വേനൽക്കാലം നമ്മെ ചുട്ടുപൊള്ളിക്കുകയാണ്. ശരീരത്തിനെന്നപോലെ മുടിയുടെ ആരോഗ്യത്തിനും ഈ വേനൽ ചൂട്, വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കഠിനമായ അൾട്രാവയലറ്റ് (UV) രശ്മികൾ, വിയർപ്പ്, പൊടി, ഈർപ്പം എന്നിവ മുടി കൊഴിച്ചിലിനും മുടി വരണ്ടുപോകാനും കാരണമാകുന്നു. എന്നാൽ ലളിതമായ ചില ശീലങ്ങളിലൂടെ വേനലിലും നിങ്ങളുടെ മുടിയുടെ തിളക്കം നിലനിർത്താം.

To advertise here,

വേനൽക്കാലം മുടിയെ ബാധിക്കുന്നത് എങ്ങനെ?
സൂര്യപ്രകാശം മുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും മുടി പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു. തലയോട്ടിയിലെ വിയർപ്പും മറ്റ് പൊടിപടലങ്ങളും സുഷിരങ്ങൾ അടയാനും തന്മൂലം താരൻ, ചൊറിച്ചിൽ എന്നിവ ഉണ്ടാകാനും ഇടയാക്കുന്നു.

മുടി സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തലയോട്ടി വൃത്തിയായി സൂക്ഷിക്കുക:
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. വിയർപ്പും അഴുക്കും നീക്കം ചെയ്യാൻ ഇത് അത്യാവശ്യമാണ്. മുടി കഴുകാൻ ചൂടുവെള്ളത്തിന് പകരം തണുത്ത വെള്ളമോ അല്ലെങ്കിൽ ഇളം ചൂടുവെള്ളമോ ഉപയോഗിക്കുക.

എണ്ണ തേക്കുന്നത് ഒഴിവാക്കരുത്: വേനലിൽ
തലയിൽ എണ്ണതേക്കുമ്പോൾ കൂടുതൽ ചൂട് അനുഭവപ്പെട്ടേക്കാം. കടുപ്പമുള്ള എണ്ണകൾക്ക് പകരം വെളിച്ചെണ്ണയോ, ബദാം എണ്ണയോ പോലുള്ള ലൈറ്റായ എണ്ണകൾ ഉപയോഗിക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണയിട്ട് മസാജ് ചെയ്യുന്നത്, തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഈർപ്പം നിലനിർത്തുക (Hydration): ഓരോ തവണ ഷാംപൂ ചെയ്ത ശേഷവും കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്. ആഴ്ചയിലൊരിക്കൽ തൈര്, കറ്റാർവാഴ അല്ലെങ്കിൽ തേൻ എന്നിവ ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ മുടിയുടെ മൃദുത്വം നിലനിർത്താൻ സഹായിക്കും.

സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുക: പുറത്തിറങ്ങുമ്പോൾ തൊപ്പി, സ്കാർഫ് അല്ലെങ്കിൽ ദുപ്പട്ട എന്നിവ ഉപയോഗിച്ച് മുടി മറയ്ക്കുക. വെയിൽ കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വിമ്മിംഗ് പൂളിൽ ഇറങ്ങുന്നതിന് മുൻപും ശേഷവും മുടി ശുദ്ധജലത്തിൽ കഴുകുന്നത് ക്ലോറിൻ മൂലമുള്ള കേടുപാടുകൾ കുറയ്ക്കും.

ഹീറ്റ് സ്റ്റൈലിംഗ് കുറയ്ക്കുക: ഹെയർ ഡ്രയർ, സ്ട്രെയ്റ്റനർ എന്നിവയുടെ ഉപയോഗം വേനൽക്കാലത്ത് പരമാവധി കുറയ്ക്കുക. മുടി മുറുക്കിക്കെട്ടാതെ അയഞ്ഞ രീതിയിലുള്ള ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുക.

ഭക്ഷണക്രമം: ധാരാളം വെള്ളം കുടിക്കുക. പഴങ്ങൾ, നട്സ്, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിക്ക് ഉള്ളിൽ നിന്ന് പോഷണം നൽകും. വേനൽക്കാലത്ത് ശരീരത്തിന് നൽകുന്ന പരിചരണവും സംരക്ഷണവും മുടിക്കും അനിവാര്യമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi