ്യമായി.
ഈ പറഞ്ഞ സൂചനയില്‍നിന്ന് ഞാന്‍ പെട്ടെന്നൊരു ഈണമുണ്ടാക്കി. പല്ലവിയും മനസ്സില്‍ വന്നു. ഇത് ഇഷ്ടപ്പെട്ടാല്‍ ബാക്കി ചെയ്യാം എന്നു പറഞ്ഞപ്പോള്‍ പ്രിയന് സന്തോഷമായി. 'ഇത് സൂപ്പറായിട്ടുണ്ട്. പക്ഷേ ഇത് പല്ലവി ആക്കേണ്ട, ചരണം മതി. ഇതിന് പറ്റിയ വേറൊരു പല്ലവി ഉണ്ടാക്കിയാല്‍ മതി...'സാധാരണ പാട്ടുകളില്‍ പല്ലവി മുകളിലോട്ടും ചരണം താഴോട്ടുമാവും. ഈ പാട്ടില്‍ അത് തിരിച്ചിട്ടാലോ എന്നൊരു ആശയം പറയുന്നതും പ്രിയദര്‍ശനാണ്. വെറൈറ്റി ആകുമല്ലോ. അങ്ങനെ പത്തരയ്ക്ക് കമ്പോസിങ് തുടങ്ങി 12 മണി ആയപ്പോഴേക്കും പാട്ട് റെഡിയായി. അതാണ് 'നിലാപൊങ്കലായേലോ' എന്ന ഗാനം. സിനിമ തേന്‍മാവിന്‍ കൊമ്പത്തും.
സിനിമയിലെ 'കറുത്ത പെണ്ണേ 'എന്ന പാട്ടാണ് ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് ?
ആ പാട്ട് മുമ്പൊരു കാസറ്റിന് വേണ്ടി ഞങ്ങള്‍ തയ്യാറാക്കിയതാണ്. അന്നത് റെക്കോഡ് ചെയ്യുമ്പോള്‍ ഇടയ്ക്ക വായിക്കുന്ന കൃഷ്ണദാസ് പറഞ്ഞിരുന്നു. 'ഇത് സൂപ്പര്‍പാട്ടാണ്. ലൈഫിലൊരു ചാന്‍സ് കിട്ടിയാല്‍ നിങ്ങളിത് ഉപയോഗിക്കണം. നിങ്ങള്‍ക്കിതൊരു നേട്ടമാവും.'അന്നത് കേട്ടുമറന്നതാണ്. ഭാരത് ടൂറിസ്റ്റ് ഹോമില്‍ ആദ്യത്തെ പാട്ടും ചെയ്ത് ഇരിക്കുമ്പോള്‍ പെട്ടെന്ന് പ്രിയന്റെ ഡയലോഗ്.'നിങ്ങളുടെ 'കറുത്തപെണ്ണേ' എന്ന പാട്ട് എനിക്കൊരുപാടിഷ്ടമാണ്.'അതുകേട്ട് ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നാലെ എനിക്ക് പേടിയായി. ഈ പാട്ട് ഇവര്‍ക്ക് കൊടുത്താല്‍ അത് വേറെ ആരുടെയെങ്കിലും പേരിലാവും സിനിമയില്‍ വരുന്നത്. മുമ്പ് ഞങ്ങളുടെ പല പാട്ടുകളും മറ്റുചില സംഗീത സംവിധായകരുടെ പേരിലാണ് പുറത്ത് വന്നത്. ഞങ്ങളാണെങ്കില്‍ ഇതുവരെ സിനിമയില്‍ കഴിവ് തെളിയിച്ചിട്ടുമില്ലല്ലോ.
ഈ പേടിയോടെതന്നെ ഞാന്‍ അതിന്റെ പല്ലവി പ്രിയദര്‍ശന്റെ മുന്നില്‍ പാടി. 'തുടിച്ചുതുള്ളും മനസ്സിനുള്ളില്‍ തനിച്ചുനിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ....' ഇത് കേട്ടപ്പോള്‍ പ്രിയദര്‍ശന്‍ ഇത്തിരി ഗൗരവത്തില്‍ ചോദിച്ചു. 'ഇത് നിങ്ങള്‍ ആര്‍ക്കുവേണ്ടി ഉണ്ടാക്കിയതാണ്.' എല്ലാവരും എളുപ്പത്തില്‍ എടുത്ത് പാടാതിരിക്കാന്‍ വേണ്ടി പാട്ടിന് ഇടയ്ക്ക് ഞങ്ങള്‍ ചില കുനുഷ്ടുകളൊക്കെ ഒപ്പിച്ചുവെച്ചിരുന്നു. ഗായകന്‍ ഇത്തിരി ബുദ്ധിമുട്ടുന്നത് കാണുമ്പോള്‍ നമുക്കൊരു സന്തോഷം. അത് മനസ്സിലാക്കി തന്നെയാണ് പ്രിയന്റെ ചോദ്യം. 'ഇത് ശ്രീക്കുട്ടന്‍ കറക്ടായി പാടിയിട്ടുണ്ട്.' എന്നായിരുന്നു എന്റെ മറുപടി. 'ഇത് ശ്രീക്കുട്ടന്‍ മാത്രം പാടിയാല്‍ മതിയോ, എനിക്ക് പാടണ്ടേ. സിനിമയില്‍ പാട്ട് കമ്പോസ് ചെയ്യുമ്പോള്‍ ജനകീയമാവണം. ആകര്‍ഷകമാവണം. എല്ലാവര്‍ക്കും പാടാന്‍ പറ്റണം.ലളിതമാവണം.' അതായിരുന്നു പ്രിയന്റെ നിലപാട്. അപ്പോഴേക്കും ഇഗ്‌നേഷ്യസ് ചേട്ടനും സ്ഥലത്തെത്തി. അങ്ങനെ പ്രിയന്റെ നിര്‍ദേശപ്രകാരം ഞങ്ങളത് ലളിതമാക്കി. അവസാനം ആ ട്യൂണ്‍ കേട്ടപ്പോള്‍ മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുന്ന പോലെ തോന്നുന്നു എന്നായിരുന്നു പ്രിയന്റെ കമന്റ്. അല്‍പം കഴിഞ്ഞപ്പോഴേക്കും ഏതോ ലൊക്കേഷനില്‍നിന്ന് കുറച്ച് ചെമ്മീനൊക്കെ പിടിച്ച് മോഹന്‍ലാലും ആ മുറിയിലെത്തിയിരുന്നു. എല്ലാവരെയും ചെമ്മീന്‍ കഴിപ്പിച്ച് പാട്ടൊക്കെ കേട്ടാണ് അന്ന് ലാല്‍ തിരികെ പോയത്. പിറ്റേ ദിവസവുമുണ്ടായിരുന്നു കമ്പോസിങ്. അന്നാണ് 'കള്ളി പൂങ്കുയിലേ കന്നിതേന്‍മൊഴിയേ'എന്ന പാട്ടൊക്കെ ഉണ്ടാവുന്നത്.
ഈ പാട്ടുകളൊക്കെ നന്നാവാനൊരു കാരണം പ്രിയദര്‍ശന്‍ തന്നെയാണ്. പ്രിയന്‍ നമ്മുടെ ഭാവനയെ ഉണര്‍ത്തി ഉയരത്തിലെത്തിക്കും. സിനിമയുടെ സീനുകള്‍ വിവരിക്കുന്നത് തന്നെ അങ്ങനെയാണ്. കുറെ കുതിരകള്‍ വരുന്നു. മേഘങ്ങള്‍ പാറുന്നു എന്നൊക്കെ പറയും. 'കറുത്തപെണ്ണേ' എന്ന പാട്ടിന്റെ രംഗം വിവരിക്കുമ്പോള്‍ പ്രിയന്‍ പറഞ്ഞതിങ്ങനെയാണ്. സിനിമയില്‍ ഒരു കാര്യം പറയാനുണ്ടെന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ ശോഭനയുടെ മറുപടി, പറഞ്ഞോളൂ എന്ന്. ഈ സീന്‍ സിനിമയില്‍ വന്നപ്പോള്‍ കുറെ കിളികള്‍ പറക്കുന്നതാണ് നമ്മള്‍ കാണുന്നത്. പക്ഷേ അന്ന് പ്രിയന്‍ പറഞ്ഞത് അങ്ങനെയായിരുന്നില്ല. 'അവിടെ ചുവന്ന ഗ്രാഫിക്സില്‍ ഒരു ഉമ്മ വരും. അത് രണ്ടാവും,നാലാവും എട്ടാവും. അങ്ങനെ പതിനായിരങ്ങളായി ആകാശത്ത് മുഴുവന്‍ ഉമ്മകള്‍ നിറയും. അവസാനം ഒറ്റ ഉമ്മയായി മാറും'. ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ വേറൊരു ലോകത്ത് എത്തിപ്പോവും. ഇപ്പോള്‍ ചെയ്ത ഈണം തന്നെ പോരായിരുന്നു എന്ന് തോന്നും. നമ്മളെക്കൊണ്ട് എങ്ങനെ പണി ചെയ്യിക്കണമെന്ന് അറിയാവുന്ന സംവിധായകനാണ് അദ്ദേഹം. നമ്മുടെ ഭാവനയെ പരമാവധി ചൂഷണം ചെയ്യും. അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകള്‍ എപ്പോഴും മറ്റൊരു ലെവലില്‍ എത്തും. എന്തായാലും 'തേന്‍മാവിന്‍ കൊമ്പത്ത്' ഞങ്ങള്‍ക്ക് വലിയ മൈലേജ് തന്നു. അതിന്റെ പേരില്‍ പിന്നെയും ഒരുപാട് സിനിമകള്‍ കിട്ടി.
ഈണമിടുന്നവരെ പ്രചോദിപ്പിക്കുന്ന സംവിധായകര്‍ക്കൊപ്പം തന്നെയാണോ പിന്നീടും ജോലി ചെയ്തത്?
അങ്ങനെയുള്ളവരില്‍ ഒരാളാണ് ഷാഫി. കല്യാണരാമന്റെ പാട്ട് കമ്പോസ് ചെയ്യുമ്പോള്‍ ഷാഫിയും നടന്‍ ലാലും (സിദ്ദിഖ്ലാല്‍) കൂടെയുണ്ടായിരുന്നു. അതിലേക്ക് 'പവനരച്ചെഴുതുന്നു കോലങ്ങളെന്നും 'എന്നപോലെ ഒരു സെമിക്ലാസിക്കല്‍ പാട്ട് വേണമെന്നാണ് ഷാഫി പറയുന്നത്. അപ്പോള്‍ ചേട്ടന്‍ ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്ന പഴയൊരു പല്ലവിയുടെ കാര്യം പറഞ്ഞു, 'പണ്ട് പ്രിയനുവേണ്ടി ഉണ്ടാക്കിയതാണ്. ചന്ദ്രലേഖ എന്ന സിനിമയ്ക്കുവേണ്ടി..'.പക്ഷേ അത് കേട്ടപ്പോള്‍ പ്രിയദര്‍ശന്‍ പറഞ്ഞു, 'ഇത് അസ്സല്‍ പാട്ടാണ്. എങ്കിലും ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എങ്കിലും ചെറിയ പടത്തിലോ ആല്‍ബത്തിലോ കൊണ്ടുപോയി കൊടുത്ത് നിങ്ങളീ പാട്ട് നശിപ്പിക്കരുത്' ആ ഈണം പൊടിതട്ടിയെടുത്ത് ഞങ്ങള്‍ ഷാഫിയെ കേള്‍പ്പിച്ചു. എങ്കിലും ഷാഫിക്ക് നിരാശ, 'ഇതല്ലല്ലോ നമ്മള്‍ ഉദ്ദേശിച്ചത്.' പക്ഷേ അതുവരെ എല്ലാം കേട്ടുനിന്ന ലാല്‍ പറഞ്ഞു.' അത് സാരമില്ല, നമുക്ക് ഉദ്ദേശം കുറച്ചൊന്ന് മാറ്റിവെക്കാം. ഈ പാട്ട് ഗംഭീരമാവും. പടം ആളുകളുടെ ഓര്‍മയില്‍നിന്ന് പോയാലും ഈ പാട്ട് നിലനില്‍ക്കും.' അങ്ങനെ ലാല്‍ തന്ന ധൈര്യത്തില്‍ കല്യാണരാമനിലേക്ക് ഉണ്ടാക്കിയ പാട്ടാണ്, 'കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍' എന്നത്.
പണ്ടൊക്കെ എഴുത്തുകാരും സംവിധായകരുമെല്ലാമായുള്ള സൗഹൃദങ്ങളിലൂടെയാണ് പല ഈണങ്ങളും പിറക്കുന്നതെന്ന് കേട്ടിട്ടുണ്ട്...
ഒരു ദിവസം 'കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍ 'എന്ന സിനിമയുടെ കമ്പോസിങ്ങിനായി ഞങ്ങള്‍ തിരുവനന്തപുരത്ത് വൈ.എം.സി.എയില്‍ ഇരിക്കുകയാണ്. തൊട്ടുമുന്നില്‍ സംവിധായകന്‍ രാജസേനനുമുണ്ട്. അന്ന് ഇന്നത്തെ പോലെ അല്ല. സംവിധായകന്‍ ഒരു സിറ്റ്വേഷന്‍ പറഞ്ഞാല്‍ നമ്മള്‍ അവരുടെ മുന്നില്‍ ഇരുന്ന് അപ്പോള്‍ തന്നെ ഈണം മൂളണം. അങ്ങനെ മൂളുമ്പോഴാണ് ഈണത്തിന്റെ യഥാര്‍ത്ഥ ഗുണം മനസ്സിലാവുക എന്നായിരുന്നു അന്നുള്ളവരുടെ പക്ഷം. ഇതുപോലുള്ള നിലപാടായിരുന്നു രാജസേനനും. കൊട്ടാരം വീട്ടിലെ അപ്പൂട്ടന് വേണ്ടി ഞങ്ങള്‍ ഈണമിട്ടപ്പോള്‍ രാജസേനന്‍ പെട്ടെന്ന് അപ്പുറത്തെ മുറിയിലുള്ള രമേശന്‍നായരെ വിളിച്ചു. പുള്ളി ഒരു കമ്പ്യൂട്ടറാണ്. ഈണംകേട്ട് പത്തുമിനിറ്റ് കൊണ്ട് വരികളുമായി വന്നു. അങ്ങനെ 15 മിനിറ്റ് കൊണ്ട് ആ പാട്ട് പിറന്നു. 'ആവണിപ്പൊന്നൂഞ്ഞാല്‍ ആടിക്കാംനിന്നെ ഞാന്‍....'ഞങ്ങളെ ഒരുപാട് സന്തോഷത്തില്‍ ആറാടിച്ച പാട്ട്.
'പൂനിലാമഴ പെയ്തിറങ്ങിയ'തും ഒരുപാട് പേരുടെ മനസ്സിനുള്ളിലേക്കായിരുന്നു...
ആ പാട്ടിന് മുന്‍കൈ എടുത്തത് ഇഗ്‌നേഷ്യസ് ചേട്ടനാണ്. ക്വീന്‍സ് ഹോട്ടലില്‍ 'മാനത്തെ കൊട്ടാര'ത്തിന്റെ സംവിധായകന്‍ സുനിലും ബാക്കിയുള്ളവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. സുനില്‍ ഒരു സിറ്റ്വേഷന്‍ പറഞ്ഞു. ഗിരീഷ് പുത്തഞ്ചേരിയും അടുത്തുതന്നെയുണ്ട്.'രണ്ടുമൂന്ന് മണിക്കൂര്‍ കൊണ്ട് ഞങ്ങളൊന്ന് കറങ്ങി വരാം, അപ്പോഴേക്കും ട്യൂണ്‍ കേട്ടാല്‍ മതി' സുനിലിന്റെ നിര്‍ദേശം. പക്ഷേ അത് പറഞ്ഞുതീരുമ്പോഴേക്കും ചേട്ടന് ട്യൂണ്‍ കിട്ടി. കേട്ട ഉടനെതന്നെ ഗിരീഷ് പുത്തഞ്ചേരി വരികള്‍ എഴുതി 'പൂനിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍ കോര്‍ക്കാന്‍' ഗിരീഷിനെപ്പോലെ അത്രയും വേഗത്തില്‍ എഴുതുന്ന വേറൊരാളെ കണ്ടിട്ടില്ല. എഴുതുന്നതിന് മര്‍മവും ഉണ്ടാവും. പതിനഞ്ച് മിനിറ്റില്‍ പാട്ട് റെഡിയായി. ഈ പാട്ട് ഒറ്റശ്വാസത്തില്‍ പാടേണ്ടതുണ്ട്. അതിന്റെ റെക്കോഡിങ്ങിനായി ഒരു ദിവസം ചിത്ര വന്നു. പല്ലവിയും ചരണവുമൊക്കെ പാടിയ ശേഷം ചിത്ര പറഞ്ഞു. 'ബാക്കിയുള്ളത് ഒറ്റയടിക്ക് പാടണം. സ്റ്റാമിന കിട്ടണമെങ്കില്‍ നാളെ വന്ന് പാടുന്നതാണ് നല്ലത്'. പിറ്റേദിവസം വേറെ പാട്ട് ഉള്ളതൊന്നും ചിത്രയ്ക്ക് പ്രശ്നമല്ല. ചെയ്യുന്നത് പെര്‍ഫെക്ട് ആവാന്‍ എന്ത് ത്യാഗവും സഹിക്കും. അങ്ങനെ രണ്ടുദിവസം കൊണ്ടാണ് ചിത്ര ആ പാട്ട് പാടിത്തീര്‍ത്തത്.'പുതുമഴയായി വന്നു നീ 'എന്ന പാട്ടിന്റെ റെക്കോഡിങ്ങും ഇതുപോലെയായിരുന്നു. മദ്രാസില്‍ വെച്ച് പല്ലവി പാടിയപ്പോള്‍ ചിത്രയ്ക്ക് തോന്നി, ഇത് കുറച്ചുകൂടെ ഫ്രഷ് ആയി ചെയ്യണമെന്ന്. ഞങ്ങള്‍ക്കാണെങ്കില്‍ പിറ്റേന്ന് എറണാകുളത്ത് വേറൊരു റെക്കോഡിങ്ങുമുണ്ട്. 'അത് സാരമില്ല, ബാക്കി പാടാന്‍ ഞാന്‍ എറണാകുളത്ത് വരാമെന്ന് ' ചിത്ര പറഞ്ഞു. അങ്ങനെ ഒരു ചരണം പാടാന്‍ വേണ്ടി മാത്രം എറണാകുളത്ത് വന്നിട്ടുണ്ട് ചിത്ര.
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ കേട്ടിട്ട് നൃത്തം ചെയ്യുമായിരുന്നു പലരും?
ആ പാട്ട് ചിത്രയും ദാസേട്ടനും പാടുന്നുണ്ട്. അതിന്റെ റെക്കോഡിങ്ങിന്റെ തലേന്ന് ചിത്ര പറഞ്ഞു. 'നാളെ ഞാന്‍ നേരത്തെ വരാം. ദാസേട്ടന്‍ വരും മുന്നേ പാടിത്തീര്‍ത്തുപോവാം.' ദാസേട്ടന്റെ മുന്നില്‍നിന്ന് പാടാന്‍ ചിത്രയ്ക്ക് ചെറിയൊരു അങ്കലാപ്പുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. എന്തായാലും ചിത്ര പറഞ്ഞതുകൊണ്ട് ഞങ്ങള്‍ രാവിലെത്തന്നെ സ്റ്റുഡിയോയിലെത്തി. ചിത്രയും വന്നു. പക്ഷേ അന്ന് ഒമ്പത് മണിക്ക് വരാം എന്നുപറഞ്ഞ ദാസേട്ടന്‍ എട്ടരയ്ക്ക് സ്റ്റുഡിയോയിലെത്തി. അപ്പോള്‍ ചിത്ര പാട്ടുപഠിച്ച് തുടങ്ങിയതേയുള്ളൂ. ഞങ്ങള്‍ ചിത്രയോട് പറയുന്നത് പിന്നില്‍നിന്നുകേട്ട ദാസേട്ടന്‍ ഒറ്റയടിക്ക് തന്നെ പാട്ടുപഠിച്ചു. പിന്നെ അദ്ദേഹം പറഞ്ഞു. 'നിങ്ങളിങ്ങ് മാറിക്കേ. ഇവളെ ഞാന്‍ പഠിപ്പിക്കാം'. അയ്യോ ദാസേട്ടാ എന്നൊക്കെ പറഞ്ഞ് ചിത്ര പേടിച്ചെങ്കിലും അദ്ദേഹം അസ്സലായി ആ പാട്ട് പഠിപ്പിച്ചു. പുള്ളി ആരാ മുതല്. ജീനിയസ് എന്നുപറയുന്നതിന് അപ്പുറത്ത് മറ്റൊരു പദം ഇല്ലാത്തതുകൊണ്ടാണ്. അങ്ങനെ ചിത്ര പാടിപ്പോയി. അതുകഴിഞ്ഞ് ദാസേട്ടന്‍ ചോദിച്ചു,'ഞാന്‍ എന്തായാലും പാട്ടുപഠിച്ചല്ലോ. ഇനി എന്നെ പഠിപ്പിക്കേണ്ടല്ലോ.'അതുംപറഞ്ഞ് പുള്ളി സാധാരണപോലെ മൈക്കിന് മുന്നില്‍നിന്ന് പാടിത്തുടങ്ങി. അപ്പോള്‍ ചേട്ടന്‍ പതുക്കെ പറഞ്ഞു. 'ദാസേട്ടാ, ഈ ടൈപ്പ് അല്ല വേണ്ടത്. ദാസേട്ടനില്‍നിന്ന് ഒരു അടിപൊളി പാട്ടാണ് ഇപ്പോള്‍ ആളുകള്‍ പ്രതീക്ഷിക്കുന്നത്. ഇത് അതുപോലെയങ്ങ് പാടിയാല്‍ നന്നായിരിക്കും'അതേയോ, അങ്ങനെയാണോ, എന്നാ ഇതാ പിടിച്ചോ എന്നും പറഞ്ഞ് അദ്ദേഹം മുണ്ടും മടക്കിക്കുത്തി എണീറ്റു. അടുത്തുകിടന്ന കസേരയെടുത്ത് അതില്‍ കാലും കയറ്റി വെച്ച് ഒറ്റപ്പാടലാണ്. 'തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ.......'ആ പാട്ട് പാടിത്തീരുംവരെ കേട്ടവരെല്ലാം അതില്‍ ആടിത്തുള്ളുകയായിരുന്നു.
ഏറ്റവും ഇഷ്ടമായ പാട്ടുകള്‍ ചോദിച്ചാല്‍?
പെട്ടെന്ന് പാടാന്‍ പറഞ്ഞാല്‍ ആദ്യം 'കള്ളിപ്പൂങ്കുയിലേ' പാടും. ഒരു റിഥം കൂടെ കൈയിലുണ്ടെങ്കില്‍ 'കറുത്ത പെണ്ണേ' പാടും. പിന്നെ പൂനിലാമഴ. ഇതൊക്കെ വെറുതെ ഇരുന്ന് പാടാന്‍ പറ്റിയതാണ്. ഞങ്ങളുണ്ടാക്കിയ പാട്ടുകളുടെ കൂട്ടത്തില്‍ 'മയിലായ് പറന്നുവാ മഴവില്ലുതോല്‍ക്കും എന്‍ അഴകേ' എന്ന പാട്ട് ഒരിക്കലും മറക്കാന്‍ പറ്റില്ല. അതിലെ ദേശ് രാഗം തിരഞ്ഞെടുക്കാന്‍ തന്നെ കാരണം എന്റെ അച്ഛനായിരുന്നു. സംഗീതം ഉള്ളില്‍ ഉണ്ടായിരുന്നയാളാണ് അച്ഛന്‍. അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമാണ്. അദ്ദേഹത്തിന്റെ സംഗീതം ഞങ്ങള്‍ക്ക് പകര്‍ന്നുകിട്ടി. 'മയില്‍പ്പീലിക്കാവി'നായി ഈണമിടാന്‍ ഇരിക്കുമ്പോള്‍ ചേട്ടന്‍ ചോദിച്ചു.'അപ്പച്ചന്‍ മരിക്കുന്നതിന് രണ്ടുമാസം മുമ്പ് വീട്ടില്‍ കുഴമ്പൊക്കെ തേച്ച് നടക്കുന്നത് നിനക്ക് ഓര്‍മയുണ്ടോ. അന്ന് അപ്പച്ചനൊരു രാഗം മൂളുമായിരുന്നു. ഒരു ദേശ് രാഗം...'എനിക്കുമത് ഓര്‍മ വന്നു. അപ്പന്‍ പാടുന്നത് മുഴുവന്‍ ദേശ് രാഗങ്ങളാണ്. അങ്ങനെ അപ്പന്റെ ഓര്‍മയില്‍നിന്ന് ഞങ്ങളുണ്ടാക്കിയ ട്യൂണായിരുന്നു മയിലായി പറന്നു വാ എന്ന ഗാനം. അപ്പന്റെ ആത്മാവിനും അതുകേട്ട് സന്തോഷമായിക്കാണും. ആ പാട്ടുകേട്ടവര്‍ക്കും.
നാല്‍പത്തിയഞ്ച് വര്‍ഷമായി സംഗീതരംഗത്തുണ്ട്. ഈ കാലംകൊണ്ട് ആഗ്രഹിച്ച ഉയരത്തിലെത്താന്‍ പറ്റിയോ?
വലുതായി ആഗ്രഹിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് സിനിമയുടെ രാഷ്ട്രീയമോ അതിനുവേണ്ടിയുള്ള ബലം പിടുത്തമോ ഒന്നും രക്തത്തില്‍ ഉണ്ടായിരുന്നില്ല. സിനിമയില്‍ നില്‍ക്കാന്‍ അതൊരു പരിമിതിയായിരിക്കുമെങ്കിലും എനിക്കതൊരു നഷ്ടമായി തോന്നുന്നില്ല. ദൈവം തന്നതൊക്കെ സ്വീകരിക്കുകയും തരാത്തത് നമ്മുടേതല്ല എന്നു ചിന്തിക്കുകയുമാണ്. പണ്ടേ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. 'എഴുപത് വയസ്സാവുമ്പോള്‍ ഞാന്‍ ഈ പരിപാടി നിര്‍ത്തുമെന്ന്. അതുകഴിഞ്ഞ് നീ ഒറ്റയ്ക്ക് ചെയ്യണമെന്ന്...'അങ്ങനെ ചേട്ടന്‍ പിന്‍മാറി. പത്തുനാല്‍പത് വര്‍ഷം ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ട് ചേട്ടന്‍ പെട്ടെന്ന് മാറിയപ്പോള്‍ എനിക്ക് വിഷമം തോന്നി. ഇനി ഒറ്റയ്ക്ക് സംഗീതം ചെയ്യാന്‍ വല്ലാത്ത മടിയും'നിശ്ശബ്ദനായി ഇരുന്ന ആ കാലം ബേണി ഓര്‍ത്തു. പക്ഷേ സംഗീതത്തിന്റെ ആ തുടര്‍ച്ച ഇല്ലാതാവാന്‍ ദൈവം സമ്മതിച്ചില്ല. ഇപ്പോള്‍ മകന്‍ താന്‍സനാണ് ബേണിയുടെ കൂട്ട്. ഇനി നമുക്ക് ബേണി ആന്‍ഡ് താന്‍സന്റെ പാട്ടുകള്‍ കേള്‍ക്കാം.
Content Highlights: music director Berny-Ignatius berny interview and songs
Published: 06 Jul 2023, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented