പോപ്പ് രാജാവ് മൈക്കിൾ ജാക്‌സന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള സിനിമ 'മൈക്കിൾ'-ന്റെ ട്രെയിലർ പുറത്തിറങ്ങി. ആരാധകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ട്രെയിലർ എത്തിയത്. റിലീസായി ആറുമണിക്കൂർ കൊണ്ട് മൂന്നുകോടിക്കടുത്ത് ആളുകളാണ് ട്രെയിലർ കണ്ടത്.

മൈക്കിൾ ജാക്‌സന്റെ ജീവിതത്തിലെ തിളക്കമാർന്ന ഏടുകൾ സിനിമയിലുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. വിവാദപരമായ സംഭവങ്ങളും അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങളുമൊന്നും സിനിമയിൽ ഇടംപിടിച്ചിട്ടില്ലെന്നും വാർത്തകളുണ്ട്. എന്നാൽ പൂർണമായും ജാക്‌സനെ ശുദ്ധീകരിക്കാനല്ല തങ്ങളുടെ ശ്രമമെന്ന് നിർമാതാക്കളിലൊരാളായ ഗ്രഹാം കിങ് പറയുന്നു. ജാക്സനെതിരായ ബാല ലൈംഗിക പീഡനാരോപണങ്ങളും തിരക്കഥയിൽ ഉൾപ്പെടുന്നു. ഏറ്റവും ആകർഷകവും പക്ഷപാതരഹിതവുമായി കഥ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം, അദ്ദേഹത്തെ ശുദ്ധീകരിക്കാനല്ല''.

അന്റോയ്ൻ ഫുക്വയാണ് സംവിധാനം ചെയ്യുന്നത്. ജോൺ ലോഗനാണ് തിരക്കഥാകൃത്ത്. ജാക്‌സന്റെ മകൾ പാരിസ് സിനിമയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സിനിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിതാവിന്റെ ആരാധകരിൽ ഒരുവിഭാഗത്തെ മാത്രം സന്തോഷിപ്പിക്കുന്ന തരത്തിലാണ് ഈ സിനിമ നിർമിക്കുന്നതെന്നും അന്ന് പാരിസ് പറഞ്ഞിരുന്നു.

നവംബർ 2019-ലാണ് സിനിമയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. നിയമപരവും നിർമ്മാണപരവുമായ ഒട്ടേറെ വെല്ലുവിളികൾ കാരണം വർഷങ്ങളോളം വൈകി. മെയ് 2024-ൽ ചിത്രീകരണം പൂർത്തിയായി. ഏപ്രിൽ 2025-ൽ റിലീസാവുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടത് ഒക്ടോബറായി. എന്നാൽ ചില ഭാഗങ്ങൾ റീഷൂട്ട് ചെയ്യേണ്ടിവന്നതിനാൽ വീണ്ടും റിലീസ് തീയതി മാറ്റേണ്ടിവന്നു. 2026 ഏപ്രിലിലാണ് സിനിമ തിയേറ്ററുകളിലെത്തുക.

നായകനായി സഹോദരപുത്രൻ
മൈക്കിൾ ജാക്‌സന്റെ സഹോദരപുത്രൻ ജാഫർ ജാക്‌സനാണ് സിനിമയിൽ പോപ്പ് ഇതിഹാസത്തിന്റെ വേഷം അവതരിപ്പിക്കുന്നത്. ട്രെയിലറിൽ ജാക്‌സന്റെ ഐക്കോണിക് വസ്ത്രങ്ങളും സിഗ്നേച്ചർ സ്‌റ്റെപ്പുകളുമായിട്ടാണ് ജാഫർ എത്തുന്നത്. ജാഫർ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയാണിത്.

ഗായകനും ഡാൻസറും കൂടിയാണ് ജാഫർ. 12-ാം വയസ്സിലാണ് നൃത്തവും പാട്ടും സീരിയസായെടുക്കുന്നത്. 2019-ൽ ജാഫർ തന്റെ ആദ്യത്തെ സിംഗിൾ ആൽബം പുറത്തിറക്കി. രണ്ടുവർഷത്തെ കാസ്റ്റിങ്ങിനുശേഷമാണ് ജാഫറിനെ നായകനാക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi