പുതിയ റോളിൽ സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. ഇത്തവണ നായകനായിട്ടാണ് അദ്ദേഹമെത്തുന്നത്. അദ്ദേഹം നായകനാവുന്ന 'ഡിസി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റിൽ വീഡിയോയും സോഷ്യൽമീഡിയയിലൂടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വാമിഖ ഗബ്ബിയാണ് നായിക. 

മുടിയും താടിയും നീട്ടിവളർത്തി ദേവ്ദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. മുഖത്തും കൈകളിലും നിറയെ രക്തവുമായി, കൈയിൽ കത്തിയുമേന്തി, പരുക്കൻരൂപത്തിലുള്ള ദേവ്ദാസ്. അരുൺ മാഥേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്.

ഇളയരാജയുടെ ആത്മകഥാപരമായിട്ടുള്ള സിനിമയായിരിക്കും അരുൺ മാഥേശ്വരൻ അടുത്തതായി സംവിധാനം ചെയ്യുകയെന്നായിരുന്നു പറയപ്പെട്ടിരുന്നത്. ഒക്ടോബറിലാണ് സിനിമയുടെ പ്രാരംഭഘട്ട ഷൂട്ടിങ് തുടങ്ങിയത്. സംഗീതസംവിധാനം അനിരുദ്ധ് ചന്ദ്രശേഖറാണ് നിർവഹിക്കുന്നത്. 2026-ൽ ചിത്രം തിയേറ്ററുകളിലെത്തും.

ഈ വർഷം ജൂലായിൽ ലോകേഷ് തായ്‌ലന്റിൽ പോയത് വാർത്തയായിരുന്നു. മാർഷ്യൽ ആർട്‌സ് പഠിക്കാനാണ് അദ്ദേഹം തായ്‌ലന്റിലെത്തിയതെന്നായിരുന്നു വാർത്തകൾ. ആദ്യമായി നായകനാവാനുള്ള തയ്യാറെടുപ്പുകളുടെ മുന്നോടിയായിട്ടാണിതെന്നും റിപ്പോർട്ടുകൾ വന്നു. 'കൂലി'യൂടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടെയായിരുന്നു ലോകേഷ് വിദേശത്തേക്ക് പറന്നത്.

വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളായ 'മാസ്റ്ററി'ലാണ് ലോകേഷ് ആദ്യമായി അഭിനയിച്ചത്. അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ അതിഥിവേഷത്തിലാണ് ലോകേഷ് എത്തിയത്. 'സിംഗപ്പൂർ സലൂൺ' എന്ന ചിത്രത്തിലും അതിഥിതാരമായി.
 

രജനീകാന്തിന്റെ 'കൂലി'യാണ് ലോകേഷ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2025-ൽ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണംവാരിയ പടങ്ങളിലൊന്നായി മാറിയിരുന്നു 'കൂലി'. 'ബെൻസ്' ആണ് ലോകേഷിന്റെ അടുത്തതായി പുറത്തിറങ്ങുന്ന സിനിമ. അതിൽ തിരക്കഥയാണ് അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. രാഘവ ലോറൻസ്, സംയുക്ത തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. രജനീകാന്തും കമൽഹാസനും ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഒരുമിക്കുന്ന ചിത്രമാണ് ലോകേഷിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം. 'ഡിസി'യുടെ ഷൂട്ടിങ് കഴിഞ്ഞാൽ 'കൈതി 2'ന്റെ ഷൂട്ടിങ്ങിലേക്ക് ലോകേഷ് പോവുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi