കുറച്ചുദിവസം മുമ്പാണ് ടെയ്‌ലർ സ്വിഫ്റ്റും ഫുട്‌ബോളർ ട്രാവിസ് കെൽസിയും എൻഗേജ്ഡ് ആയ വിവരം പുറത്തുവിട്ടത്. അതിനൊപ്പം സോഷ്യൽമീഡിയയിലൂടെ ചിത്രങ്ങളും പുറത്തുവിട്ടു.

ട്രാവിസ് മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തുന്നതും, മോതിരമണിഞ്ഞുനിൽക്കുന്ന ടെയ്ലർ സ്വിഫ്റ്റിന്റെ ചിത്രങ്ങളുമെല്ലാം അതിലുണ്ട്. 'നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു' എന്നാണ് ചിത്രങ്ങൾക്ക് അവരിട്ട ക്യാപ്ഷൻ.

ഉടനെ തന്നെ അവർ വിവാഹിതരാവുമെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. എന്നാൽ, അങ്ങനെയല്ലെന്നാണ് അവരോടടുത്ത വൃത്തങ്ങൾ പറയുന്നത്. ''മോതിരം കൈമാറിയതോടെ അവർ ആഘോഷത്തിന്റെ മൂഡിലാണ്. എന്നാൽ, വിവാഹം ഇപ്പോഴൊന്നും അവരുടെ ചിന്തയിലില്ല'', പേര് പുറത്തുപറയാത്ത ആ വ്യക്തി പറയുന്നു.

''വിവാഹനിശ്ചയം കഴിഞ്ഞ കാര്യം അവർ ആസ്വദിക്കുന്നു. ഇനി തങ്ങളുടെ പ്രണയം രഹസ്യമായി സൂക്ഷിക്കേണ്ടതില്ലെന്നത് അവർക്ക് ആശ്വാസം പകരുന്നുണ്ട്. അത് പരസ്യമായതിൽ അവർ സന്തോഷിക്കുന്നു''.

രണ്ടുവർഷത്തെ പ്രണയത്തിനുശേഷമാണ് അവർ തങ്ങളുടെ ബന്ധത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. 2013 സെപ്റ്റംബറിൽ ട്രാവിസിന്റെ മാച്ച് കാണാൻ ടെയ്‌ലർ എത്തി. അന്നുമുതൽ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അടുത്ത മാസം ഒരു പാർട്ടിയിൽ പങ്കെടുത്തശേഷം ഇരുവരും കൈകോർത്ത് നടന്നത് പ്രണയവാർത്തകൾക്ക് ഊർജം പകർന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi