2010-ലാണ് ഹൗസ്ഫുൾ സിനിമ പുറത്തിറങ്ങിയത്. അതിനുശേഷം ഈ ഫ്രാഞ്ചൈസിയിൽ അഞ്ച് ഭാഗങ്ങൾ പുറത്തുവന്നെങ്കിലും, സാജിദ് ഖാൻ സംവിധാനം ചെയ്ത ആദ്യത്തെ 'ഹൗസ്ഫുളിനോളം' എത്തിയിരുന്നില്ല. ചിത്രത്തിലെ താരനിര കാഴ്ചവെച്ച സ്വാഭാവികമായ നർമ്മത്തിനും മാന്ത്രികതയ്ക്കും ഒപ്പമെത്താൻ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. ചിത്രം റിലീസായി 16 വർഷം പിന്നിടുമ്പോൾ, സിനിമയിലെ നായികമാരിൽ ഒരാളായ ലാറ ദത്ത, ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ്. ഷൂട്ടിങ്ങിനിടെ ദീപിക പദുകോണിന് മലേറിയ ബാധിച്ചിരുന്നു. സുഖമില്ലാതിരുന്നിട്ടും സിനിമയോട് ദീപിക കാണിച്ച ആത്മാർഥതയെക്കുറിച്ച് സംസാരിക്കുകയാണ് ലാറ.

To advertise here,

ഷൂട്ടിംഗ് സെറ്റിലെ അന്തരീക്ഷത്തെക്കുറിച്ച് ലാറ പറഞ്ഞത് ഇങ്ങനെ: "ഞങ്ങൾ ഇറ്റലിയിലേക്ക് പോയി, ഒരു അവധിക്കാലം ആഘോഷിക്കുന്ന വലിയൊരു കുടുംബത്തെപ്പോലെയാണ് ഞങ്ങൾ അവിടെ കഴിഞ്ഞത്. പ്രൊഡക്ഷൻ സുഗമമായി നടക്കുമ്പോൾ മറ്റ് പ്രശ്നങ്ങളെല്ലാം ഇല്ലാതാകുകയും ജോലി ചെയ്യാൻ അനുയോജ്യമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും."

ദീപികയ്ക്ക് മലേറിയ ബാധിച്ചതിനെക്കുറിച്ച്
"ഹൗസ്ഫുൾ ചിത്രീകരണത്തിനിടയിൽ ദീപികയ്ക്ക് അസുഖം ബാധിച്ച കാര്യം പലർക്കും അറിയില്ല. അവൾക്ക് മലേറിയ ആയിരുന്നു, അവൾ ആകെ തളർന്നുപോയിരുന്നു. ഡോക്ടറെ കാണിക്കുകയും മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ അവൾ ജോലിയിൽ അത്രയേറെ ആത്മാർഥതയുള്ള പ്രൊഫഷണലായിരുന്നു. രാത്രി മുഴുവൻ കടുത്ത പനിയും വിറയലുമായിരുന്നിട്ടും അടുത്ത ദിവസം രാവിലെ കൃത്യസമയത്ത് തന്നെ സെറ്റിൽ എത്തും. കുറേ അഭിനേതാക്കൾ ഉള്ളതിനാലും നിശ്ചിത ഷെഡ്യൂൾ ഉള്ളതിനാലും അവൾക്ക് വരാതിരിക്കാൻ കഴിയുമായിരുന്നില്ല. വൈകാരികമായ രംഗങ്ങളാണ് അന്ന് ഷൂട്ട് ചെയ്തിരുന്നത്".

ദീപിക ആകെ തളർന്നിരിരുന്നെന്നും എന്നിട്ടും ജോലിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ലെന്നും ലാറ കൂട്ടിച്ചേർത്തു.

ഹൗസ്ഫുൾ
സാജിദ് ഖാൻ സംവിധാനം ചെയ്ത ഹൗസ്ഫുളിൽ അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ദീപിക പദുകോൺ, ലാറ ദത്ത എന്നിവരോടൊപ്പം ബോമൻ ഇറാനി, അർജുൻ രാംപാൽ, ലില്ലെറ്റ് ദുബെ തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു. വമ്പൻവിജയമായ ഈ ചിത്രമാണ് ഹൗസ്ഫുൾ പരമ്പരയ്ക്ക് തുടക്കമിട്ടത്. അഭിനേതാക്കളുടെ മികച്ച കോമഡി ടൈമിംഗും പ്രകടനവും ചിത്രം ഏറെ പ്രശംസിക്കപ്പെടാൻ കാരണമായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi