46 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. രജനികാന്തും, കമല്‍ഹാസനുമാണ് ഒരുമിച്ച് നായകന്മാരാകുന്ന പുതിയ സിനിമയുടെ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജായിരിക്കും ഇരുവരും ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുക. ഏറെക്കാലമായി ഇരുവരും ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പലവേദികളിലും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അതിനുയോജിച്ച ഒരുകഥ ഇല്ലാത്തതും മറ്റ് സിനിമകളുടെ തിരക്കുകളില്‍പ്പെട്ടതുമായിരുന്നു അതിന് തടസ്സം. എന്നാല്‍ ഇരുവരെയും നായകന്മാരാക്കി സിനിമ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് രണ്ടുപേര്‍ക്കും മികച്ച പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള ഒരുകഥാതന്തു പങ്കുവച്ചതോടെയാണ് പുതിയ പ്രതീക്ഷകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' സമ്മിശ്ര പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മുന്‍ ലോകേഷ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ചിത്രം എത്തിയില്ലെന്നതാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
ലോകേഷ് കനകരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിയുടെ രണ്ടാം ഭാഗമാണ് അദ്ദേഹം അടുത്തതായി സംവിധാനം ചെയ്യാനിരുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്‍ത്തി നായകനാകുന്ന കൈതി 2 ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാനാകുമെന്ന് ലോകേഷ് പ്രതീക്ഷ പങ്കുവച്ചിരുന്നു. എന്നാല്‍ കൂലിക്ക് പ്രതീക്ഷിച്ച പ്രതികരണം തിയേറ്ററില്‍ നിന്ന് കിട്ടാതെ വന്നതോടെ കൈതി-2 കഥയില്‍ ചില മാറ്റങ്ങള്‍ ലോകേഷ് വരുത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൈതി-2 വുമായി ബന്ധപ്പെട്ട് ലോകേഷിന്റെ ശമ്പളത്തെ ചൊല്ലി അവസാനതീരുമാനമാക്കാത്തതാണ് ചിത്രം നീണ്ടുപോകാന്‍ കാരണമെന്നും പറയപ്പെട്ടു. 75 കോടിരൂപയായിരുന്നു ലോകേഷിന് കൈതി-2 നിര്‍മാതാക്കള്‍ ശമ്പളമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ കൂലി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതെ വന്നതോടെ ശമ്പളം കുറയ്ക്കാന്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ അവസാനതീരുമാനം ആകാത്തതോടെ ചിത്രം പ്രതീക്ഷിച്ചതില്‍ നിന്നും മുന്നോട്ടുപോകുമെന്ന് സിനിമാവൃത്തങ്ങള്‍ സൂചന നല്‍കുന്നു.
കമല്‍ഹാസന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ 'വിക്രം' സമ്മാനിച്ച ലോകേഷ് അതിനിടയില്‍ കമല്‍-രജനി ചിത്രത്തിന് പറ്റിയൊരുകഥ കമലിനോട് പങ്കുവച്ചിട്ടുണ്ട്. കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍ ഒരുമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരിക്കും ഇതിവൃത്തമെന്നാണ് സൂചന.
1975-ല്‍ ‘അപൂര്‍വ്വ രാഗങ്ങള്‍’ എന്ന ചിത്രത്തിലാണ് കമല്‍-രജനീ ടീം ആദ്യമായി ഒന്നിച്ചത്. ഇതിന് 21 സിനിമകള്‍ ഇരുവരും ഒന്നിച്ച് ചെയ്തു. രണ്ടുപേരും വലിയ താരങ്ങളായി വളര്‍ന്നതോടെ പിന്നീട് അത്തരം സിനിമകള്‍ സംഭവിച്ചില്ല.
സൂപ്പര്‍ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാംഭാഗമായ ജയിലര്‍-2 വിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. അതേസമയം സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല്‍ഹാസന്‍ അടുത്തതായി ചെയ്യുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi
Content Highlights: Superstars Rajinikanth and Kamal Haasan may team up for a Lokesh Kanagaraj film after 46 years! Get the exciting details here.
Published: 19 Aug 2025, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented