
സിനിമകൾ ഭാഷകളും അതിരുകളും ഭേദിച്ച്, ആസ്വാദനത്തിന്റെ മറ്റൊരു തലം തേടുന്ന തിരക്കിലാണ്. കുറച്ചുനാൾ മുമ്പ് അല്ലു അർജുൻ സിനിമകൾ മാത്രമായിരുന്നു നമുക്ക് പരിചയം. ഇന്നതെല്ലാം മാറി, പാൻ ഇന്ത്യൻ ചിത്രങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം സ്വീകാര്യത നേടുന്നു. 'മാർക്കോ'യും 'എമ്പുരാനു'മെല്ലാം ഉത്തരേന്ത്യയിലും ചർച്ച ചെയ്യപ്പെടുന്നതും അതുകൊണ്ടുതന്നെ. താരങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഒരു ഭാഷയിൽ ഒതുങ്ങിനിൽക്കാത്ത, വിശാലമായ ആകാശമാണ് അവർക്കുമുള്ളത്. മലയാളത്തിൽനിന്ന് ബോളിവുഡ് വരെയെത്തിയ താരങ്ങളെ പരിചയപ്പെടാം.
പഴയകാലനടി പദ്മിനി മുതൽ കീർത്തി സുരേഷ് വരെ തുടരുന്ന താരങ്ങൾ. തിരുവിതാംകൂർ സഹോദരിമാരിലൊരാളായ പദ്മിനി. മലയാളത്തിനുപുറമെ തമിഴ്, തെലുഗു, റഷ്യൻ ഭാഷകളിൽ വരെ അഭിനയിച്ചിട്ടുണ്ട്, ഭരതനാട്യം നർത്തകി കൂടിയായ അവർ. രാജ് കപൂറിന്റെ സ്വപ്‌നസിനിമയായ 'മേരാ നാം ജോക്കർ', മിസ്റ്റർ സമ്പത്ത്, പർദേസി, സിംഗപൂർ, ജിസ് ദേശ് മേം ഗംഗ ബെഹ്തി ഹെ, ബിന്ദിയ, കാജൽ, മസ്താന ഉൾപ്പെടെ 20-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പദ്മിനി.
1969-ൽ റിലീസായ 'സാഥ് ഹിന്ദുസ്ഥാനി' എന്ന സിനിമയിലൂടെയാണ് മധു ബോളിവുഡിലെത്തിയത്. അമിതാഭ് ബച്ചന്റെ അരങ്ങേറ്റസിനിമ കൂടിയായിരുന്നുവത്. മധുവാണെങ്കിൽ മലയാളത്തിലെ പ്രധാനതാരവും. സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും അധികം അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയില്ല. അതിനെക്കുറിച്ച് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ, ''ആ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് 35 വയസ്സായിരുന്നു. ആ സമയത്ത് നായകനായി തുടങ്ങുകയെന്നത് അത്ര എളുപ്പമല്ല. കാരക്ടർ റോളുകളോ വില്ലൻ കഥാപാത്രങ്ങളോ ചെയ്യാമായിരുന്നു. അത് മലയാളിപ്രേക്ഷകർക്ക് ഇഷ്ടപ്പെടണമെന്നുമില്ല. പിന്നെ ഞാൻ അത്യാവശ്യം നല്ല തിരക്കിലായിരുന്നു ആ സമയത്ത്''. അതുകഴിഞ്ഞ് 'ചകാചക്' ഉൾപ്പെടെ രണ്ടുസിനിമകളിൽ കൂടി അദ്ദേഹം അഭിനയിച്ചു.
ബാബു ആന്റണിയുടെ ആദ്യ ബോളിവുഡ് ചിത്രം 1988-ൽ പുറത്തിറങ്ങിയ 'ഹത്യ'യാണ്. 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണത്. തമിഴ്, തെലുഗു, കന്നഡ ഭാഷകൾക്കുപുറമെ ബോളിവുഡിലേക്കും സിനിമ റീമേക്ക് ചെയ്യുകയായിരുന്നു. അതിലെല്ലാം ബാബു ആന്റണി അഭിനയിക്കുകയും ചെയ്തു. നായക്: ദ റിയൽ ഹീറോ, ഏക് ദിവാനാ ഥാ എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

17 ബോളിവുഡ് സിനിമകളിലാണ് രേവതി അഭിനയിച്ചത്. 1991-ൽ പുറത്തിറങ്ങിയ 'ലവ്വി'ലൂടെയായിരുന്നു അരങ്ങേറ്റം. അതിൽ സൽമാൻ ഖാന്റെ നായികയായിട്ടാണ് എത്തിയത്. പിന്നീട് രാത്, മുസ്‌കുരാഹത്, ധൂപ്, തർപൺ, 2 സ്റ്റേറ്റ്‌സ്, മേജർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2023-ലിറങ്ങിയ സൽമാൻ ചിത്രം 'ടൈഗർ 3'യിലും രേവതിയുണ്ട്. ഒരുപാട് അംഗീകാരങ്ങൾ നേടിയ 'ഫിർ മിലേംഗെ' ഉൾപ്പെടെ മൂന്ന് ബോളിവുഡ് സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ശോഭനയുടെ ആദ്യ ബോളിവുഡ് സിനിമ 'സ്വാമി വിവേകാനന്ദ' (1998)യാണ്. അതിൽ നർത്തകിയായ കഥാപാത്രമാണ്. അതുകഴിഞ്ഞ് അപ്‌നാ ആസ്മാൻ, മേരെ ബാപ് പെഹ്‌ലെ ആപ് എന്നീ സിനിമകളിലും ശോഭന പ്രത്യക്ഷപ്പെട്ടു.
1993-ലാണ് മമ്മൂട്ടി ആദ്യ ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നത്. 'ധർതിപുത്ര' എന്നാണതിന്റെ പേര്. പിന്നീട്, 'സോ ജൂത്ത് ഏക് സച്ച്' എന്ന സിനിമയിലും അഭിനയിച്ചു. രണ്ടിലും പോലീസ് ഓഫീസറായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. 'സ്വാമി വിവേകാനന്ദ'യിൽ അതിഥിവേഷത്തിലെത്തി.

അസിൻ 14 വർഷം മാത്രമാണ് സിനിമയിലുണ്ടായിരുന്നത്. പിന്നീട് വിവാഹം കഴിഞ്ഞ് അഭിനയത്തോട് വിടപറയുകയും ചെയ്തു. അതിനിടയിൽ തമിഴ്, തെലുഗു, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. അവരുടെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നാണ് 'ഗജിനി'യിലെ കൽപന. സിനിമയുടെ തമിഴ്-ഹിന്ദി പതിപ്പുകളിലും അസിൻ തന്നെ നായികയായി. അവരുടെ ബോളിവുഡ് അരങ്ങേറ്റചിത്രവും 'ഗജിനി' തന്നെ. ആമിർ ഖാൻ ചിത്രത്തിൽ നായകനായി. അതുകഴിഞ്ഞ് ഹൗസ്ഫുൾ 2, ഖിലാഡി 786, ബോൽ ബച്ചൻ, ലണ്ടൻ ഡ്രീംസ്, ഓൾ ഈസ് വെൽ തുടങ്ങിയ സിനിമകളിലും അസിൻ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. സൽമാൻ ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, അഭിഷേക് ബച്ചൻ തുടങ്ങിയ മുൻനിരതാരങ്ങളുടെ നായികയായി.
'കമ്പനി' (2002) എന്ന രാംഗോപാൽ വർമ ചിത്രത്തിലൂടെയാണ് മോഹൻലാലിന്റെ ബോളിവുഡ് അരങ്ങേറ്റം. തുടർന്ന്, രാംഗോപാൽ വർമയുടെ തന്നെ 'ആഗി'ൽ അഭിനയിച്ചു. 'തേസി'ൽ അതിഥിവേഷത്തിലായിരുന്നു മോഹൻലാൽ. 'ബറോസി'ന്റെ ഹിന്ദി ട്രെയിലർ ലോഞ്ചിനായി മുംബൈയിലെത്തിയപ്പോൾ ബോളിവുഡിലെ അഭിനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ മോഹൻലാലിനോട് ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ, ''കുറച്ച് ഹിന്ദി സിനിമകളിൽ നേരത്തെ അഭിനയിച്ചിട്ടുണ്ട്. എന്റെ കുറേ മലയാളംസിനിമകളിൽ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തിട്ടുമുണ്ട്. ഹിന്ദിയിൽനിന്ന് നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ഇനിയും തീർച്ചയായും ഞാൻ അഭിനയിക്കും. ഞാൻ അഭിനേതാവാണ്. അതിന് ഭാഷയൊന്നും പ്രശ്‌നമല്ല''.

പൃഥ്വിരാജ് എന്ന പേര് ഇന്ന് ഉത്തരേന്ത്യക്കാർക്കിടയിൽ ഏറെ പരിചിതമാണ്. റാണി മുഖർജിയുടെ നായകനായി 'അയ്യ' (2012) എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിൽ തുടക്കമിട്ടത്. തൊട്ടടുത്തവർഷം പുറത്തിറങ്ങിയ 'ഔറംഗസേബി'ലൂടെ പൃഥ്വി കൂടുതൽ പ്രശംസ പിടിച്ചുപറ്റി. നാം ഷബാന, അക്ഷയ് കുമാറിന്റെ 'ബഡേ മിയാ ഛോട്ടേ മിയാ' എന്നീ സിനിമകളിലും പൃഥ്വി അഭിനയിച്ചു. 'ബഡേ മിയാ ഛോട്ടേ മിയാ' സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിൽ അക്ഷയ് കുമാർ പൃഥ്വിരാജിനെ പ്രശംസിക്കുകയും ചെയ്തു. ''ഞാൻ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടാവാം. എന്നാൽ, അതിനർത്ഥം നിങ്ങളേക്കാൾ നല്ല നടനാണെന്നല്ല. നിങ്ങളാണ് കൂടുതൽ നല്ല അഭിനേതാവ്''. ഷൂട്ടിങ് സമയത്ത് പൃഥ്വിരാജിൽനിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ പറ്റിയെന്നും അക്ഷയ് കൂട്ടിച്ചേർത്തു.
'കാർവാൻ' (2018) എന്ന റോഡ്-കോമഡിയിലൂടെയാണ് ദുൽഖർ സൽമാൻ ബോളിവുഡിലേക്കെത്തുന്നത്. ദ സോയ ഫാക്ടർ, ചുപ് എന്നീ സിനിമകളിലും അഭിനയിച്ചു. 'ദ സോയ ഫാക്ടറി'ൽ സോനം കപൂറിന്റെ നായകനായി ദുൽഖർ. 'ചുപ്' എന്ന സിനിമയോടനുബന്ധിച്ചുള്ള പത്രസമ്മേളനത്തിൽ ദുൽഖർ ബോളിവുഡ് അഭിനയത്തെക്കുറിച്ചും സംസാരിച്ചു, ''ഓരോ സിനിമയും അതുല്യവും വ്യത്യസ്തവുമാക്കണമെന്നാണ് എന്റെ ആഗ്രഹം. ഒരു ഹിന്ദിസിനിമയിൽ അഭിനയിക്കുമ്പോൾ അത് പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവമാക്കണമെന്നതാണ് എന്റെ ആഗ്രഹം. ഒരു നല്ല അഭിനേതാവായി എന്നും ആളുകളുടെ മനസ്സിലുണ്ടാവണം''.
പാർവതി തിരുവോത്ത് ബോളിവുഡിലെത്തുന്നത് 'ഖരീബ് ഖരീബ് സിംഗിൾ' (2017) എന്ന സിനിമയിലൂടെയാണ്. ഇർഖാൻ ഖാൻ ആണ് നായകനായത്. പിന്നീട്, 'കടക് സിങ്' എന്ന സിനിമയിലും അഭിനയിച്ചു. നിത്യ മേനൻ ആകെ ഒരു ബോളിവുഡ് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. 2019-ൽ പുറത്തിറങ്ങിയ 'മിഷൻ മംഗൾ'. 'ഖരീബ് ഖരീബ് സിംഗിൾ' എന്ന സിനിമയിലൂടെ ഇർഫാൻ ഖാന്റെ നായികയായി പാർവതി തിരുവോത്ത് ഹിന്ദിയിലെത്തി. അതിലെ ജയ എന്ന കഥാപാത്രം അവർക്കേറെ പ്രശംസ നേടിക്കൊടുത്തു.

'ബേബി ജോൺ' എന്ന സിനിമയിലൂടെ ബോളിവുഡിൽ കീർത്തി സുരേഷ് അരങ്ങേറ്റം കുറിച്ചത് ഈയിടെയാണ്. 'തെരി' എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'ബേബി ജോൺ'. വരുൺ ധവാനാണ് നായകനായത്. എന്നാൽ, ചിത്രം ബോക്‌സോഫീസിൽ അത്ര ഓളമുണ്ടാക്കിയില്ല.
'ചോക്ഡ് '(2020), നെറ്റ്ഫ്‌ളിക്‌സ് റിലീസായ 'ഡാർലിങ്‌സ്' (2021), ഉൽഛ (2024) എന്നിവയാണ് റോഷൻ മാത്യുവിന്റെ ബോളിവുഡ് ചിത്രങ്ങൾ. പ്രിയദർശൻ ചിത്രങ്ങളിലൂടെ ബോളിവുഡിലെത്തിയവരാണ് ഗീത വിജയൻ (സാത്ത് രംഗ് കെ സപ്‌നെ), സുകുമാരി (കഭി ന കഭി), ഇന്നസെന്റ് (ഡോളി സജാ കെ രഖ്‌നാ, മാലാമാൽ വീക്ക്‌ലി), നന്ദു (ഡോളി സജാ കെ രഖ്‌നാ, ഹംഗാമ), ജഗദീഷ് (ഹംഗാമ, ബില്ലു ബാർബർ), ബാബുരാജ് (ഹൽച്ചൽ), സോനാ നായർ (മാലാമാൽ വീക്ക്‌ലി), വിനീത് (ഭൂൽ ഭുലയ്യാ) തുടങ്ങിയ താരങ്ങൾ.
Content Highlights: from madhu to keerthy suresh malayalam actors acted in bollywood movies
Published: 26 Mar 2025, 01:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented