സിറ്റി സ്റ്റോപ്പിൽ നിന്ന് രണ്ടാം ഗേറ്റും കടന്ന് മുന്നോട്ട് നടന്നാൽ റോഡ് നീളുന്നത് ബീച്ചിലേക്കാണ്, കോഴിക്കോട് ജില്ലാ കോടതി പിന്നിട്ടാൽ പിന്നെ വഴിക്കിരുവശവും ഉയർന്നുനിൽക്കുന്ന കച്ചവടകേന്ദ്രങ്ങൾക്ക് പൗരാണിത ടച്ചുണ്ട്, കടലിരമ്പം കേൾക്കുന്ന ദിശയിലേക്ക് പോകുന്ന വഴിയെ നമ്മെ നൊസ്റ്റാൾജിയയുടെ ഒരുകാറ്റ് വന്ന് പൊതിയും, 1980'S നിന്നു പുറപ്പെടുന്ന ആ കാറ്റിന് കഴിഞ്ഞുപോയ കാലത്തിന്റെ ഒരുപാട് കഥകളും പറയാനുണ്ടായിരുന്നു, ഒപ്പം നല്ല രുചിയുള്ള കിസയും. കാറ്റ് വന്ന് വിളിച്ചത് പാണ്ടികശാലയുടെ പ്രൗഡിയുള്ള 1980'ട എന്ന ഹോാട്ടലിനുള്ളിലേക്കാണ്. ഉള്ളിൽ കയറി കസേരമേല് കുത്തിയിരുന്നു. താമസിച്ചില്ല കൈയിൽ പിടിച്ച സുലൈമാനിയുമായി മെല്ലെ മലയാളികളുടെ അർണോൾഡ് ഷ്വാസ്‌നെഗർ മുന്നിൽവന്നിരുന്നു, സിനിമയിൽ 45 വർഷത്തിന്റെ നിറവിൽ നിൽക്കുന്ന മൈക്കിളപ്പന്റെ സ്വന്തം ശിവൻകുട്ടി, നടൻ അബുസലീം. സുലൈമാനി ഊതി ഊതി കുടിച്ചുകൊണ്ട് അബുക്കയുടെ കഥകളുടെ വണ്ടി താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് കയറി.... 

ചുരം കയറിയ സിനിമ

ചുരത്തിനപ്പുറം കാഴ്ചകളും ജീവിതങ്ങളുമെല്ലാം മാറും, കാലത്തെ റീവൈൻഡ് അടിക്കുമ്പോൾ കാഴ്ചകളെല്ലാം കറുപ്പിലും വെള്ളയിലും തെളിയും, സിനിമയുടെ വർണപ്രപഞ്ചവും ബോഡിബിൽഡിങ് മത്സരങ്ങളോ ഒന്നും പരിചയമില്ലാതിരുന്നു 70 കളിലെ വയനാട്. കാപ്പിയും തേയിലയും ഏലവും നിറയുന്ന ആ വയനാട്ടിന്റെ ഹൃദയതുടിപ്പിലേക്കാണ്  കുഞ്ഞമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനായി അബു സലീം പിറന്നുവീണത്. സിനിമ സാധ്യതകളൊന്നും തീരെ ഇല്ലാത്ത ഒരുകാലത്ത് വയനാട്ടിൽ നിന്ന് എങ്ങനെ സിനിമയിലേക്ക് എത്തി എന്ന് ചോദിച്ചാൽ അബു സലീം നമ്മളെ കൽപ്പറ വിജയ തിയേറ്ററിന്റെ ഇരുട്ടിലേക്ക് കൂട്ടുവിളിക്കും. ''എല്ലാവരെയും പോലെ എനിക്കും ചെറുപ്പംതൊട്ടെ സിനിമയോട് ഏറെ കമ്പമായിരുന്നു. സ്‌കൂൾ കാലഘട്ടത്തിലെ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുന്നത് പതിവായിരുന്നു. പക്ഷേ സിനിമ കാണാൻ പോയാൽ അടി കിട്ടുന്ന കാലമായിരുന്നു അത്. എന്റെ ചെറുപ്പകാലത്ത് കൽപ്പറ്റയിൽ രണ്ട് സിനിമ തിയേറ്ററുകളാണ് ഉള്ളത്. വിജയ ടാക്കീസും അനന്തപത്മയും. അതിൽ വിജയ ടാക്കീസിൽ ഭൂരിഭാഗവും പ്രദർശനത്തിനെത്തുന്നത് തമിഴ് സിനിമകളായിരുന്നു. കാരണം തോട്ടം മേഖലയായതിനാൽ ഒരുപാട് തമിഴ് തൊഴിലാളികളുണ്ടായിരുന്നു. ഇവരെ ലക്ഷ്യംവച്ചാണ് തമിഴ് സിനിമകൾ റിലീസ് ചെയ്യുന്നത്. അവിടെ ചെന്ന് തമിഴ് സിനിമകൾ കണ്ടശേഷം വീട്ടിൽ വന്ന് ശിവാജി ഗണേശനടക്കമുള്ള താരങ്ങളെ അനുകരിക്കാൻ ശ്രമിക്കും. സ്‌കൂൾ കാലത്ത് ചെറിയ കലാപ്രവർത്തനങ്ങൾ നടത്തി എന്നതല്ലാതെ സിനിമയിലെത്തും മുമ്പേ വേറൊരു അഭിനയപാരമ്പര്യവും ഇല്ല. ആഗ്രഹം കൊണ്ട് സിനിമ നടനായി മാറിയൊരാളാണ് ഞാൻ. 1977ൽ മണിസ്വാമി സംവിധാനം ചെയ്ത 'രാജൻ പറഞ്ഞ കഥ' എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. സുകുമാരൻ ആദ്യമായി ഹീറോയായ ചിത്രമാണത്. അന്ന് ആ സിനിമയുടെ ഷൂട്ടിങ് കാണാൻ ചെന്നതായിരുന്നു ഞാൻ. അവിടെ വച്ച് സംവിധായകൻ ഒരുറോളുണ്ട് ചെയ്യുന്നോ എന്ന് ചോദിച്ചു. ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ഓക്കെ പറഞ്ഞു. രാജനെ ഉരുട്ടുന്ന പൊലീസുകാരന്റെ റോളായിരുന്നു അതിലെനിക്ക്. ആ സിനിമ പുറത്തിറങ്ങി തൊട്ടടുത്ത വർഷം 1979 ലാണ് ഞാൻ പൊലീസ് സർവീസിൽ ജോലിക്ക് കയറുന്നത്. ആ സമയത്ത് ഐ.വി.ശശിസാറിന്റെ അങ്ങാടിയിലേക്ക് വിളിവന്നിരുന്നു. എന്നാൽ ട്രെയിനിങ് തിരക്കുകളായതിനാൽ പോവാനായില്ല. '' 

സർക്കസ് കളരി ടു മിസ്റ്റർ ഇന്ത്യ...

മലയാളത്തിന്റെ അർണോൾഡ് എന്ന വിളിപ്പേര് കേരളക്കാർ അബു സലീമിന് വെറുതെ ചാർത്തികൊടുത്ത ഒന്നല്ല. കേരളത്തിന്റെ കായിക ചരിത്രത്തിൽ ബോഡിബിൽഡിങ് മേഖലയിൽ അബു സലീമിന് വലിയൊരിടമുണ്ട്. സിനിമ മോഹത്തിനൊപ്പം തന്നെയാണ് കൗമാരക്കാലത്ത് അബു സലീമിന് ബോഡിബിൽഡിങ്ങിനോടും പ്രേമം തുടങ്ങിയത്. ''അന്ന് ഇന്ത്യൻ ന്യൂസ് റിവ്യൂ എന്നൊരു പരിപാടിയുണ്ട്. ഇന്ത്യയിലെ നടന്ന പ്രധാന സംഭവങ്ങളൊക്കെ ചിത്രീകരിച്ച്  പ്രദർശിപ്പിക്കുന്ന സർക്കാർ സംവിധാനമായിരുന്നു അത്. ഫിലിം ഡിവിഷനായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്. അങ്ങനെയൊരു ന്യൂസ് റിവ്യൂ പ്രദർശനത്തിനിടെയാണ് ഞാൻ ആദ്യമായി ബോഡി ബിൽഡേഴ്‌സിന്റെ ഷോ കാണുന്നത്. അത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ആവേശം തോന്നി. ആ കാലത്ത് പവൾമാൾട്ട്, ജീവൻ ടോൺ പോലുള്ള പല ഉത്പന്നങ്ങളുടെ പരസ്യങ്ങളിലും നല്ല മസിലുള്ള ഇന്റർനാഷണൽ മോഡലുകളാണ് അഭിനയിച്ചിരുന്നത്. ആയിടെ ഞങ്ങളുടെ അയൽക്കാരനായൊരു ചേട്ടൻ തൂലികാ മിത്രം വഴി കൊല്ലംക്കാരിയായ ഒരുചേച്ചിയെ വിവാഹം ചെയ്തു. ആ ചേച്ചിയുടെ സഹോദരനാണ് ഒരിക്കൽ സ്വകാര്യസംഭാഷണത്തിനിടെ ബോഡിബിൽഡിങ്ങിന് പറ്റിയ ശരീരമാണ് നിന്റേതെന്ന് പറഞ്ഞത്. അതിൽ പിന്നെ അമ്മിക്കല്ല് വച്ച് ബെന്റ് പ്രസ്,വിങ് പ്രസ്, ഇഷ്ടികവച്ചുള്ള പുഷ് അപ്പ് എന്നിവയൊക്കെ ചെയ്തു തുടങ്ങി. അന്ന് മൂന്ന്  ആഗ്രഹങ്ങളാണ്  ഉണ്ടായിരുന്നത്.  ഒന്ന് അറിയപ്പെടുന്ന ബോഡി ബിൽഡറാകുക, സിനിമ നടനാകുക, പൊലീസിൽ ചേരുക.  അന്ന് വയനാട്ടിൽ ഞങ്ങളുടെ പ്രദേശത്ത് ജിമ്മുകളൊന്നും ഇല്ല. തലശേരിയിൽ പൊലീസായി ജോലി ചെയ്യുന്ന ആദ്യകാലം, അന്ന് സുജാത എഞ്ചിനീയറിങ് വർക്‌സിൽ ഒരു പവിത്രേട്ടനുണ്ട്, പൊലീസ് വണ്ടിയൊക്കെ നന്നാക്കലാണ് മൂപ്പരുടെ തൊഴിൽ. മിസ്റ്റർകേരള മത്സരത്തിൽ റണ്ണറപ്പ് ആയിരുന്നു അദ്ദേഹം. അവിടെ വച്ചാണ് ബോഡിബിൽഡിങിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. വീട്ടിൽ വച്ച് തന്നെയായിരുന്നു അന്നദ്ദേഹം എനിക്ക് പരിശീലനം നൽകിയത്. തലശേരി സർക്കസ് കളരി എന്ന ജിംനേഷ്യത്തിലാണ് ആദ്യമായി ജിമ്മിൽ പോകുന്നത്.  1981 മുതലാണ് മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. ആ വർഷം മിസ്റ്റർ കോഴിക്കോട് ആയി, 82 ൽ മിസ്റ്റർ കേരള, 83 ൽ മിസ്റ്റർ സൗത്ത് ഇന്ത്യ, 84 ൽ മിസ്റ്റർ ഇന്ത്യ എന്നീ നേട്ടങ്ങൾ കൊയ്തു. ദിവസവും ആറ് മണിക്കൂറായിരുന്നു അന്ന് പരിശീലനം. 12 നാടൻ കോഴിമുട്ട, രണ്ട് ലിറ്റർ പശുവിൻ പാൽ, ഒരുകിലോ ഏത്തപ്പഴം, അരക്കിലോ ബീഫ് എന്നിങ്ങനെയായിരുന്നു അന്നത്തെ ഭക്ഷണക്രമം. ഈ സൗകര്യങ്ങളെല്ലാം പൊലീസ് സേനയാണ് നൽകിയത്. പിന്നീടുള്ള വർഷങ്ങളിൽ ഇതിൽ പലനേട്ടങ്ങളും വീണ്ടും ആവർത്തിച്ചു. 1992 ൽ മിസ്റ്റർ ഏഷ്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാനുള്ള ഭാഗ്യവും ലഭിച്ചു. പിന്നീട് ബോഡിബിൽഡിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി എട്ടുവർഷം പ്രവർത്തിച്ചു. ഇപ്പോഴും ദേശീയ മത്സരങ്ങളിൽ വിധികർത്താവാണ്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റാണ്. പൊലീസിൽ നിന്ന് വിശിഷ്ട സേവനത്തിന് സേവാ മെഡൽ ലഭിച്ചിട്ടുണ്ട്. 2012ൽ പൊലീസിൽ നിന്ന് വിരമിച്ച ശേഷം കൽപ്പറ്റ ശുചിത്വമിഷന്റെ ബ്രാൻഡ് അംബാസിഡറാണ്, വനംവകുപ്പിന്റെ ജില്ലാ ഗ്രീൻ അംബാസിഡറാണ്, വയനാട് ജില്ലാ ഇലക്ഷൻ ഐക്കണാണ് അങ്ങനെ നമ്മളെ കൊണ്ട് സാധിക്കുന്ന സാമൂഹ്യ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.  ''

placeholder
അർണോൾഡിനൊപ്പം

സ്വപ്‌ന കണ്ണീർ.... 

ജീവിതത്തിൽ രണ്ടുതവണമാത്രമാണ് അബുസലീം സന്തോഷകണ്ണീർ പൊഴിച്ചത്, ഒന്ന് മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുത്തപ്പോൾ, മറ്റൊന്ന്.. അല്ല, ആ കഥ തുടങ്ങും മുമ്പേ അബു സലീമിന്റെ വാട്‌സ്ആപ്പ് ഡി.പി.യൊന്ന് നോക്കിവരാം. ആ ദിനംതൊട്ട് മാറാതെ കിടക്കുന്ന ആ ഡിപിയിൽ അബുസലീമിനൊപ്പം നിൽക്കുന്നത് സാക്ഷാൽ അർണോൾഡ് ഷ്വാസ്‌നെഗർ തന്നെ..
'' ഞാൻ ജീവിതത്തിൽ കൊണ്ടുനടന്ന ഏറ്റവും വലിയ ആഗ്രഹം ഹോളിവുഡ് താരവും മുൻ മിസ്റ്റർ യൂണിവേഴ്‌സുമായ അർണോൾഡ് ഷ്വാസ്‌നെഗറിനെ നേരിൽ കണ്ട് പരിചയപ്പെടുക എന്നതായിരുന്നു. പലപ്പോഴും അർണോൾഡിനെ നേരിൽ കണ്ട് സംസാരിക്കുന്ന സ്വപ്‌നം കണ്ട് ഞാൻ ഉറക്കത്തിൽ ഞെട്ടിയുണരാറുണ്ട്. എന്റെ ഈ ആഗ്രഹം എല്ലാ സുഹൃത്തുക്കളോടും പറഞ്ഞിട്ടുമുണ്ട്. നടൻ വിക്രം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഇന്ദ്രപ്രസ്ഥം എന്ന സിനിമയുടെ സെറ്റിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്. വർഷത്തിൽ ഒരാഴ്ച അദ്ദേഹം വയനാട്ടിൽ വന്ന് താമസിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനകാര്യങ്ങൾക്കെല്ലാം എന്നെ അതിഥിയായി ക്ഷണിക്കാറുമുണ്ട്. അങ്ങനെ ഒരുദിവസം ആകസ്മികമായി വിക്രം വിളിച്ചു. '' അർണോൾഡിനെ കാണണ്ടേ..?' എന്നായിരുന്നു ആദ്യ ചോദ്യം. വേണം എന്ന് പറഞ്ഞപ്പോൾ ടിക്കറ്റ് അയച്ചിട്ടുണ്ട് അടുത്ത ദിവസം ചെന്നൈയിലേക്ക് പോരാൻ പറഞ്ഞു. വിക്രം നായകനായ 'ഐ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അതിഥിയായി അർണോൾഡ് വരുന്നുണ്ട്. അവിടേക്കാണ് വിക്രം എന്നെ വിളിച്ചത്. ചെന്നൈയിലെത്തി എനിക്ക് പരിചയമുള്ള പൊലീസുകാർ വഴി അന്വേഷിച്ചപ്പോൾ ലീല പാലസിലാണ് അർണോൾഡിന്റെ താമസം. മുഖ്യമന്ത്രി ജയലളിതയുടെ പ്രത്യേക അതിഥി കൂടിയാണ് അർണോൾഡ്. അതുകൊണ്ട് തന്നെ വൻസുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഫ്‌ളൈറ്റ് ഇറങ്ങിയ ശേഷം മുഖ്യമന്ത്രിയെ കണ്ട് ഹോട്ടലിലേക്ക് വരാനായിരുന്നു അർണോൾഡിന്റെ പ്ലാൻ. എന്നാൽ വിമാനം വൈകിയതോടെ ജയലളിതയുമായുള്ള കൂടിക്കാഴ്ച മാറ്റി. നേരെ ഹോട്ടലിലേക്ക് വന്ന അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചു. ലീലയിലെ റസ്റ്റോറന്റിൽ നിന്ന് റിസപ്ക്ഷനിലേക്ക് വരുന്ന വഴിയിൽ ഞാൻ അദ്ദേഹത്തെ കാത്ത് നിന്നു. ഭക്ഷണശേഷം വലിയ സുരക്ഷ സന്നാഹത്തിന്റെ നടുവിൽ അദ്ദേഹം എന്റെ മുന്നിലൂടെ നടന്നുവന്നു. കണ്ടയുടൻ അദ്ദേഹം കൈവീശി വിഷ് ചെയ്തു, വേറെ ആരോടെങ്കിലും ആണോ കൈവീശിയത് എന്ന സംശയത്തിൽ ഞാൻ പിറകിലോട്ട് നോക്കി. എന്നോട് തന്നെയാണെന്ന് മനസ്സിലായതോടെ അടുത്തേക്ക് ചെന്ന് പരിചയപ്പെട്ടു. ബോഡിബിൽഡറാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നെഞ്ചിൽ ഒന്ന് കൈകൊണ്ട് അമർത്തി ' യു ഹാവ് എ ഗുഡ് ബോഡി' എന്ന് പറഞ്ഞു. ശേഷം ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സമ്മതിച്ചു. ഫോട്ടോ എടുക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു. വീണ്ടും കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. ആ ദിവസം മുതൽ എന്റെ വാട്‌സാപ്പിന്റെ ഡി.പി അദ്ദേഹവുമൊത്തുള്ള ഫോട്ടോയാണ്. '' 
 

placeholder
ഭീഷ്മപർവത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം

മച്ചാനേ, സ്വാമി ശരണം... 

വ്യത്യസ്ത ഗെറ്റപ്പുകളിൽ അബു സലീം സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഭീഷ്മപർവത്തിലെ ശിവൻകുട്ടിയുടെ ഗെറ്റപ്പാണ് അവസാനത്തെ ട്രെൻഡ് സെറ്റർ. 1977 ൽ ആദ്യ സിനിമയിൽ അഭിനയിച്ചതിന് ശേഷം പത്ത് വർഷങ്ങൾ കഴിഞ്ഞാണ് അബു സലീം രണ്ടാമതും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. എന്നാൽ പിന്നെ ഒരുമടങ്ങിപ്പോക്ക് ഉണ്ടായിരുന്നില്ല. മലയാള സിനിമ ചരിത്രത്തിനൊപ്പം അയാൾ സഞ്ചരിച്ചു

'"ആദ്യ സിനിമയ്ക്ക് ശേഷം പൊലീസിൽ ജോലി ലഭിച്ചതിനാൽ പിന്നീടുള്ള സിനിമയ്ക്ക് അൽപം കാത്തിരിക്കേണ്ടി വന്നു. 1988 ലാണ് പുരാവൃത്തം എന്ന രണ്ടാമത്തെ സിനിമ ചെയ്തത്. അതും വയനാട്ടിൽ തന്നെയായിരുന്നു ഷൂട്ട്.  ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിഖ്യാത അഭിനേതാവ് ഓംപുരി, മുരളിയേട്ടൻ അടക്കമുള്ളവർ ഉണ്ടായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി സിനിമകൾ ചെയ്തു. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങി ഭാഷകളിലായി 225 സിനിമകളിൽ ഇപ്പോൾ അഭിനയിച്ചിട്ടുണ്ട്.   45 വർഷം സിനിമയിൽ പൂർത്തിയാക്കാൻ എന്നെ സഹായിച്ചത് നല്ല സൗഹൃദങ്ങളും പിന്നെ ഞാൻ അഭിനയത്തോട് കാണിക്കുന്ന ആത്മാർഥതയുമാണ്. എന്നെത്തേടി വരുന്ന കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ അഭിനയിക്കാറുണ്ട്. ആയൊരു സജീവത നിലനിർത്തുന്നത് കൊണ്ടാകാം ഇന്ന് പുതുതലമുറയിലെ സിനിമക്കാർ വരെ അഭിനയിക്കാൻ വിളിക്കുന്നത്. വില്ലൻ കഥാപാത്രങ്ങളാണ് ചെയ്തവയിൽ ഭൂരിഭാഗവും. ഈ വർഷം പുറത്തിറങ്ങി സൂപ്പർഹിറ്റായ ഭീഷ്മപർവത്തിൽ ശിവൻകുട്ടി എന്ന മികച്ചൊരു കഥാപാത്രം ചെയ്യാനായി. മമ്മൂക്ക അവതരിപ്പിച്ച മൈക്കിളപ്പന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആ കഥാപാത്രത്തിന് ഏറെ പ്രശംസയും കിട്ടി. 
ഓരോ കഥാപാത്രം ചെയ്യുമ്പോഴും അതിന്റേതായ റിസ്‌ക്കുണ്ട്. ചില അപകടങ്ങളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അനുഭവങ്ങളുണ്ട്. ഉദാഹരണത്തിന് ചന്ദ്രോത്സവം എന്ന ചിത്രത്തിൽ ആനയ്‌ക്കൊപ്പം ഒരുസീനുണ്ടായിരുന്നു. റിഹേഴ്‌സിൽ നോക്കിയപ്പോൾ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഷൂട്ട് ചെയ്തപ്പോൾ ആന വിരണ്ടു, എന്റെ പിന്നാലെ ഓടി. ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്.  ''

ഒപ്പിന്, കാശ് റെഡി... 

പൊലീസായി വണ്ടി ചെക്കിങിന് നിൽക്കുമ്പോൾ പിടിക്കപ്പെടുന്നവർ ഞാനാണെന്ന് മനസ്സിലായാൽ സിനിമ വിശേഷങ്ങളൊക്കെ ചോദിക്കും. ഞാൻ പൊലീസിലാണെന്ന് അറിയാത്തവർ ഏത് സിനിമയുടെ ഷൂട്ടിങ്ങാണെന്ന് ചോദിക്കും. ഫൈൻ അടിച്ച് കൊടുക്കുമ്പോഴും സന്തോഷത്തോടെ സ്വീകരിക്കും. സാർ ഒപ്പിട്ട് ഫൈൻ രശീതി തന്നാൽ മതി എന്ന് പറയും. അന്ന് നൂറ് രൂപയാണ് ഫൈൻ. സന്തോഷത്തോടെ ഫൈനും അടിച്ച് ഒപ്പ് കിട്ടിയ സന്തോഷത്തിൽ അവർ പോകും. അബു സലീമിനെയും കൊണ്ട് ചെക്കിങിന് പോയാൽ ഫൈൻ അടപ്പിക്കാൻ എളുപ്പമാണെന്ന് മേലുദ്യോഗസ്ഥർ ചിരിച്ചുകൊണ്ട് പറയും. 


വയനാടിന്റെ നൊസ്റ്റു രുചികൾ.... 

വയനാട്ടിലെ വിഐപി ആതിഥേയൻ കൂടിയാണ് അബു സലീം, ചുരം കയറി വരുന്ന സിനിമക്കാരൊന്നും അബുക്കയൂടെ രുചി മുകുളങ്ങളറിയാതെ ചുരമിറങ്ങാറില്ല. ആ രുചിപെരുമയുടെ പാത പിന്തുടർന്നാണ് മകൻ സാനു 1980'S എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചതും. 
' വയനാട്ടിൽ സിനിമയിൽ നിന്ന് ആര് വന്നാലും വീട്ടിൽ കയറാതെ പോകാറില്ല. എന്റെ മകൻ ജനിച്ചത് മുതൽ വീട്ടിൽ അതിഥികൾ വരുന്നതും അവർക്ക് നല്ല ഭക്ഷണം നൽകി സ്വീകരിക്കുന്നതും എല്ലാം കണ്ടാണ് വളർന്നത്. സാനു സലീം എന്നാണ് മകന്റെ പേര്. പഠനമൊക്കെ കഴിഞ്ഞ് അവർ തൊഴിൽ മേഖലയിലേക്ക് കടന്നപ്പോൾ വയനാട്ടിൽ 1980'ട എന്ന പേരിൽ റസ്റ്റോറന്റ് ആരംഭിച്ചു. ഒരു നെസ്റ്റാൾജിക് മൂഡിൽ കലർപ്പും മായമില്ലാതെ ഭക്ഷണംനല്ല ഭക്ഷണം ന്യായമായ വിലയ്ക്ക് നൽകുന്നൊരു ഇടം. നല്ല രീതിയിൽ ജനങ്ങൾ 1980'ട നെ സ്വീകരിച്ചതോടെ അത് രണ്ടാമത്തെ ബ്രാഞ്ച്് കോഴിക്കോട് ആരംഭിച്ചത്. ബീച്ചിനടുത്ത് കോർട്ട് റോഡിൽ പഴയൊരു പാണ്ടികശാല പുതുക്കി പണിതാണ് ഹോട്ടൽ ഒരുക്കിയിരിക്കുന്നത്. ഭാര്യ ഉമ്മക്കുൽസു കോഴിക്കോട് സ്വദേശിയാണ്. മകൾ സബിത, ഭർത്താവ് ആഷിഖ്. അവർക്ക് രണ്ടുമക്കളാണ്. മകൻ സാനു സലീം മരുമകൾ റിസ്വാന പർവീൺ. അവർക്ക് മൂന്ന് കുട്ടികൾ. '' 

സംസാരത്തിനിടെ ഹോട്ടലിലെത്തിയവർ അബു സലീമിനും ചുറ്റും കൂടി തുടങ്ങി,  ബാക്കി വർത്താനങ്ങൾ അടുത്ത കൂടിക്കാഴ്ചയ്ക്ക് മാറ്റിവച്ച് അബൂക്കയെ ആരാധകർക്ക് വിട്ടുകൊടുത്തു.....