രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ ഗാനമാണ് ഇന്ന് സോഷ്യല്‍മീഡിയ ട്രെന്‍ഡ്. സൗബിന്‍ ഷാഹിറും പൂജ ഹെഡ്‌ഗെയും തകര്‍ത്തഭിനയിച്ച മോണിക്ക എന്ന ഗാനം പുറത്തുവന്നത് ജൂലൈ 11-നാണ്. തരംഗമായ പാട്ടിലെ മോണിക്ക ആരാണെന്നാണ്  ഏവരുടെയും ചര്‍ച്ച. ഹോളിവുഡ് താരം മോണിക്ക ബെലൂച്ചിക്കുള്ള ട്രിബ്യൂട്ടാണ് ഈ ഗാനമെന്നാണ് ലോകേഷിന്റെ മറുപടി. ഇതോടെ മോണിക്ക ബെലൂച്ചിയെ പരതുകയാണ് ഏവരും.

ആരാണ് മോണിക്ക ബെലൂച്ചി
നിരവധി ആരാധകരുള്ള ഒരു ഇറ്റാലിയന്‍ നടിയാണ് മോണിക്ക ബെലൂച്ചി. 1980- കളിലും 90-കളിലും മോഡലിങ്ങിലൂടെ മോണിക്ക തന്റെ കരിയര്‍ ആരംഭിച്ചു. പീന്നീട് അമേരിക്കന്‍, ഫ്രഞ്ച് സിനിമകളിലെ നിറസാന്നിധ്യമായി മാറി.

മലേന എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കി. ദ മാട്രിക്‌സ് റീലോഡഡ്, ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്, ജയിംസ് ബോണ്ട് സ്പക്ട്ര എന്നീ സിനിമ അവരെ കൂടുതൽ പ്രശസ്തിയിലേക്കെത്തിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ബീറ്റില്‍ ജ്യൂസ്’ എന്ന അമേരിക്കന്‍ ഡാര്‍ക്ക് ഫാന്റസിയാണ് മോണിക്കയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഇന്ന് തന്റെ അറുപതിലും ഏറെ ആരാധകരുളള ഗ്ലാമറസ് ക്വീനാണവര്‍.

മോണിക്ക ബെലൂച്ചിയോടുള്ള ആരാധന ആദ്യ ഗാനരംഗത്തിന്റെ പേരായും പിന്നീട് പാട്ടിലെ വരികളായും പൂജ ഹെഡ്‌ഗെ അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേരായും നല്‍കുകയായിരുന്നു. ചുമന്ന റെട്രോ സ്‌റ്റൈല്‍ വേഷത്തിലുള്ള പൂജയുടെ ചുവടുവെപ്പിന് അനിരുദ്ധിന്റെ വെസ്റ്റേൺ ബീറ്റുകൂടി ആയപ്പോള്‍ സംഗതി വൈറലായി. ചുമന്ന വസ്ത്രങ്ങളുടെയും ഗ്ലാമറിന്റെയും പര്യായമായ മോണിക്കയോടുള്ള വിഷ്വല്‍ ട്രീറ്റായാണ് ഗാനരംഗത്തില്‍ ചുമന്ന വസ്ത്രം പോലും ഉപയോഗിച്ചിരിക്കുന്നത്. കൂട്ടത്തില്‍ സൗബിന്റെ തകര്‍പ്പന്‍ ഡാന്‍സും  കൈയടി നേടി.

“ഞാനും അനിരുദ്ധും മോണിക്ക ബെലൂച്ചിയുടെ ആരാധകരാണെന്നും മലേന എന്ന സിനിമ  ചെറുപ്പക്കാര്‍ക്കിടയിലുണ്ടാക്കിയ ആരാധന ഇന്നും നിലനില്‍ക്കുന്നു’’വെന്നും ലോകേഷ് പറഞ്ഞു.

സണ്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ പുറത്തിറക്കുന്ന ചിത്രത്തിലെ ഗാനം ഹിന്ദി, തമിഴ്, തെലുഗു  ഭാഷകളില്‍ റീലിസ് ചെയ്തു. ആഗസ്റ്റ് 14-ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, ശ്രുതിഹസന്‍, സത്യരാജ് തുടങ്ങിയവര്‍ക്കൊപ്പം ആമിർ ഖാനും അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi